ആലുവ: ഇഷ്ടവിഷയം പഠിക്കാൻ കഴിയാത്ത മനോവിഷമത്തിൽ ഇടുക്കി പരുന്തുംപാറയിൽ മലയ്ക്കു മുകളിൽ കയറി ജീവനൊടുക്കാൻ തയാറെടുത്ത പ്ലസ് വൺ വിദ്യാർഥിനിയെ പിന്തിരിപ്പിച്ച് പൊലിസ്.
ആലുവ സൈബർ, ഇടുക്കി പൊലിസ് സേനകളുടെ ഇടപെടലിലാണു വിദ്യാർഥിനിയെ രക്ഷിച്ചത്. ഇന്നലെ രാവിലെ ആലുവ സൈബർ ക്രൈം പൊലിസ് സ്റ്റേഷനിലെ ഇ മെയിലിൽ ലഭിച്ച മുന്നറിയിപ്പു സന്ദേശമാണ് നിർണായകമായത്.
‘ഞാൻ ഇപ്പോൾ പരുന്തുംപാറയിലാണ്. ഫോണും പണവും പരുന്തുംപാറ സൂയിസൈഡ് പോയിന്റിലിരിപ്പുണ്ട്. ഞാൻ ആത്മഹത്യ ചെയ്യാൻ പോകുന്നു’- എന്നതായിരുന്നു സന്ദേശം.
മലയുടെ ചിത്രവും സന്ദേശത്തിനൊപ്പമുണ്ടായിരുന്നു. ഉടൻ സൈബർ പൊലിസ് ടീം ഇടുക്കി ജില്ലാ വയർലസ് കൺട്രോൾ റൂം, ഇടുക്കി സൈബർ സ്റ്റേഷൻ, പീരുമേട് പൊലിസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് വിളിച്ചറിയിച്ചു.
പീരുമേട് പൊലിസ് പരുന്തുംപാറയിൽ ചെല്ലുമ്പോൾ പെൺകുട്ടി മലയുടെ മുകളിൽ ആത്മഹത്യാശ്രമത്തിലായിരുന്നു. ഒന്നര മണിക്കൂർ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിൽ പെൺകുട്ടിയെ പിന്തിരിപ്പിച്ചു പൊലിസ് വീട്ടിലെത്തിച്ചു.
പ്ലസ്ടുവിന് ഇഷ്ടവിഷയം പഠിക്കാൻ കഴിയാത്ത മനോവിഷമത്തിലായിരുന്നു ഇടുക്കി സ്വദേശിനിയായ പെൺകുട്ടിയെന്ന് പൊലിസ് അറിയിച്ചു.