തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിലെ ബിജെപി സംസ്ഥാന കാര്യാലയമായ (മാരാർജി ഭവൻ) നേരെ ബൈക്കിലെത്തിയ രണ്ട് പേർ ബിയർ കുപ്പി എറിഞ്ഞു. സംഭവത്തിന് പിന്നിൽ കോൺഗ്രസാണെന്ന് ബിജെപി ആരോപിക്കുകയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുകയും ചെയ്തു. കോൺഗ്രസ് ക്രിമിനലുകളെ നിയന്ത്രിച്ചില്ലെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ബിജെപി മുന്നറിയിപ്പ് നൽകി.
ബിജെപി, യുവമോർച്ച - കോൺഗ്രസ് സംഘർഷം ഒരുവശത്ത് നടക്കവേയാണ് ഇന്ന് തലസ്ഥാനത്ത് എസ്എഫ്ഐ - കെഎസ്യു പ്രശ്നം സംഘർഷത്തിലേക്ക് വഴിമാറിയത്. യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ പൊലിസ് കയറി വിദ്യാർഥികളെ മർദിച്ചതിൽ പ്രതിഷേധിച്ച് ഒക്ടോബർ ഒന്നിന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കാൻ എസ്എഫ്ഐ ആഹ്വാനം ചെയ്തു.
പൊലിസിന്റെയും യൂത്ത് കോൺഗ്രസ് - കെഎസ്യു പ്രവർത്തകരുടെയും നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലാ പോലീസ് മേധാവികളുടെ ഓഫീസുകളിലേക്കും എസ്എഫ്ഐ മാർച്ച് നടത്തും. വൈകുന്നേരം അഞ്ചിന് പ്രത്യേക പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് മാവൂർ റോഡിൽ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനവും നടക്കുന്നുണ്ട്.
യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ എത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ആസൂത്രിതമായ മർദനമാണ് നടന്നതെന്നും എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ യൂത്ത് കോൺഗ്രസും പൊലിസും അക്രമം അഴിച്ചുവിട്ടെന്നും ആരോപിച്ചു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസ് യൂത്ത് കോൺഗ്രസുകാർ തടഞ്ഞതായും ഡിവൈഎഫ്ഐ ആരോപിച്ചു. എഡിജിപി പി. വിജയനും സംഭവ സ്ഥലം സന്ദർശിച്ചു.