തൊടുപുഴ: സമ്മിശ്ര കൃഷിയുടെ കലവറയാണ് ജില്ലയിലെ കുമാരമംഗലം പഞ്ചായത്തില്‍ ഈസ്റ്റ് കലൂരിലുള്ള സിബിന് വര്‍ഗീസ് കോപ്രത്തിന്റെ വിളഭൂമി. പരമ്പരാഗത ആധുനിക കൃഷിരീതികള്‍ സമന്വയിപ്പിച്ച് വിജയഗാഥ രചിക്കുകയാണ് ഈ കര്ഷകന്. കാഡ്സിന്റെ ഈ വര്‍ഷത്തെ ജൈവശ്രീ അവാര്‍ഡ് ജേതാവായ സിബിന്റെ തോട്ടം കാര്‍ഷിക പരീക്ഷണങ്ങളുടെയും അനുഭവ സമ്പത്തിന്റെയും ഉത്തമോദാഹരണമാണ്.
പിവിസി പൈപ്പില്‍ കുരുമുളക് ചെടികള്‍
ഈ കര്‍ഷകന്റെ കൃഷിയിടത്തിന്റെ പ്രധാന ആകര്‍ഷണം പിവിസി പൈപ്പ് താങ്ങുകാലായി ഉപയോഗിച്ചുള്ള കുരുമുളക് കൃഷിയാണ്. 175 പിവിസി പൈപ്പുകളില്‍ കുരുമുളക് തൈകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. നാലിഞ്ച് വണ്ണമുള്ള പൈപ്പാണ് ഇതിനായി സ്ഥാപിച്ചിരിക്കുന്നത്.
15 അടി ഉയരമുള്ള പൈപ്പ് രണ്ടരയടി താഴ്ത്തി കോണ്‍ക്രീറ്റ് ചെയ്തിരിക്കുകയാണ്. ചീരാംകുഴി, കുമ്പുങ്കന് ഇനത്തില്‍പ്പെട്ട തൈകളാണ് നട്ടിരിക്കുന്നത്. രാമപുരത്തുനിന്നാണ് ചീരാംകുഴി ഇനം തൈകള്‍ വാങ്ങിയത്.
പൈപ്പിനു പുറമേ പയ്യാനി, തേക്ക് എന്നിവയിലും കുരുമുളക് കൃഷി ചെയ്തിട്ടുണ്ട്. വീടിന്റെ മുറ്റത്ത് കുറ്റിക്കുരുമുളകും നട്ടു പിടിപ്പിച്ചിട്ടുണ്ട്. ഞാറ്റുവേലയ്ക്കാണ് തൈകള്‍ നടുന്നത്.
പഴവര്‍ഗങ്ങള്‍
അബിയു, റെഡ് ലേഡി ഇനം പപ്പായ, റംബുട്ടാന്, മംഗോസ്റ്റിന്‍, ടിഷ്യൂകള്‍ച്ചര്‍ വാഴ, വിവിധയിനം ഞാവല്‍ എന്നിവയെല്ലാം കൃഷി ചെയ്തിട്ടുണ്ട്. പേര, വിവിധ മാവിനങ്ങള്‍ എന്നിവ നടുന്നതിനുള്ള ഒരുക്കത്തിലാണ്. പഴവര്‍ഗങ്ങള്‍ കാഡ്സിലും പ്രാദേശികവുമായാണ് വില്‍പ്പന നടത്തുന്നത്.
മറ്റു വിളകള്‍
ഡി xടി ഇനം തെങ്ങ്, കാസര്‍ഗോഡന്‍, മൊഹിന്ത് നഗര്‍ ഇനം കമുക് എന്നിവയും കൃഷിചെയ്തിട്ടുണ്ട്. തോട്ടത്തിന്റെ ഒരു ഭാഗത്ത് കൊച്ചുകൂടി ഇനം ജാതിക്കൃഷിയുമുണ്ട്. മരച്ചീനി, ചേന, ഇഞ്ചി, മഞ്ഞള്‍ എന്നിവയും നല്ല വിളവ് നല്കിവരുന്നു. വെണ്ട, വഴുതന, പയര്‍, കൊമ്പന്മുളക് എന്നീ പച്ചക്കറി ഇനങ്ങളുമുണ്ട്. ഇതിലൂടെയും മികച്ച വരുമാനം നേടുന്നു.
