ചങ്ങനാശേരി: ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളജിന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ സ്വയംഭരണ പദവി ലഭിച്ചു. മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളജിന് 2026-27 അക്കാദമിക വര്‍ഷം മുതല്‍ 2035-36 വരെയുള്ള 10 വര്‍ഷത്തേക്കാണ് യുജസി സ്വയംഭരണ പദവി അനുവദിച്ചത്.
യുജിസി റെഗുലേഷന് 2023-ലെ വ്യവസ്ഥകള്‍ പ്രകാരമാണ് കോളജിന് ഈ പദവി നല്‍കിയിട്ടുള്ളത്. യുജിസിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് എംജി സര്‍വകലാശാല രജിസ്ട്രാര്‍ പദവി അംഗീകരിച്ചുകൊണ്ട് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു.
കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മാനേജ്മെന്റ് സ്റ്റഡീസ്, സോഷ്യല്‍വര്‍ക്ക്, സൈക്കോളജി, കൊമേഴ്സ് എന്നീ വിഭാഗങ്ങളില്‍ യുജി, പിജി കോഴ്സുകളും ജിയോളജിയില്‍ യുജി കോഴ്സും ഈ കോളജിലുണ്ട്. ചെത്തിപ്പുഴ സിഎംഐ ആശ്രമം പ്രിയോര്‍ ഫാ. തേമസ് മണ്ണൂപ്പറമ്പില്‍ മാനേജരും ഫാ. ജസ്റ്റിന് ആലുക്കല്‍ ഡയറക്ടറും ഡോ. ആന്റണി മാത്യു പ്രിന്‍സിപ്പലും ഫാ.അഖില്‍ കരിക്കാത്തറ ഫിനാന്‍ഷ്യല്‍ അഡ്മിനിസ്ട്രേറ്ററുമാണ്.
പദവി ലഭിച്ചതോടെ പുതിയ ബിരുദ, ബിരുദാനന്തര കോഴ്സുകളും ഡിപ്ലോമ കോഴ്സുകളും ആരംഭിക്കുന്നതിനും സിലബസ് കാലോചിതമായി പരിഷ്കരിക്കുന്നതിനും പരീക്ഷകള്‍ കൃത്യസമയത്ത് നടത്തി ഫലം പ്രസിദ്ധീകരിക്കുന്നതിനും കോളജിന് സ്വയംഭരണാധികാരം ലഭിക്കും.