Leader Page
കേരളത്തിന്റെ ഗുരുതരമായ ധനകാര്യാവസ്ഥ ധവളപത്രം പുറത്തുകൊണ്ടുവന്നു. എന്നാൽ, പിന്നാലെ വന്ന ബജറ്റ് ഇത് പ്രതിഫലിപ്പിക്കുന്നതായിരുന്നില്ല. നികുതി കുടിശിക പിരിച്ചെടുക്കാനുള്ള പദ്ധതിയും മോട്ടര് വാഹന നികുതി നിരക്കിലെ ചില മാറ്റങ്ങളും ഒഴിച്ചാല് അധിക വിഭവസമാഹരണ നിര്ദേശങ്ങള് ഒന്നുമില്ല. കുറേ വര്ഷങ്ങളായി തുടരുന്ന ഒരു പ്രവണതയാണിത്. ഇത് തിരുത്തി തുടങ്ങാനുള്ള ഒരു അവസരമാണ് ഇവിടെ നഷ്ടപ്പെട്ടത്.
നികുതിനല്കല് ശേഷിയിലെ കുതിപ്പ്
കേരളം രൂപീകൃതമായിട്ട് 70 വര്ഷം ആകാന് പോകുന്നു. ഈ കാലയളവില് കേരളീയരുടെ നികുതി നല്കല് ശേഷി പതിന്മടങ്ങ് വര്ധിച്ചു. ആളോഹരി ഉപഭോഗത്തില് 1972-73ല് കേരളം എട്ടാം സ്ഥാനത്തായിരുന്നു. 1970കളുടെ മധ്യത്തോടെ ഗള്ഫ് പണത്തിന്റെ പച്ചയില് കേരളം മൂന്നാം സ്ഥാനത്തേക്ക് ഉയര്ന്നു. 1999-2000 മുതല് ഒന്നാംസ്ഥാനത്താണ്. 2022-23ലെ ഉപഭോഗ സര്വേയിലും കേരളം ഒന്നാംസ്ഥാനത്ത് തുടരുകയാണ്. ഇന്ത്യയില് ആകെ ഉത്പാദിപ്പിക്കപ്പെടുന്ന ആഡംബര ഉപഭോഗ വസ്തുക്കളുടെ 10 ശതമാനം കേരളത്തിലാണ് വിപണനം ചെയ്യപ്പെടുന്നത് എന്നൊക്കെ ചില സ്ഥിരീകരിക്കപ്പെടാത്ത കണക്കുകളുണ്ട്.
ഇതൊന്നും പക്ഷേ കേരളത്തിന്റെ തനത് വിഭവസമാഹരണത്തില് പ്രതിഫലിക്കുന്നില്ല. 1957-58 മുതല് 1966-67 വരെയുള്ള 10 വര്ഷക്കാലം ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സമാഹരിച്ച തനത് വരുമാനത്തില് കേരളത്തിന് 4.45 ശതമാനം ഓഹരി ഉണ്ടായിരുന്നു. 2025-26 ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ഇത് 3.71 ശതമാനത്തിലേക്ക് താണിരിക്കുകയാണ്.
മനസുവച്ചാല് മാര്ഗമുണ്ട്
പൊതു വിഭവസമാഹരണത്തിലെ പരാജയം മുന്നണി രാഷ്ട്രീയത്തിന്റെ അനിവാര്യമായ പരിണതിയാണ്. സമാഹാരിക്കാവുന്നതും സമാഹരിക്കേണ്ടതുമായ പൊതുവിഭവങ്ങള്ക്കു പകരം കടമെടുത്ത് ചെലവുകള് ചെയ്തുവന്നു. ജനപ്രിയതയ്ക്കുവേണ്ടി നികുതി ഇളവുകളും സൗജന്യങ്ങളും കൊടുക്കുന്നതില് അന്യോന്യം മത്സരിച്ചു. ഇന്നിപ്പോള് കടമെടുപ്പില് കര്ശന നിയന്ത്രണം വന്നപ്പോള് പൊതുവിഭവ സമാഹരണത്തിന് ജനങ്ങളെ സമീപിക്കാന് മടി. വര്ഷങ്ങളോളം താഴ്ന്ന നികുതി ഭാരവുമായി തഴക്കം വന്നുപോയ ജനങ്ങളില്നിന്നു വിഭവ സമാഹരണം ക്ലേശകരം തന്നെയാണ്.