പുരയിടത്തോടു ചേര്‍ന്നുള്ള പാടശേഖരത്തില്‍ ഒരുപ്പൂനെല്കൃഷിയും വിളവെടുത്തു കഴിയുമ്പോള്‍ പയര്‍ കൃഷിയും നടത്തുകയെന്നതാണ് സിബിന്റെ രീതി. റബറിന് ഇടവിളയായി കാപ്പി, കൊക്കോ എന്നിവയും കൃഷി ചെയ്യുന്നതിനുള്ള തയാറെടുപ്പിലാണ് സിബിന്.
മത്സ്യം, കോഴി വളര്‍ത്തല്‍
ഗ്രാമപ്രിയ ഇനത്തില്‍പ്പെട്ട മുപ്പത് മുട്ടക്കോഴികളെ വളര്‍ത്തുന്നുണ്ട്. പുരയിടത്തോടു ചേര്‍ന്ന് വിശാലമായ മീന്‍കുളമുണ്ട്. നട്ടര്‍, വരാല് എന്നീയിനം മത്സ്യക്കുഞ്ഞുങ്ങളെ ഈ മാസം നിക്ഷേപിച്ച് മത്സ്യക്കൃഷി ആരംഭിക്കും. കുളത്തോടു ചേര്‍ന്ന് തോട് ഒഴുകുന്നതിനാല്‍ ഇവിടേക്ക് ആവശ്യത്തിന് ജലം എത്തിക്കാന്‍ കഴിയും. നിലവില്‍ മൂന്നേക്കറിലുള്ള കൃഷി ആറേക്കറിലേക്ക് വിപുലീകരിക്കുന്നതിനാണ് സിബിന് പദ്ധതിയിട്ടിരിക്കുന്നത്.
നനയും വളപ്രയോഗവും
വേനല്‍കാലത്ത് മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനായി പുതയിടുന്നതിനു പുറമേ ആവശ്യാനുസരണം നനയുമുണ്ട്. പുതയിടുന്നതുമൂലം ചെടികളുടെ ചുവട്ടിലെ കളശല്യം ഒഴിവാക്കാനും സാധിക്കുന്നു. ജീവാണുവളങ്ങള്‍, മണ്ണിരകന്പോസ്റ്റ്, ചാണകം എന്നിവയാണ് വളമായി നല്‍കുന്നത്. പശുവില്‍നിന്ന് ലഭിക്കുന്ന ചാണകമാണ് എല്ലാ വിളകള്‍ക്കുമുള്ള അടിസ്ഥാന വളം. രണ്ടു പോത്തിന്കിടാവിനെക്കൂടി വാങ്ങാനും സിബിന് മോഹമുണ്ട്.
പൊതുപ്രവര്‍ത്തനം
കൃഷിയും പൊതുപ്രവര്‍ത്തനവും ഇഴപാകിയ ജീവിതമാണ് സിബിന്റേത്. കഴിഞ്ഞപ്രാവശ്യം തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച സിബിന് കുമാരമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ ലിന്‍ഡ ഒന്നരവർഷം പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മക്കളായ ആല്‍ബീന, ഓള്‍വിന്‍, മരിയറ്റ് എന്നിവരുടെയും ഭാര്യ ലിന്‍ഡയുടെയും അകമഴിഞ്ഞ പ്രോത്സാഹനവും പങ്കാളിത്തവുമാണ് കാര്‍ഷികരംഗത്ത് ഉയരങ്ങളിലേക്ക് കുതിക്കാന്‍ സിബിനെ പ്രാപ്തനാക്കുന്നത്.
കാര്‍ഷികരംഗത്തെ പുത്തന്‍ ചലനങ്ങളും വിപണിയിലെ മാറ്റങ്ങളും തിരിച്ചറിഞ്ഞ് ശാസ്ത്രീയവും പ്രായോഗികവുമായ കൃഷിരീതികള്‍ അവലംബിച്ചാല്‍ മികച്ച വരുമാനം നേടാന്‍ കഴിയുമെന്നാണ് സിബിന്റെ നിരീക്ഷണം.