ചാത്തന്നൂർ: വിൽപ്പനയ്ക്കായി സൂക്ഷിച്ച ഇന്ത്യൻ നിർമിത വിദേശമദ്യവുമായി റെയിൽവേ ഉദ്യോഗസ്ഥൻ ഉൾപ്പടെ മൂന്നു പേർ ചാത്തന്നൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. റെയിൽവേയിൽ ടിടിഐ ആയ ചാത്തന്നൂർ കാരംകോട് പൂന്തോട്ടത്തിൽ വീട്ടിൽ ബി.എസ്. കണ്ണൻ (40) കാരം കോട് കണ്ണേറ്റ ശ്യാം നിവാസിൽ ശ്യാം (43) കാരംകോട് ഏറം വയലുനട സനൽ നിവാസിൽ സനൽ (53) എന്നിവരാണ് പിടിയിലായത്. ശ്യാമിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന 53.5 ലിറ്റർ മദ്യവും പിടിച്ചെടുത്തു.
കണ്ണൻ ഗോവയിൽ ജോലി ചെയ്തിരുന്ന കാലത്തെ ബന്ധങ്ങൾ ഉപായോഗിച്ചാണ് ഗോവയിൽ നിർമിക്കുന്ന വിദേശ മദ്യം ചാത്തന്നൂരിൽ എത്തിച്ച് വിൽപ്പന നടത്തുന്നതിന് പ്രേരണയായത്. ഗോവയിൽ നിന്നും ശ്യാം മദ്യം കൊച്ചിയിലെത്തിക്കും. അവിടെ നിന്നും ട്രെയിനിൽ കണ്ണൻ കൊല്ലത്ത് എത്തിക്കും.
കഴിഞ്ഞ ദിവസം ഉദിക്കവിള ജംഗ്ഷനിൽ വച്ച് കണ്ണൻ സനലിന് മദ്യം കൈമാറുമ്പോഴാണ് എക്സൈസിന്റെ പിടിയിലായത്. ആറ് കുപ്പി മദ്യം അപ്പോൾ പിടിച്ചെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ശ്യാമിന്റെ വീട്ടിൽനിന്നു കൂടുതൽ ഗോവൻ നിർമിത വിദേശ മദ്യം പിടിച്ചെടുത്തത്. ചാത്തന്നൂർ റെയ്ഞ്ച് ഇൻസ്പെക്ടർ എസ്. മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ കോടതി റിമാൻഡ് ചെയ്തു.