നോര്വേ, സ്വീഡന്, ഡെന്മാര്ക്ക് എന്നീ നോര്ഡിക് രാജ്യങ്ങളില് ദേശീയ വരുമാനത്തിന്റെ 40 ശതമാനം വരെയാണ് നികുതിയായി പിരിക്കുന്നത്. വര്ഷങ്ങള്കൊണ്ട് വളര്ത്തിയെടുത്ത നികുതിനല്കല് സംസ്കാരമാണിത് സാധ്യമാക്കുന്നത്.
2015-16ല് തനത് നികുതിവരുമാനം സംസ്ഥാന വരുമാനത്തിന്റെ 6.94 ശതമാനമായിരുന്നത് 2025-26 ആകുമ്പോള് 6.41 ശതമാനമായി കുറഞ്ഞതായാണ് ധവളപത്രം കണ്ടെത്തിയിരിക്കുന്നത്. മെച്ചപ്പെട്ട പൊതുസേവനങ്ങള് സ്വയംഭൂവല്ലെന്നും സ്വകാര്യ ഉപഭോഗം കുറച്ച് പൊതു ആവശ്യങ്ങള്ക്കായി വിഭവങ്ങള് മാറ്റിവച്ച് നേടിയെടുക്കുന്നതാണെന്നും അര്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം ജനങ്ങളോട് പറയാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് ഇവിടെ വേണ്ടത്.
പ്രത്യക്ഷ നികുതികളും യുക്തിസഹമായ ഫീസുകളും
ജിഎസ്ടി വന്നതോടെ അധികാരമെല്ലാം പോയെന്ന് വിലപിച്ചിരിക്കുന്നതിനു പകരം സംസ്ഥാനങ്ങള്ക്ക് ഭരണഘടന നല്കുന്ന അധികാരങ്ങള് കാര്യക്ഷമമായി പ്രയോജനപ്പെടുത്തുകയാണു വേണ്ടത്. കേരളത്തിന്റെ സാഹചര്യത്തില് വലിയ സാധ്യതയുള്ള വരുമാന സ്രോതസാണ് വസ്തുനികുതി. ഇത് ചുമത്താനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്ക് നല്കിയിട്ടുള്ളതാണ്.
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടില് നടത്തിയ പഠനം കാണിക്കുന്നത് ഈ നികുതി സ്രോതസിന്റെ സാധ്യതകള് പ്രയോജനപ്പെടുത്താനുള്ള സ്വയംപ്രചോദനമോ കരവിരുതോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്ക് ഇല്ലെന്നാണ്. അവരുടെ നഷ്ടം നികത്തിക്കൊടുക്കാം എന്ന കരാറിന്മേല് ഈ നികുതി സംസ്ഥാനത്തിന് തിരികെയെടുക്കാം. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംസ്ഥാനമൊട്ടാകെ കുറേക്കൂടി ഉയര്ന്ന നിരക്കില് പിരിച്ചാല് ഇന്നു ലഭിക്കുന്ന വരുമാനത്തിന്റെ ഇരട്ടി സമാഹരിക്കാന് കഴിയും.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ സര്ക്കാര് സേവനങ്ങളുടെമേല് യുക്തിസഹമായ ഫീസുകളാണ് മറ്റൊന്ന്. 1970-71ൽ ഈ മേഖലയിലെ റവന്യു ചെലവിന്റെ 5.55 ശതമാനം ഫീസുകളായി പിരിച്ചിരുന്നു. 2021-22 മുതല് 2025-26 വരെയുള്ള അഞ്ചു വര്ഷക്കാലം ഇത് ശരാശരി 1.35 ശതമാനം മാത്രമായിരുന്നു. നേരേമറിച്ച് തമിഴ്നാട്ടില് ഇത് 5.51 ശതമാനമാണ്. വൈദ്യുതി തീരുവ യുക്തിസഹമായി വര്ധിച്ചാല് അധികവരുമാനത്തോടൊപ്പം വൈദ്യുതിയുടെ ദുരുപയോഗവും കുറയ്ക്കാം. പാവപ്പെട്ടവരെയും താഴ്ന്ന വരുമാനക്കാരെയും ഒഴിവാക്കി മധ്യവര്ഗത്തില്നിന്നും സമ്പന്നരില്നിന്നും വിഭവസമാഹരണം നടത്താനുള്ള മൂന്നു മാര്ഗങ്ങളാണിവ.
