കോഴിക്കോട്: കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ 2023-26 വര്‍ഷത്തെ നിലവിലുള്ള ടെൻഡറിന്റെ കാലാവധി ഒരു വര്‍ഷംകൂടി നീട്ടാന്‍ സര്‍ക്കാര്‍ അനുമതി നല്കിയതു കര്‍ഷകര്‍ക്കു ഗുണകരമാകും. 2023ലെ പ്രീമിയം തുകതന്നെ അടച്ചാല്‍ ഈ വര്‍ഷവും പദ്ധതിയില്‍ ചേരാനാകും. പുതിയ ടെൻഡര്‍ വിളിച്ച് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് എടുക്കുന്ന കാലതാമസം ഒഴിവാക്കാനുമാകും.
പുതുതായി ടെൻഡര്‍ വിളിച്ചാല്‍ പ്രീമിയം തുക വര്‍ധിക്കുമെന്ന വസ്തുതയും കൂടി പരിഗണിച്ചാണു സര്‍ക്കാര്‍ നടപടി. അതേസമയം, പ്ലാന്റേഷന് വിളകള്‍ക്ക് 2026-27 വര്‍ഷത്തേക്കു പുതിയ ടെൻഡര്‍ വിളിക്കും.
2023-26 ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ കരാര്‍ കാലാവധി 2026 ജൂണ്‍ മുപ്പതോടെ അവസാനിച്ചിരുന്നു. തുടര്‍ന്ന് 2026-29 കാലയളവിലേക്ക് പുതിയ ടെൻഡര്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ സംസ്ഥാനതല കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ആദ്യം അനുമതി നല്‍കിയിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ പുതിയ ടെൻഡര്‍ വിളിക്കുന്നതു കര്‍ഷകര്‍ക്കു ഗുണകരമാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. പാലക്കാട് ജില്ലയിലെ സവിശേഷമായ കാര്‍ഷിക-കാലാവസ്ഥാ വ്യതിയാനങ്ങളും മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം. രണ്ടാംവിള നെല്‍കൃഷിയുടെ സവിശേഷതകള്‍ കണക്കിലെടുത്ത് പാലക്കാട് ജില്ലയ്ക്കു പ്രത്യേക ഇളവ് നല്‍കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ പുതുക്കിയ കാലാവധിക്രമം ഈ വര്‍ഷവും തുടരും.
പാലക്കാട് ജില്ലയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ നീണ്ടുനില്ക്കുന്നതും നിലമൊരുക്കാന്‍ വൈകുന്നതും മൂലം ഒക്ടോബര്‍ 15 മുതല്‍ ഫെബ്രുവരി 28 വരെയുള്ള പുതുക്കിയ പരിരക്ഷാ കാലയളവായിരിക്കും ബാധകം. കട്ട് ഓഫ് തീയതി ഒക്ടോബര്‍ 31 ആയി തുടരും. നിലവിലെ ഇന്‍ഷ്വറന്‍സ് പങ്കാളിയായ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷ്വറന്‍സ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് തന്നെയായിരിക്കും ഒരു വര്‍ഷം കൂടി പദ്ധതി നടപ്പിലാക്കുക. അതിനിടെ പുനഃസംഘടിപ്പിച്ച കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷ്വറന്‍സ് കമ്പനി ഓഫ് ഇന്ത്യക്ക് നല്‍കേണ്ട രണ്ടാംഗഡു പ്രീമിയം സബ്സിഡി തുക സര്‍ക്കാര്‍ അനുവദിച്ചു. 2024-ലെ ഖാരിഫ്, റബി സീസണുകളിലെ കുടിശിക തീര്‍ക്കുന്നതിനായി 33.55 കോടിയാണു കൃഷിവകുപ്പ് അനുവദിച്ചത്.
മുന്‍പ് ഈ പദ്ധതിയുടെ ഭാഗമായി കര്‍ഷകരുടെ എന്റോള്‍മെന്റിനും പോര്‍ട്ടല്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി 20.61 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇൻഷ്വറന്‍സ് പദ്ധതിയുടെ പ്രീമിയത്തിന്റെ ചെറിയൊരു വിഹിതം മാത്രമേ കര്‍ഷകര്‍ വഹിക്കേണ്ടതുള്ളൂ. ബാക്കി തുക കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണു നല്‍കുന്നത്.
അത്യുഷ്ണം, കുറഞ്ഞ താപനില, അധിക മഴ, വരള്‍ച്ച, അന്തരീക്ഷ ഈര്‍പ്പം തുടങ്ങിയ പ്രതികൂല കാലാവസ്ഥകള്‍ മൂലം കൃഷിനാശം സംഭവിച്ചാല്‍ പദ്ധതി പ്രകാരം നഷ്ടപരിഹാരം ലഭിക്കും. ഓരോ വിളയുടെയും അവ കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതിയുടെയും അടിസ്ഥാനത്തിലാണ് പ്രീമിയം അടയ്ക്കേണ്ടത്. നെല്ല്, വാഴ, പച്ചക്കറികള്‍, തെങ്ങ്, കമുക്, റബര്‍ തുടങ്ങി കേരളത്തില്‍ കൃഷി ചെയ്യുന്ന മുപ്പതോളം വിളകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും.