കൊട്ടിയം: അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് പെൺകുട്ടികളുടെ അവകാശങ്ങൾ, സുരക്ഷ, ശാക്തീകരണം എന്നിവയ്ക്ക് പ്രാധാന്യം നൽകി നിത്യസഹായ മാതാ ഗേൾസ് ഹൈസ്കൂളിൽ സ്റ്റുഡന്റ് പൊലിസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ചൈൽഡ് പ്രൊട്ടക്റ്റീവ് ടീം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അനിത സുനിൽ ഉദ്ഘാടനം ചെയ്തു. പെൺകുട്ടികളെ ബഹുമാനത്തോടെ കാണേണ്ടതിന്റെയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യം അവർ ഓർമിപ്പിച്ചു.
പ്രധാനാധ്യാപിക വൈ. ജൂഡിത്ത് ലത അധ്യക്ഷത വഹിച്ചു. കൊല്ലം സിറ്റി ഡിഎച്ച്ക്യു സബ് ഇൻസ്പെക്ടർ വൈ.സാബു, കമ്യൂണിറ്റി പൊലിസ് ഓഫിസർമാരായ പ്രഭ, ആൻ മേരി, അനില, മാനസി, സബിത, ജോയൽ എന്നിവർ പ്രസംഗിച്ചു. ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നസ് പരിശീലക എസ്. ഷീബ, യോഗ പരിശീലക ആശ അഭിലാഷ് എന്നിവർ ക്ലാസുകൾ നയിച്ചു. പെൺകുട്ടികളുടെ ആത്മവിശ്വാസം, ശാരീരികക്ഷമത, സ്വയംരക്ഷ എന്നിവയ്ക്ക് പ്രാധാന്യം നൽകിയ പരിപാടിയിൽ കേഡറ്റുകൾ പ്രതിജ്ഞയെടുത്തു.