അടിമാലി: ട്രാഫിക് പോലീസ് യൂണിറ്റിന്റെ പ്രവർത്തനം അവതാളത്തിൽ. പോലീസ് ഉദ്യോഗസ്ഥരുടെ ഒഴിവുകൾ നികത്താതെവരുന്നതാണ് കാരണം. ഇതോടെ അടിമാലി സെന്റർ ജംഗ്ഷനിലെ പോയിന്റ് ഡ്യൂട്ടിക്കപ്പുറം അടിമാലി ട്രാഫിക് യൂണിറ്റിന്റെ പ്രവർത്തനം മറ്റു മേഖലയിൽ ലഭ്യമാകുന്നില്ല.
മുമ്പ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആയിരിക്കുമ്പോഴാണ് 43 പോലീസുകാരുമായി അടിമാലിയിൽ ട്രാഫിക് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചത്. ആദ്യകാലങ്ങളിൽ പ്രവർത്തനം കാര്യക്ഷമമായിരുന്നെങ്കിലും മാറിവന്ന സർക്കാർ ഈ യൂണിറ്റിനോട് കടുത്ത അവഗണന കാട്ടി. ഇതോടെ പരമാവധി അംഗബലം 24 ആയി ചുരുക്കി. 24 പോസ്റ്റുകൾ ഉള്ള യൂണിറ്റിൽ ഇപ്പോൾ 12 പോലീസ് ഉദ്യോഗസ്ഥർ മാത്രമാണ് അവശേഷിക്കുന്നത്.
സ്പെഷൽ ഡ്യൂട്ടിയും മെഡിക്കൽ ലീവുകളും കഴിയുമ്പോൾ പരമാവധി ആറു പേരിലേക്കു യൂണിറ്റ് ചുരുങ്ങും. ജില്ലയിൽ ഏറ്റവും കൂടുതൽ ട്രാഫിക് കുറ്റകൃത്യങ്ങൾ നടക്കുന്ന മേഖലകളിൽ ഒന്നാണ് അടിമാലി.
ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരേ നടപടി സ്വീകരിക്കാനോ കേസുകൾ രജിസ്റ്റർ ചെയ്യാനോ കഴിയുന്നില്ല. ട്രാഫിക് യൂണിറ്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നാണ് പ്രദേശവാസികളുടെയും വ്യാപാരികളുടെയും ഓട്ടോ ടാക്സി ഡ്രൈവർമാരുടെയു ആവശ്യം.