ന്യൂഡൽഹി: എവിടെ തടയുന്നോ അവിടം ജന്തർ മന്തറാക്കുമെന്നാണ് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ജന്തർ മന്തർ 2.0 സമരത്തിന് മുന്നോടിയായി പ്രഖ്യാപിച്ചത്. പ്രതിഷേധക്കാർ ജന്തർമന്തറിലേക്ക് പ്രവേശിക്കാതിരിക്കാൻ ന്യൂഡൽഹി മേഖലാ പൊലിസ് ബാരിക്കേഡുകളാൽ കോട്ട കെട്ടി അടച്ചതോടെ എസ്ഐആർ ക്രമക്കേടിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം ഡൽഹിയുടെ വിവിധ തെരുവുകളിലേക്ക് വ്യാപിച്ചു.
കൊണാട്ട് പ്ലേസ്, ഗുരുദ്വാര ബംഗ്ലാ സാഹിബ്, ദില്ലി ഹാട്ട്, ഗോൾ മാർക്കറ്റ്, ഐഎൻഎ മാർക്കറ്റ്, മിന്റോ ബ്രിഡ്ജ്, റെഡ് ഫോർട്ട് തുടങ്ങി വിവിധ മേഖലകളിലേക്കാണ് സമരം വ്യാപിച്ചത്. വിദ്യാർഥികളും യുവാക്കളും ചെറുതും വലുതുമായ കൂട്ടങ്ങളായി വിവിധ മേഖലകളിൽ ഒത്തുകൂടി.
ഏഴായിരത്തോളം സമരക്കാരെയാണ് ഡൽഹി പൊലിസ് സമരത്തിനു പ്രതീക്ഷിച്ചത്. ഇതനുസരിച്ച് പൊലിസും അർധസൈനികരും ഉൾപ്പടെ 25,000 സുരക്ഷാ ഉദ്യോഗസ്ഥരെ ഡൽഹിയിലാകെ വിന്യസിച്ചു. ഇതിൽ കൂടുതൽ ജന്തർ മന്തർ മേഖലയിലായിരുന്നു. എന്നാൽ തെരുവുകളിലേക്ക് പ്രതിഷേധം മാറിയതോടെ പൊലിസ് കൂടുതൽ പ്രതിസന്ധിയിലായി. ജനജീവിതം സ്തംഭിച്ചു.
നഗരത്തിനു പുറത്ത് പലയിടങ്ങളിലും വലിയ ഗതാഗതക്കുരുക്ക് നേരിട്ടു. എങ്കിലും പ്രതിഷേധക്കാരെ പൊലിസ് ബലമായി കസ്റ്റഡിയിലെടുത്തു നീക്കുകയായിരുന്നു. പലയിടത്തും അപ്രതീക്ഷിത പ്രതിഷേധം അരങ്ങേറിയതോടെ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു നീക്കാൻ വാഹനങ്ങളില്ലാതെയും പൊലിസ് ബുദ്ധിമുട്ടി.
വിദ്യാർഥി സംഘടനയായ ഐസയുടെ നേതൃത്വത്തിൽ ഡൽഹിയിലെ ഐഎൻഎ മാർക്കറ്റിന് സമീപം ജോർബാഗിൽ നടത്തിയ പ്രതിഷേധം മണിക്കൂറുകൾ നീണ്ടു. ഐസ പ്രസിഡന്റ് നേഹ ബോറ, സാമൂഹിക പ്രവർത്തകൻ യോഗേന്ദ്ര യാദവ് തുടങ്ങിവയവരുടെ നേതൃത്വത്തിലായിരുന്നു സമരം. ഇവരെ കസ്റ്റഡിയിലെടുത്തു നീക്കിയെങ്കിലും നിരവധി വിദ്യാർഥികൾ പൊലിസ് വാഹനം തടഞ്ഞും റോഡിൽ കുത്തിയിരുന്നും പ്രതിഷേധിച്ച്.
ഇതോടെ പ്രധാന മാർക്കറ്റിന് സമീപത്തെ ഗതാഗതം മണിക്കൂറോളം സ്തംഭിച്ചു. ഇതുകൂടാതെ നിരവധിപ്പേരെ ഡൽഹി അതിർത്തിയിൽ പൊലിസ് തടഞ്ഞതോടെ പ്രതിഷേധക്കാരിൽ പലർക്കും ഡൽഹിയിലേക്കെത്താൻ സാധിച്ചില്ല.