കോഴഞ്ചേരി: അയിരൂർ സ്വദേശിയായ യുവാവിനെയും ബന്ധുവിനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കോയിപ്രം വെള്ളിയറ അഞ്ചുപുരക്കൽ സ്വദേശി , കണിയാംപടി പ്ലാങ്കമൺ പുളിമൂട്ടിൽ പി.ആർ. രാജീവിനെയാണ് (33) കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 21നു വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
രാജീവും അയൽവാസിയായ സുജിയും തമ്മിലുള്ള വഴി തർക്കത്തിന്റെ പേരിൽ പിച്ചാത്തിയുമായി എത്തിയ രാജീവ് വീട്ടിൽ അതിക്രമിച്ചു കടക്കുകയും സുജിയുടെ വയറിനും വലതു കൈയിലും കുത്തി പരിക്കേല്പിക്കുകയും ചെയ്തുവെന്നാണ് പരാതി. തടസം പിടിക്കാനെത്തിയ ബന്ധു സൈമണിനും കുത്തേറ്റു. തുടർന്ന് ഇയാൾ ഓടി രക്ഷപ്പെട്ടു.
പരിക്കേറ്റ ഇരുവരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കേസെടുത്ത കോയിപ്രം പോലീസ് രാജീവിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കുത്താനുപയോഗിച്ച കത2്തിയും കണ്ടെടുത്തു. എസ്എച്ച്ഒ എം. ഉമേഷ്, എസ്ഐ മിഥുൻ അശോക് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.