കൊച്ചി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ അതിവേഗം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ കർശനമാക്കി. സിയാൽ, എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവരുടെ നേതൃത്വത്തിൽ കൊച്ചിയിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
വിമാനത്താവളത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സർവൈലൻസ് സംവിധാനം സജ്ജമാക്കാൻ യോഗത്തിൽ തീരുമാനമായി. രോഗലക്ഷണങ്ങളോടെ എത്തുന്ന യാത്രക്കാരെ വേഗത്തിൽ കണ്ടെത്തുന്നതിനായി തെർമൽ സ്ക്രീനിംഗ്, വിഷ്വൽ ഇൻസ്പെക്ഷൻ എന്നിവ വിമാനത്താവളത്തിൽ ശക്തമാക്കിയിട്ടുണ്ട്. വിദേശത്തുനിന്നെത്തുന്ന യാത്രക്കാരുടെ കഴിഞ്ഞ 21 ദിവസത്തെ യാത്രാ ചരിത്രവും കർശനമായ പരിശോധനയ്ക്ക് വിധേയമാക്കും.
ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിലാണ് നിലവിൽ എബോള വൈറസ് രോഗം അതിവേഗം പടർന്നുപിടിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമാനത്താളത്തിൽ ജാഗ്രതാ നടപടികൾ ശക്തമാക്കിയത്.