ഖജനാവില് പൂച്ച പെറ്റുകിടക്കുകയാണ് എന്ന് നിരന്തരം ആക്ഷേപിച്ചു വന്ന ധനമന്ത്രികൂടിയായ മുഖ്യമന്ത്രി അത് നിറച്ചുതുടങ്ങാനുള്ള ആദ്യാവസരം നഷ്ടപ്പെടുത്തി. അടുത്ത ബജറ്റിലെങ്കിലും അദ്ദേഹം ഈ വീഴ്ച തിരുത്തുമെന്ന് പ്രതീക്ഷിക്കാം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് ഫിനാൻസ് ബില്ലിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ ആലോചിച്ചു മാത്രം പ്രതികരിക്കാൻ മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ.
വിവാദമായ ബജറ്റ് നിര്ദേശം ബില്ലിൽ ഉൾപ്പെടുത്തെരുതെന്നായിരുന്നു സുധീരന്റെ ആവശ്യം. എന്നാല് സുധീരന്റെ ആവശ്യമടക്കം മുഖ്യമന്ത്രി തള്ളുകയും നിര്ദേശം ബില്ലിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. നടപ്പാക്കുന്ന തീയതി സർക്കാർ തീരുമാനിക്കുമെന്ന ഉപാധിയോടെയാണ് നിര്ദേശം ഉള്പ്പെടുത്തിയത്.
അതേസമയം സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കണോ എന്ന തീരുമാനം മുന്നണിക്ക് വിട്ട സാഹചര്യത്തിലാണ് തീരുമാനം. എന്നാൽ യുഡിഎഫ് യോഗം എന്ന് നടക്കുമെന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല.
National
ന്യൂഡൽഹി: വ്യോമയാന ഇന്ധനത്തിന്റെ വില വർധനയെത്തുടർന്ന് പ്രതിസന്ധി രൂക്ഷമായതോടെ ഇന്ധന നികുതി ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് എയർ ഇന്ത്യയും ഇൻഡിഗോയും ആവശ്യപ്പെട്ടതായി റിപ്പോർട്ട്. സ്വകാര്യ എയർപോർട്ടിലെ നിരക്കുകളിലും ഇളവ് വേണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഇറാൻ-ഇസ്രയേൽ യുദ്ധ സാഹചര്യം കണക്കിലെടുത്താണ് നടപടി.
ആഗോള എണ്ണവിലയിലും വ്യോമയാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവൽ (ATF) വിലയിലും ഗണ്യമായ വർധനയാണുണ്ടായിരിക്കുന്നത്. പിന്നാലെയാണ് എയർ ഇന്ത്യയുടേയും ഇൻഡിഗോയുടേയും ആവശ്യം.
ഇരു കമ്പനികളും ഇതിനകം ഫ്യൂവൽ സർചാർജ് ഏർപ്പെടുത്തിയിട്ടുണ്ട്. എയർ ഇന്ത്യ മാർച്ച് 12 മുതൽ ഘട്ടം ഘട്ടമായി സർചാർജ് വർധിപ്പിച്ചു. ഇൻഡിഗോ മാർച്ച് 14 മുതൽ 425 രൂപ മുതൽ 2300 രൂപ വരെ ഫ്യൂവൽ ചാർജ് ഏർപ്പെടുത്തി. ഇത് ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കാൻ കാരണമായി. ഈ സാഹചര്യത്തിൽ വിമാന യാത്രക്കാർക്ക് കൂടുതൽ ചെലവ് വരുന്നുണ്ട്.
എയർലൈനുകൾക്ക് നികുതി ഒഴിവാക്കൽ ലഭിച്ചാൽ മാത്രമേ ടിക്കറ്റ് നിരക്കുകൾ നിയന്ത്രിക്കാൻ കഴിയൂ എന്നാണ് വിലയിരുത്തൽ. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Kerala
കൊച്ചി: മലയാള സിനിമയുടെ ആവശ്യങ്ങള് സംസ്ഥാന ബജറ്റില് പരിഗണിക്കാത്തതിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനു പ്രതിഷേധം. ഇരട്ട നികുതി ഒഴിവാക്കാല് അടക്കമുള്ള കാര്യങ്ങളാണ് അസോസിയേഷന് ആവശ്യപ്പെട്ടത്. ജനുവരി 21ന് നടത്തിയ സൂചന പണിമുടക്കിനെ തുടര്ന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന് ചര്ച്ചയ്ക്കു വിളിക്കുകയും കാര്യങ്ങള് പരിഗണിക്കാമെന്നു പറയുകയും ചെയ്തിരുന്നു. ബജറ്റില് ഉള്പ്പെടുത്താമെന്നു പറഞ്ഞെങ്കിലും പ്രഖ്യാപനങ്ങള് ഉണ്ടാവത്തതില് കടുത്ത പ്രതിഷേധത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്.
