കുന്നോത്ത് (കണ്ണൂർ): ഒടുവിൽ കുടിയേറ്റ കർഷകർ ആ സത്യം തിരിച്ചറിഞ്ഞു. ചോരനീരാക്കി മണ്ണിൽ പൊന്നുവിളയിച്ചാൽ മാത്രം പോരാ. അധ്വാനത്തിന് വിലയുണ്ടാകണമെങ്കിൽ സ്വയം സംരംഭകരുമാകണം. അതാണ് ഇരിട്ടി-കൂട്ടുപുഴ അന്തർസംസ്ഥാന പാതയിലെ കുന്നോത്ത് കുന്നിൻമുകളിൽ തലയെടുപ്പോടെ നിൽക്കുന്ന ബയോ മൗണ്ടൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി ലിമിറ്റഡിന്റെ വിജയരഹസ്യവും.
കർഷകർക്ക് ന്യായവില. ഉപഭോക്താക്കൾക്ക് മായമില്ലാത്ത ഭക്ഷ്യോത്പന്നങ്ങൾ. ഇതാണ് മലയോര കർഷകരുടെ മായമില്ലാത്ത രുചിക്കൂട്ടുമായി എത്തിയ, തലശേരി അതിരൂപതയുടെ നേതൃത്വത്തിലുള്ള ബയോ മൗണ്ടൻ കന്പനിയുടെ ലക്ഷ്യവും മാർഗവും. ബയോ മൗണ്ടൻ മസാലപ്പൊടിയും പുട്ടുപൊടിയും വാട്ടുകപ്പയും ചായപ്പൊടിയുമെല്ലാം നാട്ടിൽ മാത്രമല്ല വിദേശത്തും മലയാളികളുടെ പ്രിയ രുചിക്കൂട്ടാകുകയാണ്. ജൈവ ഉത്പന്നങ്ങളിൽനിന്ന് ആധുനിക സാങ്കേതിക സംവിധാനങ്ങളിലൂടെ തയാർ ചെയ്യുന്ന ഭക്ഷ്യോത്പന്നങ്ങൾ ആകർഷകമായ പായ്ക്കറ്റുകളിലാക്കി വിപണിയിൽ മുന്നേറ്റത്തിനൊരുങ്ങുകയാണ് ബയോ മൗണ്ടൻ. തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ ആരംഭിച്ച കർഷക കൂട്ടായ്മയിലൂടെയായിരുന്നു ബയോ മൗണ്ടൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനിയുടെ പിറവി.
കാർഷിക മേഖലയിൽ പുതുമാതൃക സൃഷ്ടിച്ചെടുത്ത ബയോ മൗണ്ടൻ കന്പനിയിൽ നാനാജാതി മതസ്ഥരായ 7500 കർഷകരാണ് ഓഹരിഉടമകൾ.
കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കർഷകർക്കുവേണ്ടി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ ഏറ്റെടുക്കാൻ ബയോ മൗണ്ടൻ തയാറായത് കണ്ണൂർ, കാസർഗോഡ് ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഉണർവായി. കർഷകർക്ക് സംരംഭങ്ങൾ ആരംഭിക്കാൻ ബയോ മൗണ്ടന്റെ നേതൃത്വത്തിൽ സർക്കാരുമായി സഹകരിച്ച് ഹരിത വ്യവസായ പാർക്കും ഒരുക്കിയിട്ടുണ്ട്.
കർഷകരുടെ സ്വന്തം ഫാക്ടറി
കുന്നോത്ത് ഫൊറോന പള്ളിയുടെ അരികിലൂടെ മുകളിലേക്ക് കയറിയാൽ തലശേരി അതിരൂപതയുടെ ഹരിത വ്യവസായ എസ്റ്റേറ്റിലെ ബയോ മൗണ്ടൻ കന്പനിയിലെത്താം. ഇപ്പോൾ പൂത്തുനിൽക്കുന്ന സൂര്യകാന്തി പാടത്തിന് പിന്നിൽ മലയോര കർഷകരുടെ അഭിമാനമായ ഫാക്ടറി. വലിയ കെട്ടിടത്തിലുള്ള അരിപ്പൊടി നിർമാണ യൂണിറ്റ് ആരെയും ആകർഷിക്കും. ഒരു ദിവസം 30 ക്വിന്റൽ അരി പൊടിച്ചെടുത്ത് പായ്ക്ക് ചെയ്യാൻ കഴിയുന്ന അത്യന്താധുനിക യന്ത്രസംവിധാനങ്ങളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
അരിയിൽ നിന്ന് കല്ല് വേർതിരിച്ചെടുക്കൽ, കഴുകി വൃത്തിയാക്കൽ, പുഴുങ്ങൽ, ഉണക്കൽ, പൊടിക്കൽ, പായ്ക്കിംഗ് തുടങ്ങിയവയെല്ലാം യന്ത്രസംവിധാനങ്ങൾ നിർവഹിക്കും. ബാച്ച് നന്പർ ഉൾപ്പെടെയാണ് പായ്ക്കിംഗ്. ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന മെഷീനിൽ പുട്ട്, പാലപ്പം പൊടികൾ തയാറാക്കാനുള്ള സംവിധാനങ്ങളുണ്ട്.
