കൊച്ചി: പുതുതലമുറയിൽ പത്രവായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും മലയാള ഭാഷയോട് സ്നേഹം ജനിപ്പിക്കാനും ലക്ഷ്യമിട്ടു ദീപിക ഒരുക്കുന്ന ‘ദീപിക നമ്മുടെഭാഷ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ കാലടി ചെങ്ങൽ സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂളിൽ ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി റോജി എം. ജോൺ നിർവഹിക്കും.
ദീപിക ശതോത്തര റൂബി ജൂബിലിയുടെയും (140 വർഷം) ദീപിക ബാലസഖ്യത്തിന്റെ (ഡിസിഎൽ) 75-ാം വാർഷികത്തിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ദീപിക എത്തിക്കുന്നതിനു ലക്ഷ്യമിട്ടാണ് ഈ വർഷം പദ്ധതി നടപ്പാക്കുന്നത്. എല്ലാ ക്ലാസ് മുറികളിലും എത്തുന്ന ദീപികയിലൂടെ, പഠനത്തിനും പൊതുവിജ്ഞാനത്തിനും സഹായകമായ പംക്തികളും വിശേഷങ്ങളും വിദ്യാർഥികൾക്ക് പ്രയോജനപ്പെടുത്താനാകും.
പത്രവായനയെ അടിസ്ഥാനമാക്കി വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങളും സ്കൂൾതലങ്ങളിൽ ഈ വർഷം പ്രത്യേകമായി സംഘടിപ്പിക്കും. വിദ്യാർഥികൾക്കു തങ്ങളുടെ കഥ, കവിത, ലേഖനങ്ങൾ എന്നിവ കുട്ടികളുടെ ദീപിക, കുട്ടികളുടെ ദീപിക പ്രൈമറി, റീഡേഴ്സ് ഡൈജസ്റ്റ് എന്നിവ വഴി പ്രസിദ്ധീകരിക്കുന്നതിനും സമ്മാനങ്ങൾ നേടുന്നതിനും അവസരമുണ്ടാകും.
രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ അധ്യക്ഷത വഹിക്കും. ദീപിക ചീഫ് എഡിറ്റർ ഫാ. ഡോ.ജോർജ് കുടിലിൽ ആമുഖ സന്ദേശം നൽകും. സർക്കുലേഷൻ ജനറൽ മാനേജർ ഫാ. ജോർജ് മാന്തുരുത്തിൽ, കൊച്ചി റസിഡന്റ് മാനേജർ ഫാ. ജോസഫ് കൊളുത്തുവള്ളിൽ, സിഎംസി അങ്കമാലി മേരിമാതാ പ്രോവിൻസ് എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ ജെസ്മിൻ, കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ പോൾ തുടങ്ങിയവർ പ്രസംഗിക്കും.