വാക്ക് പാലിച്ചില്ല
21ന് മലയാള സിനിമ സൂചന പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. മന്ത്രി സജി ചെറിയാന് ഞങ്ങളെ ചര്ച്ചയ്ക്ക് വിളിക്കുകയും കാര്യങ്ങള് അനുഭാവപൂര്വം പരിഗണിക്കാമെന്നു ഉറപ്പു നൽകുകയും ചെയ്തു. ഇതുകൊണ്ടാണ് ഞങ്ങള് സമരം പിന്വലിച്ചത്. വിനോദ നികുതിയായി ഈടാക്കുന്നത് ഇരട്ടി നികുതിയാണ്. അത് എടുത്തു കളയണമെന്നായിരുന്നു ഞങ്ങളുടെ ഡിമാൻഡ്. ഈ കാര്യം മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും ധരിപ്പിക്കാമെന്നും വേണ്ട ഇളവുകള് നല്കാമെന്നും മന്ത്രി ഉറപ്പു നല്കിയിരുന്നു. എന്നാല്, ഇന്നത്തെ ബജറ്റില് ആ ഉറപ്പു കാണാനില്ല - പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികള് വാര്ത്താസമ്മേളനത്തില് പറഞ്ഞു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റും തങ്ങളും ധനകാര്യമന്ത്രിയെ പോയി കാണുകയും കേരള ഫിലിം ചേംബറില്നിന്നു കത്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ബജറ്റില് സിനിമ വ്യവസായത്തെ സംബന്ധിച്ചു കാതലായ ഒരു സഹായവും ഉണ്ടായിട്ടില്ല. ഇരട്ട നികുതി പിടിച്ചുപറിയാണ്. കഴിഞ്ഞ ഒൻപതു വര്ഷമായി ഇടതുപക്ഷ സര്ക്കാരിനോട് ഇരട്ട നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നു. ഈ ബജറ്റിലും അതില് പ്രഖ്യാപനങ്ങളൊന്നുമില്ല.
നികുതിയോടു നികുതി
ഇന്ത്യയില് ഒരു പ്രോഡക്ടിനും ഇല്ലാത്ത നികുതിയാണ് മലയാള സിനിമയ്ക്ക് ഇടാക്കുന്നത്. ഏകദേശം 47 ശതമാനം ടാക്സ് നല്കണം. സിനിമ നിര്മിക്കാന് ഒരു കോടി രൂപയുമായി ഒരു നിര്മാതാവ് ഇറങ്ങിയാല് അപ്പോള്തന്നെ 18 ലക്ഷം രൂപ ജിഎസ്ടിക്കായി സംഘടിപ്പിക്കണം. തിയേറ്ററില് നാലു കോടി രൂപ നേടിയാല് മാത്രമേ ഈ ഒരു കോടി 18 ലക്ഷം രൂപ തിരിച്ചു കിട്ടുകയുള്ളു. സിനിമ ടിക്കറ്റിനും 18 ശതമാനം ജിഎസ്ടി വാങ്ങും. അതിന്റെ കൂടെ 8.5 ശതമാനം അഡീഷണല്. പിന്നെ ക്ഷേമനിധി, കെഎസ്എഫ്ഡിസി, ചലച്ചത്ര അക്കാദമി എന്നിങ്ങനെയുള്ള വിഹിതങ്ങള് എല്ലാം കൂട്ടി മൂന്നു ശതമാനം വേറെയും. മറ്റൊരു പ്രോഡക്ടിനും ഇത്രയും നികുതിയില്ല - അസോസിയേഷന് ചൂണ്ടിക്കാട്ടി.
