നയ്റോബി: ഗൾഫ് യുദ്ധത്തെത്തുടർന്നുള്ള ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് പൊതുഗതാഗത സർവീസ് ഓപ്പറേറ്റർമാർ ആരംഭിച്ച സമരം ആഫ്രിക്കൻ രാജ്യമായ കെനിയയിൽ സ്തംഭനത്തിനു വഴിയൊരുക്കി.
സമരാനുകൂലികളുടെ അക്രമപ്രവർത്തനങ്ങൾ മൂലം സ്വകാര്യ വ്യക്തികളും വാഹനങ്ങളുമായി റോഡിലിറങ്ങുന്നില്ല.
യുദ്ധമാരംഭിച്ചശേഷം ഇന്ധനവില 20 ശതമാനത്തിനു മുകളിൽ വർധിച്ചിട്ടുണ്ട്. മിനി ബസ് ഓപ്പറേറ്റർമാർ, ടൂറിസ്റ്റ് വാഹന ഡ്രൈവർമാർ, മോട്ടോർ സൈക്കിൾ ടാക്സി അസോസിയേഷനുകൾ സംയുക്തമായാണു സമരം തുടങ്ങിയിരിക്കുന്നത്.
തലസ്ഥാനമായ നയ്റോബിയിലെ നിരത്തുകൾ വിജനമായി എന്നാണ് റിപ്പോർട്ട്. ബിസിനസ് പ്രവർത്തനങ്ങളും സ്തംഭിച്ചു. സ്കൂളുകൾക്ക് അവധി നല്കി.
പ്രതിഷേധക്കാർ ടയറുകളും മറ്റും കൂട്ടിയിട്ടു കത്തിച്ച് റോഡുകൾ ഉപരോധിക്കുകയാണ്. പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടലുകളുണ്ടായി.രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളും പട്ടണങ്ങളും സമരത്തിൽ സ്തംഭിച്ചു.