ഹരിപ്പാട്: സംസ്ഥാന ബജറ്റിൽ തുക അനുവദിച്ചതിനു തൊട്ടുപിന്നാലെ ഹരിപ്പാട് മെഡിക്കൽ കോളജ് പദ്ധതിയുടെ പ്രാരംഭ നടപടികൾക്ക് അതിവേഗം തുടക്കമായി. സാധാരണക്കാരായ ജനങ്ങളുടെ ദീർഘകാലത്തെ ആരോഗ്യ ആവശ്യങ്ങൾ പരിഗണിച്ച്, പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ അതിവേഗ നടപടികൾക്ക് തുടക്കമിട്ടിരിക്കുന്നത്.
കഴിഞ്ഞദിവസം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ. വി. വിശ്വനാഥൻ കരുവാറ്റയിലെ നിർദിഷ്ട സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഒരു സ്പെഷൽ പർപ്പസ് വെഹിക്കിൾ ഉടൻ രൂപീകരിക്കുമെന്നും വിശദമായ പ്രോജക്ട് റിപ്പോർട്ട് വൈകാതെ സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹരിപ്പാട് താലൂക്ക് ആശുപത്രി
അപ്ഗ്രേഡ് ചെയ്യും
കരുവാറ്റയിൽ മെഡിക്കൽ കോളജ് ആശുപത്രിയുടെ നിർമാണം പൂർത്തിയാകുന്നതുവരെ ജനങ്ങൾക്ക് ചികിത്സ വൈകാതിരിക്കാനുള്ള ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലവിൽ 108 ബെഡുകളുള്ള ഹരിപ്പാട് താലൂക്ക് ആശുപത്രിയെ 150 ബെഡുകളുള്ള അത്യാധുനിക ആശുപത്രിയായി അപ്ഗ്രേഡ് ചെയ്യും. പുതിയ കെട്ടിടം സജ്ജമാകുന്നതുവരെ താലൂക്ക് ആശുപത്രി മെഡിക്കൽ കോളജിന്റെ അനുബന്ധ യൂണിറ്റായി പ്രവർത്തിക്കുന്നതോടെ, ജനങ്ങൾക്ക് മെഡിക്കൽ കോളജ് തലത്തിലുള്ള വിദഗ്ധ ചികിത്സാ സൗകര്യങ്ങൾ ലഭ്യമായിത്തുടങ്ങും.
അടുത്തയാഴ്ച ആരോഗ്യമന്ത്രി എത്തും
തുടർനടപടികൾക്ക് കൂടുതൽ വേഗത പകരാൻ അടുത്തയാഴ്ച ആരോഗ്യ മന്ത്രി കെ. മുരളീധരനും വിദഗ്ധ സംഘവും ഹരിപ്പാട്ടെത്തും.നിർമാണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിച്ച് നിശ്ചിത സമയത്തിനകം പൂർത്തിയാക്കാനുള്ള കൃത്യമായ മാസ്റ്റർ പ്ലാൻ മന്ത്രിയുടെ സാനിധ്യത്തിൽ തയാറാക്കും.
ആഭ്യന്തരമന്ത്രിയുടെ
നേരിട്ടുള്ള മേൽനോട്ടം
പ്രഖ്യാപനങ്ങൾ നീണ്ടുപോകാതെ, തന്റെ മണ്ഡലത്തിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച ചികിത്സാ സൗകര്യങ്ങൾ എത്രയും വേഗം ഉറപ്പാക്കുക എന്നതാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ലക്ഷ്യം.
കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ, അപ്പർ കുട്ടനാട് മേഖലകളിലെ ലക്ഷക്കണക്കിന് സാധാണക്കാർക്ക് അടിയന്തര ചികിത്സയ്ക്കായി ആലപ്പുഴയിലേക്കോ കോട്ടയത്തേക്കോ ഓടേണ്ടി വരുന്ന ദുരിതാവസ്ഥയ്ക്കാണ് ഇതോടെ ശാശ്വത പരിഹാരമാകുന്നത്. ലോകോത്തര ഡോക്ടർമാരുടെ സേവനവും മൾട്ടി സ്പെഷാലിറ്റി ചികിത്സയും ഹരിപ്പാട്ടെ ജനങ്ങൾക്ക് ലഭ്യമാക്കുമെന്നും പണി വേഗത്തിൽ തീർക്കാനുള്ള കർശനമായ നിരീക്ഷണത്തിലാണ് സർക്കാരെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.