National
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ചെക്ക് പോസ്റ്റുകൾ പുനരാംഭിക്കുന്നു. ശബരിമല സീസണിന് മുന്നോടിയായിട്ടാണ് ചെക്ക്പോസ്റ്റുകൾ തുടങ്ങുന്നത്.
അന്തർസംസ്ഥാന വാഹന നികുതി പിരിവിനാണ് ചെക്ക് പോസ്റ്റുകൾ തുടങ്ങുന്നത്. എല്ലാ ഡെപ്യൂട്ടി കമ്മീഷ്ണർമാർക്കും ഇതുസംബന്ധിച്ച് നിർദേശം നൽകിയതായി ഗതാഗത കമ്മീഷ്ണർ അറിയിച്ചു.
ചെക്ക് പോസ്റ്റുകൾക്ക് പകരം എഐ കാമറ ഉപയോഗിച്ച് വാഹനങ്ങൾ പിടികൂടാനായിരുന്നു നിർദേശം.
Business
ന്യൂഡൽഹി: നികുതിയിൽ ഇന്ത്യ വരുത്തിയ ഇളവിൽ ഒരു മാസം നീണ്ടുനിന്ന ഉത്സവ സീസണിൽ രാജ്യത്തുടനീളമുള്ള വിൽപ്പനയിൽ വൻ കുതിപ്പ്. ആറു ലക്ഷം കോടി രൂപയുടെ വില്പനയാണ് നടന്നത്.
കാറുകൾ മുതൽ അടുക്കള ഉപകരണങ്ങൾ വരെയുള്ള സാധനങ്ങളുടെ വാങ്ങലിലും വില്പനയിലും വൻ വർധനയാണുണ്ടായത്. സെപ്റ്റംബർ 22നും ഒക്ടോബർ 21നും ഇടയിലുള്ള കാലയളവിലെ (നവരാത്രി, ദീപാവലി തുടങ്ങിയ ഹിന്ദു ഉത്സവങ്ങൾ നടന്ന സമയം) ചെലവഴിക്കൽ കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ 8.5 ശതമാനം വർധിച്ചതായി റീട്ടെയിൽ ഇന്റലിജൻസ് സംവിധാനമായ ബിസോമിന്റെ കണക്കുകൾ പറയുന്നതായി ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇത് യുഎസ് ചുമത്തിയ 50 ശതമാനം ഇറക്കുമതി തീരുവ കാരണം പ്രതിസന്ധിയിലായ സന്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകി.
ആഭരണങ്ങൾ, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, ഫർണിഷിംഗ്, മധുരപലഹാരങ്ങൾ തുടങ്ങിയ ഇനങ്ങൾക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതെന്ന് കോണ്ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്റെ ദേശീയ പ്രസിഡന്റ് ബി.സി. ഭാർതിയ ഒരു പ്രസ്താവനയിൽ പറഞ്ഞു.
വിൽപ്പനയിലുണ്ടായ ഈ കുതിപ്പ് ആഭ്യന്തര ഉപഭോഗത്തിലെ ഒരു വലിയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഏപ്രിലിൽ നേരിയ തോതിൽ തുടങ്ങിയ പുരോഗതി യുഎസ് തീരുവ കാരണം തടസപ്പെട്ടിരുന്നു. സെപ്റ്റംബർ 22 മുതൽ ഏകദേശം 400 ഇനങ്ങളുടെ ചരക്കുസേവന നികുതി കുറച്ചുകൊണ്ടാണ് ഇതിനു മറുപടി നൽകിയത്.
ഇന്ത്യയിലെ പ്രധാന കാർ നിർമാതാക്കളായ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവരുടെ പ്രതിമാസ വിൽപ്പനയിൽ കുതിച്ചുചാട്ടമുണ്ടായി. ഏകദേശം ഒരു ദശാബ്ദത്തിനിടയിലെ ആദ്യത്തെ പ്രധാന നികുതി ഇളവ് കാറുകളുടെ വിലയിൽ കുറവുണ്ടാക്കി.
നവരാത്രിക്കും ധന്തേരസിനും ഇടയിൽ ടാറ്റ മോട്ടോഴ്സ് ഒരു ലക്ഷത്തിലധികം കാറുകൾ ഡെലിവർ ചെയ്തു. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുന്പോൾ, സ്വർണം ഉൾപ്പെടെ വിലയേറിയ സാധനങ്ങൾ വാങ്ങാൻ ഏറ്റവും മികച്ച ദിവസമായി കരുതുന്ന ധന്തേരസ് ദിനത്തിൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ വിൽപ്പനയിൽ 20 ശതമാനം വർധനവ് രേഖപ്പെടുത്തി.