കറിപ്പൊടികൾ തയാറാക്കാനും ആധുനിക യന്ത്രസംവിധാനങ്ങളുണ്ട്. മല്ലിയും മുളകും വൃത്തിയാക്കുന്നതും വറുത്ത് പൊടിച്ചെടുക്കുന്നതും പൂർണമായും യന്ത്രസംവിധാനത്തിലാണ്. മണിക്കൂറിൽ അഞ്ച് ക്വിന്റൽ മുളകും മല്ലിയും പൊടിച്ചെടുക്കാൻ കഴിയും. കപ്പവാട്ടിനും യന്ത്രങ്ങളുടെ സഹായമുണ്ട്. കപ്പയുടെ പുറന്തൊലി കളഞ്ഞ് വൃത്തിയാക്കൽ, അരിയൽ, ഉണക്കൽ തുടങ്ങിയവ യന്ത്രസംവിധാനത്തോടെയാണ് ചെയ്യുന്നത്.
കളറും മായങ്ങളും ഇല്ലാതെ...
കളറും മായവും ചേരാത്ത കറിപൗഡറുകളാണ് ബയോ മൗണ്ടനെ വിപണിയിൽ പ്രിയങ്കരമാക്കിയതിൽ പ്രധാനം. 12 സുഗന്ധവ്യഞ്ജനങ്ങൾ ചേർത്താണ് മസാലപ്പൊടികൾ തയാറാക്കുന്നത്. മല്ലിപ്പൊടി, മുളകുപൊടി, കാഷ്മീരി മുളകുപൊടി, മീറ്റ് മസാല, ചിക്കൻ മസാല, ഫിഷ് മസാല, അച്ചാർപൊടി, രസംപൊടി, മഞ്ഞൾപ്പൊടി തുടങ്ങിയവ ബയോ മൗണ്ടൻ വിപണിയിലെത്തിക്കുന്നു. ആവശ്യമായ സുഗന്ധവ്യഞ്ജനങ്ങൾ കർഷകരിൽനിന്ന് നേരിട്ടെടുക്കുകയാണ്. ലാബുകളിൽ കൃത്യമായ പരിശോധനയ്ക്കും അംഗീകാരത്തിനും ശേഷമാണ് ഓരോ ഉത്പന്നവും വിപണിയിലെത്തിക്കുന്നത്.
നാലിന്റെ മാജിക്കിൽ പുട്ടുപൊടിയും ചായപ്പൊടിയും
പുട്ട് കറികൂട്ടി കഴിക്കുന്നതാണ് നമ്മുടെ ശീലം. എന്നാൽ, ബയോ മൗണ്ടൻ പുട്ടുപൊടി ഉപയോഗിച്ചാൽ പ്രത്യേകിച്ച് കറിയുടെ ആവശ്യമില്ലെന്ന് മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ പറയുന്നു. അതിന്റെ കാരണവും അദ്ദേഹം വിശദീകരിച്ചു. ഒരുതരം അരി മാത്രം ഉപയോഗിച്ചല്ല ബയോ മൗണ്ടൻ പുട്ടുപൊടി തയാറാക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലെ നാലുതരം അരികൾ നിശ്ചിത അനുപാതത്തിലെടുത്ത് പൊടിച്ചെടുക്കുകയാണ്. കേരളം, ഗുജറാത്ത് എന്നിവിടങ്ങളിലെ ഓരോ ഇനവും കർണാടകയിലെ രണ്ടിനം അരിയുമാണ് പുട്ടുപൊടിക്കായി ഉപയോഗിക്കുന്നത്. പ്രത്യേക സ്വാദും പാകം ചെയ്ത് എത്രനേരം കഴിഞ്ഞാലും മയം നഷ്ടപ്പെടില്ലെന്നതും ബയോ മൗണ്ടൻ പുട്ടുപൊടിയുടെ പ്രത്യേകതയാണെന്ന് അദ്ദേഹം പറയുന്നു. കാരറ്റ്, ബീറ്റ്റൂട്ട്, ചക്ക, ചക്കക്കുരു എന്നിവ ഉപയോഗിച്ചുള്ള പുട്ടുപൊടികളുടെ ഉത്പാദനത്തിനും ഒരുങ്ങുകയാണ് ബയോ മൗണ്ടൻ.
ഇതുസംബന്ധിച്ച ലാബ് ടെസ്റ്റുകളെല്ലാം വിജയകരമായി പൂർത്തിയായി.
ബയോ മൗണ്ടന്റെ ചായപ്പൊടിക്കും ആവശ്യക്കാർ ഏറെയാണ്. ഹോട്ടൽ നടത്തിപ്പുകാരും ചായപ്പൊടി ചോദിച്ചെത്തുന്നുണ്ട്. അവർക്കുവേണ്ടി അഞ്ച് കിലോഗ്രാമിന്റെ പ്രത്യേക പായ്ക്കും തയാറാക്കിയിട്ടുണ്ട്. കൊച്ചി മാർക്കറ്റിൽനിന്ന് വൻകിട കന്പനികളുടെ ഗുണമേന്മയുള്ള ചായപ്പൊടികൾ നേരിട്ട് ലേലത്തിൽ എടുക്കുകയാണ് കന്പനി ചെയ്യുന്നത്. നാല് വ്യത്യസ്തയിനം ചായപ്പൊടികൾ ചേർത്താണ് ബയോ മൗണ്ടൻ ചായപ്പൊടികൾ തയാറാക്കുന്നത്. അതാണ് ബയോമൗണ്ടൻ ചായപ്പൊടിയുടെ രുചിരഹസ്യം.