ബത്തയിൽ വിജയ് സേതുപതി.
തമിഴകത്തിന്റെ പ്രിയതാരം വിജയ് സേതുപതി പ്രധാന വേഷത്തിലെത്തിയ 'ബത്ത' തിയറ്ററുകളിൽ വിജയകരമായി മുന്നേറുന്നു. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഇന്ത്യൻ ബോക്സ് ഓഫീസിൽനിന്നു പതിനഞ്ചു കോടി രൂപയിലധികം ചിത്രം നേടി.
1986-ലെ ചെന്നൈ നഗരത്തിന്റെ പശ്ചാത്തലത്തിലാണു ചിത്രം ഒരുക്കിയിരിക്കുന്നത്. നാട്ടുകാർ ഭയപ്പെടുന്ന ഒരു ഗുണ്ട അബദ്ധത്തിൽ സ്കൂൾ ടോയ്ലറ്റിൽ പൂട്ടിയിടപ്പെടുന്നതും, തുടർന്ന് എട്ടുവയസുകാരനും ഗുണ്ടയും തമ്മിൽ രൂപപ്പെടുന്ന ബന്ധവുമാണു സിനിമയുടെ ഇതിവൃത്തം. ബാലാജി തരണീധരൻ സംവിധാനം ചെയ്ത ചിത്രം സൂപ്പർ ഹിറ്റ് സംവിധായകൻ ആറ്റ്ലി, പ്രിയ ആറ്റ്ലി, മുറാദ് ഖേതാനി എന്നിവർ ചേർന്നാണ് നിർമിച്ചത്.
വിജയ് സേതുപതിക്കൊപ്പം ലിജോമോൾ ജോസ്, ബാലനടൻ സായ് പൃഥ്വിരാജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെയവതരിപ്പിക്കുന്നു. ശങ്കർ, കമൽഹാസൻ തുടങ്ങിയ പ്രമുഖ ചലച്ചിത്രപ്രവർത്തകർ ചിത്രത്തെയും വിജയ് സേതുപതിയുടെ അഭിനയത്തെയും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ബിഗ് ബജറ്റ് ചിത്രങ്ങൾക്കിടയിലും മികച്ച കഥാതന്തു കൊണ്ടും വൈകാരിക രംഗങ്ങൾ കൊണ്ടും പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ് 'ബത്ത'.
Tags : Entertainment Kollywood FilmNews VijaySethupathi Baththa