നല്ലൊരു മണ്സൂണ് സീസണ് ഗ്രാമീണ വരുമാനം വർധിപ്പിച്ചതിനെത്തുടർന്ന് മഹീന്ദ്രയുടെ ട്രാക്ടർ വില്പനയിൽ 27 ശതമാനം വളർച്ചയാണുണ്ടായത്. മികച്ച വരുമാനവും നികുതിയിളവും മഹീന്ദ്രയുടെ കൂടുതൽ വിൽപ്പനകൾക്ക് ശക്തിപകർന്നു.
ബുക്കിംഗിലുണ്ടായ കുതിപ്പ് പ്രത്യേകിച്ച് ചെറു കാറുകൾക്കുള്ളവ കൈകാര്യം ചെയ്യുന്നതിനായി മാരുതിയുടെ പ്രൊഡക്ഷൻ ടീം അവധി ദിനമായ ഞായറാഴ്ചയും ജോലി ചെയ്തു.
കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ്, എസ്ബിഐ കാർഡ്സ് & പേമെന്റ് സർവീസസ് ലിമിറ്റഡ് എന്നിവയുൾപ്പെടെയുള്ള ധനകാര്യ സേവന സ്ഥാപനങ്ങൾ വിവിധ വിഭാഗങ്ങളിലുമുള്ള ചെലവഴിക്കലിൽ ശക്തമായ വളർച്ച കൈവരിച്ചു.
നികുതി ഇളവിന്റെ ഗുണം പ്രഷർ കുക്കറുകൾ പോലുള്ള ഉത്പന്നങ്ങൾക്ക് ലഭിച്ചതിനാൽ ഉത്സവ ഷോപ്പിംഗ് സമയത്ത് അടുക്കള ഉപകരണങ്ങളുടെ വിഭാഗത്തിൽ വലിയ വിൽപ്പനയാണ് കണ്ടതെന്ന് ക്രോംപ്ടണ് ഗ്രീവ്സ് കണ്സ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ ചീഫ് ഫിനാൽഷൽ ഓഫീസർ എ. കാളീശ്വരൻ പറഞ്ഞു.
നികുതി മാറ്റങ്ങൾ ചില ഇന്ത്യൻ ബിസിനസുകളുടെ വിതരണ ശൃംഖലയെ തടസപ്പെടുത്തുകയും കന്പനികളും വിതരണക്കാരും പഴയ നിരക്കുകളിൽ സാധനങ്ങൾ ഇറക്കാൻ തിടുക്കം കൂട്ടുകയും ചെയ്തതിനാൽ വിൽപ്പനയെ സ്വാധീനിച്ചു.
വില്പനയിലുണ്ടായ കുതിപ്പിനെ ജാഗ്രതയോടെ കാണണമെന്നാണ് നൊമുറ സാന്പത്തിക വിദഗ്ധ സൊണാൽ വർമയും ഒൗറോദീപ് നന്ദിയും ഒക്ടോബർ 27ലെ കുറിപ്പിൽ എഴുതിയത്. ഈ കുതിപ്പിനു കാരണം ഇതിൽ ചിലത് പതിവിലും കൂടുതലുള്ള അടക്കിവച്ച ആവശ്യമാകാമെന്ന് ഇവർ കുറിച്ചു. ശരിയായ ഒരു അളവുകോലിന് ഡിസംബർ മുതൽ ജനുവരി വരെയുള്ള കാലയളവിലെ ഡാറ്റ ട്രെൻഡുകളും പരിഗണിക്കേണ്ടതുണ്ടെന്നും ഇവർ എഴുതി.
സാന്പത്തിക പ്രതിസന്ധികൾ അൽപ്പം കുറഞ്ഞിട്ടുണ്ടെങ്കിലും, വരുമാന വളർച്ച മന്ദഗതിയിലാകുക, ദുർബലമായ തൊഴിൽ വിപണി, സന്പത്തിന്റെ പ്രഭാവം കുറയുക തുടങ്ങിയ ഘടകങ്ങൾ വാങ്ങൽ വികാരത്തെയും ഡിമാൻഡ് അവസ്ഥകളെയും സ്വാധീനിക്കുന്നുണ്ടെന്ന് ഒക്ടോബർ 29ലെ ബോഫ സെക്യൂരിറ്റീസ് റിപ്പോർട്ട് ചെയ്തു.
