കോട്ടയം: നരേന്ദ്ര മോദി സര്‍ക്കാര്‍ 2014ല്‍ അധികാരത്തില്‍ വന്നതുമുതല്‍ രാജ്യത്തിന്റെ വളരെ വേഗത്തിലുള്ളതും സ്ഥിരതയുള്ളതുമായ വികസന യുഗത്തിനാണ് ആരംഭമായതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ 12-ാം വാര്‍ഷികത്തിന്റെ ഭാഗമായി കോട്ടയം വെസ്റ്റ്, ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വികസന സങ്കല്‍പ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയിരുന്നു അദ്ദേഹം.
കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ക്ക് വികസനം പരിചയമാകുന്നത് ദേശീയപാത വികസനവും വന്ദേ ഭാരത് പോലെയുള്ള ആധുനിക റെയില്‍വേ വികസനവും വഴിയാണ്. ടൂറിസം മേഖലകളില്‍ സ്ഥിരപരിചിതമല്ലാത്ത സ്വദേശ് ദര്ശന് പോലെയുള്ള പദ്ധതികൾ, ധനമന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന പുതിയ ടൂറിസം പദ്ധതികള്‍, ആരോഗ്യ മേഖലയിലെ ആയുഷ്മാന്‍ ഭാരത് പദ്ധതി തുടങ്ങി ഒട്ടനവധി പദ്ധതികള്‍ ഇന്ന് നിലവിലുണ്ട്.
നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഇതില്‍ പലതും നടപ്പാകുന്നില്ല എന്നത് ഒരു യാഥാര്‍ഥ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര പദ്ധതികളെക്കുറിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് പ്രസംഗിച്ചു.
ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷന്‍ ലിജിന്‍ ലാല്‍ അധ്യക്ഷത വഹിച്ചു. മധ്യമേഖലാ ഉപാധ്യക്ഷന്‍ ടി.എന്‍. ഹരികുമാര്‍, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് അധ്യക്ഷയും കോട്ടയം ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ മിനര്‍വ മോഹന്‍, എസ്. രതീഷ്, ലാല്‍കൃഷ്ണ, അഖില്‍ രവീന്ദ്രന്, സംസ്ഥാന സമിതി അംഗം നാരായണന് നമ്പൂതിരി, ജില്ലാ ഉപാധ്യക്ഷന്‍ അരുണ്‍ മൂലേടം തുടങ്ങിയവര്‍ പ്രസംഗിച്ചു.
എയിംസ് കോട്ടയത്ത് വേണമെന്ന് ഷോൺ;തൃശൂരിന് തന്നെയാണ് വേണ്ടതെന്ന് സുരേഷ് ഗോപി
കോട്ടയം: വെള്ളൂരിൽ ന്യൂസ്പ്രിന്റ് ഫാക്ടറി പ്രവർത്തനം അവസാനിപ്പിച്ച ശേഷം ലഭ്യമായ 600 ഏക്കറോളം സ്ഥലത്ത് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. മോദി സർക്കാരിന്റെ 12 വർഷത്തെ വികസന യാത്രയുടെ ഭാഗമായി ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വികസന സദസിലാണ് ഷോൺ ഈ ആവശ്യം ഉന്നയിച്ചത്.
എന്നാൽ വേദിയിലുണ്ടായിരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി “അത് തൃശൂരിന് തന്നെയാണ് വേണ്ടത്” എന്ന് തിരിച്ചടിച്ചു. ജലലഭ്യത, റോഡ്-റെയിൽ-വിമാന ഗതാഗത സൗകര്യങ്ങൾ എന്നിവയാൽ സമ്പന്നമായ വെള്ളൂരിലെ ഭൂമി എയിംസിന് ഏറ്റവും അനുയോജ്യമാണെന്ന് ഷോൺ ചൂണ്ടിക്കാട്ടി.
തൃശൂരിന്റെ ഭൗമശാസ്ത്രപരമായ പ്രത്യേകതകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് ഏകദേശ സമദൂരത്തിൽ എത്തിച്ചേരാനാകുന്ന കേന്ദ്രസ്ഥാനമെന്ന ഗുണവും തൃശൂരിനുണ്ടെന്ന് സുരേഷ് ഗോപി വിശദീകരിച്ചു.
“എന്തായാലും അടുത്ത തവണ കോട്ടയത്തുനിന്ന് ഒരു ബിജെപി എംപിയെ വിജയിപ്പിക്കാൻ കഴിയുമോ എന്ന് ഞങ്ങളും നോക്കട്ടെ” എന്നായിരുന്നു ഷോണിന്റെ തമാശരൂപേണയുള്ള മറുപടി.