ശ്രീകാര്യം: പാങ്ങപ്പാറയിലെ കൊലപാതകത്തിൽ പ്രതികൾ ലക്ഷ്യമിട്ടിരുന്നത് പതിനേഴുകാരനായ അഭിരാമിനെ തന്നെയാണ് വ്യക്തമായി. പ്രതികളുടെ ചോദ്യംചെയ്യലിലും തെളിവെടുപ്പിലുമാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.
ആനന്ദയുടെ ഫോണിൽനിന്ന് ഇൻസ്റ്റഗ്രാം വഴി ചാറ്റ് ചെയ്ത ശേഷം പാങ്ങപ്പാറ പേരൂരിലെ വാഴത്തോപ്പിലേക്കാണ് അഭിരാമിനെ എത്തിച്ചത്. അഭിരാമിനൊപ്പം ഒന്നാം പ്രതി പാങ്ങപ്പാറ ഭാഗത്തുനിന്നുള്ള വഴിയിലൂടെയും ഉമർ ഗാന്ധിപുരത്തുനിന്നുള്ള വഴിയിലൂടെ ഒറ്റയ്ക്കുമാണ് ആരും കാണാതെ സംഭവസ്ഥലത്ത് എത്തിയത്.
അവിടെവച്ചുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് കൊലപാതകം നടത്തിയതെന്നാണ് മൊഴി. അഭിരാമിന്റെ സുഹൃത്തിനെ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്താനാണ് അഭിരാമിനെ വിളിച്ചുവരുത്തിയതെന്ന് പ്രതികൾ മുൻപ് മൊഴി നൽകിയിരുന്നെങ്കിലും അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമായിരുന്നു ഇതെന്നാണ് പോലീസിന്റെ നിഗമനം.
ഒന്നാം പ്രതിയെയും ഐശ്വര്യയെയും തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.