ഇങ്ങനെയൊക്കെയാണെങ്കിലും കന്പനികൾ ഇപ്പോഴും ആത്മവിശ്വാസത്തിലാണ്. സാധനങ്ങളുടെ വിൽപ്പനയിലുണ്ടായ കുതിപ്പ് ജനുവരിയിലും അതിനുശേഷവുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Leader Page
നാളെ എന്താണു സംഭവിക്കുക എന്നു വ്യക്തമല്ല. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക പ്രഖ്യാപിച്ച 25 ശതമാനം പിഴച്ചുങ്കം ബുധനാഴ്ച നടപ്പാക്കുമോ എന്നു നാളെ അറിയാം. ഇതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. നിലവിലെ 25 ശതമാനത്തിനു മുകളിലാണിത്. അതോടെ ഇന്ത്യൻ സാധനങ്ങൾക്കു വിലയുടെ 50 ശതമാനമാകും യുഎസ് ചുങ്കം. കയറ്റുമതി അസാധ്യമാക്കുന്ന തരം തീരുവ.
പക്ഷേ, നാളെകളിൽ എന്താണ് ഇന്ത്യ- അമേരിക്ക ബന്ധത്തിൽ ഉണ്ടാവുക എന്നു വ്യക്തമാണ്. ബന്ധം കൂടുതൽ വഷളാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മൈ ഫ്രൺഡ്’ എന്നു വിളിച്ചിരുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബന്ധം തകർക്കുന്ന നടപടികൾ തുടരുകയാണ്. തീരുവ വിഷയം അതിൽ ഒന്നു മാത്രം. ഇന്ത്യയിലേക്ക് പുതിയ അംബാസഡറെ നിയമിച്ചതിലും ബന്ധം വഷളാക്കാനുള്ള നീക്കം കാണാം.
താഷ്കെന്റിൽ നിന്ന്
ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റിൽ ജനിച്ച്, സോവ്യറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന് അമേരിക്കയിൽ കുടിയേറിയ ആളാണ് 38 വയസുള്ള സെർജിയോ ഗോർ (പഴയ പേര് സെർജി ഗോറോഖോവ്സ്കി). ഇന്ത്യയിലെ അംബാസഡർ പദവിക്കു പുറമേ ദക്ഷിണ-മധ്യ ഏഷ്യയിലേക്കുള്ള പ്രത്യേക പ്രതിനിധി സ്ഥാനവും ഗോർ വഹിക്കും. ഇത് ഇന്ത്യക്കു സ്വീകാര്യമായ ക്രമീകരണമല്ല.
ഇന്ത്യക്കു പുറമേ പാക്കിസ്ഥാനും ബംഗ്ലാദേശുമടക്കം 12 രാജ്യങ്ങൾ ഉള്ളതാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ദക്ഷിണ-മധ്യ ഏഷ്യ ബ്യൂറോ. അവയുടെ പ്രത്യേക ദൂതനെ ഇന്ത്യയിൽ അംബാസഡറും ആക്കുമ്പോൾ ഇന്ത്യയെ താഴ്ത്തിക്കെട്ടുകയാണ്. ഇന്ത്യയെ പാക്കിസ്ഥാന്റെ ഒപ്പമോ താഴെയോ കണക്കാക്കുന്നതാണ് ഈ നിയമനം എന്നു പറയാം. കാഷ്മീർ വിഷയം വീണ്ടും കുത്തിപ്പൊക്കാൻ അതു വഴിതെളിക്കും.
