പരവൂർ: പാചകവാതക സബ്സിഡി ലഭിക്കുന്നവർക്കുള്ള മാനദണ്ഡങ്ങൾ കേന്ദ്രസർക്കാർ കർശനമാക്കിയതോടെ എണ്ണക്കമ്പനികൾ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ അയച്ചുതുടങ്ങി. പുതിയ തീരുമാനമനുസരിച്ച് പത്തു ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർക്ക് ആനുകൂല്യം നഷ്ടമാകും.
ഉപഭോക്താവിന്റെയോ പങ്കാളിയുടെയോ നികുതിവിധേയമായ വാർഷിക വരുമാനം പത്തു ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽ സബ്സിഡി സ്ഥിരമായി നിർത്തലാക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്. സന്ദേശം ലഭിച്ച് ഏഴു ദിവസത്തിനകം പ്രതികരിച്ചില്ലെങ്കിൽ നടപടിയുണ്ടാകും.
2015 ഡിസംബറിൽ സർക്കാർ കൊണ്ടുവന്ന നിയമമനുസരിച്ച് വാർഷിക വരുമാനം പത്തു ലക്ഷം രൂപയിൽ കൂടുതലുള്ള കുടുംബങ്ങൾക്ക് എൽപിജി സബ്സിഡിക്ക് അർഹതയില്ല.
ഉപഭോക്താവിനോ പങ്കാളിക്കോ ഈ വരുമാനമുണ്ടെങ്കിൽ നിയമം ബാധകമാകും. മുന്പ് ഉപഭോക്താക്കളുടെ സ്വയംസാക്ഷ്യപ്പെടുത്തലിനെ ആശ്രയിച്ചായിരുന്നു ഈ സംവിധാനം പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആദായനികുതി വിവരങ്ങൾ പരിശോധിച്ചാണ് കമ്പനികൾ ഇതു നടപ്പിലാക്കുന്നത്.
ഉജ്വല യോജന ഗുണഭോക്താക്കൾക്കും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്കും സബ്സിഡി ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നോട്ടീസ് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപങ്ങളുണ്ടെങ്കിൽ ടോൾ ഫ്രീ നമ്പറായ 1800-2333-555 വഴിയോ ബന്ധപ്പെട്ട എണ്ണക്കമ്പനിയുടെ പരാതിപരിഹാര പോർട്ടൽ വഴിയോ അറിയിക്കാം.