Kerala
തിരുവനന്തപുരം: വിവാദങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ട് പുതിയ ഓഫീസ് തുറന്ന് വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത്. മരുതംകുഴിയിൽ എംഎൽഎയുടെ നേതൃത്വത്തിൽ തുടങ്ങിയ വൈബ് സൊസൈറ്റിയുടെ കെട്ടിടത്തിലാണ് പുതിയ ഓഫീസ്.
വിവാദങ്ങളിലല്ല, വികസനത്തിലാണ് തനിക്ക് താല്പര്യമെന്നും അത് പ്രവർത്തിയിലൂടെ തെളിയിക്കുമെന്നും ഓഫീസ് ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വട്ടിയൂർക്കാവിലെ ജനങ്ങൾക്കൊപ്പമാണ് താനെന്നും വരുന്ന തെരഞ്ഞെടുപ്പിൽ എവിടെ മത്സരിക്കണം എന്നത് പാർട്ടി തീരുമാനിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.
"ജനങ്ങൾക്ക് കുറച്ചുകൂടി എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന ഇടം എന്നതാണ് ഓഫീസിന്റെ കാര്യത്തിൽ പരിഗണിച്ചത്. ഇപ്പോൾ ലഭിച്ചിരിക്കുന്നത് കുറച്ചുകൂടെ സൗകര്യമുള്ള ഓഫീസാണ്. മണ്ഡലത്തിൽ വലിയ വികസനങ്ങൾ നടന്നു. ഇത്തരം വികസന പ്രവര്ത്തനങ്ങളെ മറച്ചുവച്ച് വിവാദങ്ങളെ ഉയര്ത്തിക്കാട്ടാൻ ബോധപൂര്വമായ ശ്രമം നടക്കുന്നുണ്ടോ എന്ന് ഞാൻ സംശയിച്ചു'.
"പാർട്ടിയോടും വട്ടിയൂര്ക്കാവിലെ ജനങ്ങളോടും ആലോചിച്ചാണ് ഇങ്ങനെ ഒരു തീരുമാനം. അത് നന്നായി എന്ന് തന്നെയാണ് എല്ലാവരും പറയുന്നത്. എംഎൽഎയെ കാണാൻ 200 പേരെങ്കിലും ദിവസവും വരുന്നുണ്ട്. അവരെ ഉൾക്കൊള്ളാൻ പറ്റുന്ന ഇടമാണ് പുതിയ ഓഫീസ്'.
"പുതിയ ഓഫീസിൽ കൂടുതൽ സൗകര്യങ്ങളുണ്ട്. ഇത് ജനങ്ങൾക്ക് ഏറെ ഉപകാരപ്പെടും. വിവാദങ്ങളുടെ മറവിൽ വട്ടിയൂർക്കാവിൽ വികസനം നടക്കുന്നില്ലെന്ന തരത്തിൽ കുപ്രചരണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അത്തരം നീക്കങ്ങൾക്ക് വഴങ്ങിക്കൊടുക്കാൻ താൻ തയാറല്ലെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു.
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ ചുമതലയേറ്റതിന് പിന്നാലെ നിലവിലെ ഓഫീസ് തനിക്ക് വേണമെന്ന ആവശ്യം ഉന്നയിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
District News
തിരുവനന്തപുരം: ശാസ്തമംഗലത്തെ കോര്പറേഷന് കെട്ടിടത്തില് കൗണ്സിലര് ആര്. ശ്രീലേഖ ഓഫീസ് തുറന്നു. ഭാരതാംബയുടെ ചിത്രം കസേരയില്വച്ചു വിളക്കു കൊളുത്തിയാണ് കൗണ്സിലര് ഓഫീസ് തുറന്നത്.
പിന്നാലെ ജനപ്രതിനിധി എന്ന തന്റെ പുതിയ ദൗത്യം തുടങ്ങിയ സന്തോഷം ശ്രീലേഖ ഫേസ് ബുക്കില് പങ്കുവച്ചു.
"എന്റെ ഇത്തിരിപ്പോന്ന കുഞ്ഞ് ഓഫീസ് മുറി, കഷ്ടിച്ചു 70-75 സ്ക്വയര്ഫീറ്റ്. പക്ഷെ ചുറ്റിനും ടണ് കണക്കിനു വേസ്റ്റ്. ഇന്നു മുതല് സേവനം തുടങ്ങി. ഒരു മുറിയെന്നു പറയാന് ആവില്ല... ചെറിയ ഒരിടം. ആത്മാര്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവര്ത്തിക്കാം... ഇന്നുച്ചവരെ ഇവിടെ വന്നത് 18 പേര്. അവരെ സഹായിച്ചതില് തൃപ്തി. അതുമതി'യെന്നും ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റില് പറയുന്നു.
കഴിഞ്ഞ ദിവസങ്ങളില് വട്ടിയൂര്ക്കാവ് എംഎല്എ വി.കെ. പ്രശാന്തുമായുണ്ടായ ഓഫീസ് ഒഴിപ്പിക്കല് തര്ക്കങ്ങളുടെ ബാക്കിയെന്നോണമുള്ള വാക്കുകളാണു ശ്രീലേഖ ഫേസ് ബുക്കില് കുറിച്ചത്. ശാസ്തമംഗലത്തെ കോര്പറേഷന് കെട്ടിടത്തിലെ വി.കെ.പ്രശാന്തിന്റെ ഓഫീസ് ഒഴിയണമെന്നു ശ്രീലേഖ നേരത്തെ ആവശ്യപ്പെട്ടിരുന്നു. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവര്ത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നായിരുന്നു ശ്രീലേഖ ആവശ്യപ്പെട്ടത്. പിന്നാലെയാണ് ഇന്നലെ മുതല് ശ്രീലേഖ കോര്പറേഷന് കെട്ടിടത്തില് കൗണ്സിലര് ഓഫീസ് തുറന്നത്.
Kerala
തിരുവനന്തപുരം: മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടഞ്ഞ ആർ. ശ്രീലേഖയെ അനുനയിപ്പിക്കാൻ നീക്കവുമായി ബിജെപി. പാർട്ടി നേതൃത്വത്തിന്റെ നിർദേശ പ്രകാരം മേയർ വി.വി.രാജേഷും ഡെപ്യൂട്ടി മേയർ ആശാ നാഥും ശ്രീലേഖയുടെ വീട്ടിലെത്തി ചർച്ച നടത്തി
മേയറുടെ സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തിയാകും മുമ്പ് ശ്രീലേഖ മടങ്ങിയത് വിവാദമായിരുന്നു. പ്രധാന നേതാക്കളെ കാണുന്നതിന്റെ ഭാഗമായാണ് സന്ദർശനമെന്നും മേയർ പറഞ്ഞു. എന്നാല് മേയർ പദവി കിട്ടാത്തതിൽ ശ്രീലേഖക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ശാസ്തമംഗലത്ത് മത്സരത്തിന് ഇറങ്ങുമ്പോൾ തന്നെ സംസ്ഥാന ഭാരവാഹികളിൽ ചിലർ മേയർ പദവി ശ്രീലേഖക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ മേയർ സ്ഥാനം വി.വി.രാജേഷിന് നൽകാൻ തീരുമാനിച്ചതോടെ ശ്രീലേഖ ഇടയുകയായിരുന്നു.