കൊച്ചി: ഇനി പോലീസിനെ ആയുധമെടുത്തും കല്ലെറിഞ്ഞും പിന്തിരിപ്പിക്കാം എന്നു കരുതേണ്ട. അത്തരം ആക്രമണങ്ങളെ നേരിടാന്‍ കൊച്ചി സിറ്റി പോലീസ് പ്രാപ്തരാവുകയാണ്. ലാത്തിയും ഷീല്‍ഡും കണ്ണീര്‍വാതകവും കൊണ്ട് മാത്രം ആള്‍ക്കൂട്ട ആക്രമണം നേരിടാന്‍ കഴിയാത്ത സ്ഥിതിയിലാണ് പോലീസിന്റെ ശൈലിമാറ്റം.
അക്രമികളെ നേരിടുന്നതിനായി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്കി വന്നിരുന്ന പരിശീലനങ്ങള്‍ കാലഹരണപ്പെട്ടതാണെന്ന ബോധ്യത്തില്‍ നിന്നാണ് കൊച്ചി സിറ്റിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നൂതന പരിശീലനമുറകള്‍ അഭ്യസിപ്പിക്കുന്നത്.
ആധുനികരീതിയിലുള്ള ലാത്തി ഡ്രില്‍, മോബ് ഓപ്പറേഷന്, സെല്‍ഫ് ഡിഫന്‍സ്, പൊതുജനങ്ങളോടുള്ള ഇടപഴകല്‍, വ്യക്തിത്വ വികാസം, അക്രമികളെയും പ്രതികളെയും എങ്ങനെ നേരിടാം, ആയുധ പരിശീലനം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശീലനം.
സംഘം ചേര്‍ന്നുള്ള ആക്രമണം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, കല്ലേറ്, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി ഏതുതരം അക്രമ പ്രവര്‍ത്തനങ്ങളെയും സംഘടിതമായി ചെറുക്കാനും തടയാനും പോലീസ് ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. ആധുനിക രീതിയിലുള്ള ബോഡി പ്രൊട്ടക്ടര്‍, ഷീല്‍ഡ്, ഹെല്‍മെറ്റ്, ലാത്തി എന്നിവ ധരിച്ചാണ് വനിതകള്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പരിശീലനം നടത്തുന്നത്. ഇതോടൊപ്പം കൈകള്‍ മാത്രം ഉപയോഗിച്ച് അക്രമികളെ കീഴ്പ്പെടുത്തുന്നതിനുള്ള പരിശീലനവും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്കിവരുന്നു. ഇതിനകം 800 ലധികം ഉദ്യോഗസ്ഥര്‍ പരിശീലനം നേടിക്കഴിഞ്ഞു.
2,500 പോലീസ് ഉദ്യോഗസ്ഥർക്കും പരിശീലനം നൽകും : കമ്മീഷണർ
50 പോലീസ് ഉദ്യോഗസ്ഥര്‍ വീതം ഉള്‍പ്പെടുന്ന ബാച്ചുകളായി തിരിച്ചാണ് പരിശീലനം നല്‍കുന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്കുമാര്‍ പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുകയും പോലീസിനെ ആക്രമിക്കുകയും ചെയ്യുന്നവരെ നേരിടുന്നതിന് കൊച്ചി സിറ്റിയിലെ 2,500 ഓളം വരുന്ന മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരും പരിശീലനത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.