ഒബാമ പിൻവാങ്ങി
2009ൽ റിച്ചാർഡ് ഹോൾബ്രൂക്ക് എന്ന പരിചയസമ്പന്നനായ നയതന്ത്രജ്ഞനെ ഇങ്ങനെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ യുഎസ് പ്രസിഡന്റ് ബറാക്് ഒബാമ ശ്രമിച്ചപ്പോൾ ഇന്ത്യ എതിർത്തു. അന്നത്തെ വിദേശകാര്യ മന്ത്രി പ്രണബ് മുഖർജിയും വിദേശകാര്യ സെക്രട്ടറി ശിവശങ്കർ മേനോനും രേഖാമൂലം പ്രതിഷേധം അറിയിച്ചപ്പോൾ ഒബാമ വഴങ്ങി. ഹോൾബ്രൂക്കിനെ അഫ്ഗാനിസ്ഥാന്റെയും പാക്കിസ്ഥാന്റെയും (അഫ്പാക് ) കാര്യങ്ങൾക്കു മാത്രമുള്ള പ്രത്യേക പ്രതിനിധിയാക്കി.
ഗോറിന്റെ നിയമനത്തെപ്പറ്റി ചോദിച്ചപ്പോൾ താൻ അറിഞ്ഞു എന്നു മാത്രമാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പ്രതികരിച്ചത്. അർഥഗർഭമാണ് അത്. മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്ന അംബാസഡർ പദവിയിൽ ആൾ വരുന്നതിന്റെ സന്തോഷംപോലും ജയശങ്കർ പ്രകടിപ്പിച്ചില്ല.
ഏറ്റവും വിശ്വസ്തൻ
മൂന്നു തവണയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ട്രംപിന്റെ സഹായിയായിരുന്നു ഗോർ. അനുവാദം ചോദിക്കാതെ പ്രസിഡന്റിന്റെ മുറിയിൽ കയറാൻ അനുവാദമുള്ള ആൾ. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശത്തു തന്റെ അജൻഡ നടപ്പാക്കാൻ ഏറ്റവും വിശ്വസ്തനും സമർഥനുമായ ആൾ എന്നു വിശേഷിപ്പിച്ചാണു ഗോറിനെ തന്റെ സമൂഹമാധ്യമ പോസ്റ്റിൽ ട്രംപ് അവതരിപ്പിച്ചത്. ട്രംപിന്റെ വിശ്വസ്തനായതുകൊണ്ട് ഗോർ ഇന്ത്യക്കു കാര്യങ്ങൾ എളുപ്പമാക്കും എന്നു കരുതുന്നവർ ഉണ്ട്. പക്ഷേ ഇന്ത്യ വളരെ ക്ലേശിക്കേണ്ടി വരും എന്നാണു നയതന്ത്ര നിരീക്ഷകർ ഒന്നടങ്കം വിലയിരുത്തുന്നത്.
നയതന്ത്ര മേഖലയിലോ ഏഷ്യൻ രാജ്യങ്ങളിലോ പരിചയമില്ലാത്ത ആളാണു ഗോർ. ചെസ്റ്റർ ബൗൾസ്, ജോൺ കെന്നത്ത് ഗാൽബ്രെയ്ത്ത്, കെന്നത്ത് ബി. കീറ്റിംഗ്, ഡാനിയൽ പി. മൊയ്നിഹാൻ, ഡേവിഡ് മൾഫോർഡ് തുടങ്ങിയവരുടെ പിൻഗാമിയാകാൻ ട്രംപിന്റെ വിശ്വാസം ഒഴികെ പറയത്തക്ക യോഗ്യതകൾ ഗോറിന് ഇല്ല.
50% ചുങ്കം വന്നാൽ
50 ശതമാനം ചുങ്കം വരുന്നത് അമേരിക്കയിലേക്കു 2024ൽ നടന്ന ഇന്ത്യൻ കയറ്റുമതി (8900 കോടി ഡോളർ) യുടെ 60 ശതമാനവും നഷ്ടമാകാൻ കാരണമാകാം. അത് ഇന്ത്യയുടെ ജിഡിപിയിൽ ഒരു വർഷം ഒരു ശതമാനം ഇടിവ് വരുത്താം. ഈ വർഷം അഞ്ചുമാസം പിന്നിട്ടതിനാൽ കയറ്റുമതി ഇടിവ് 0.50 ശതമാനമാകും. അതു ജിഡിപിയിൽ വരുത്തുന്ന കുറവ് 0.3 ശതമാനത്തിൽ ഒതുങ്ങാം എന്നു വിദഗ്ധർ കണക്കാക്കുന്നു.
രത്നാഭരണങ്ങളും വസ്ത്രങ്ങളും മുതൽ നത്തോലി (കൊഴുവ) വരെ ഉള്ള കയറ്റുമതി ഇനങ്ങളിൽ സിംഹഭാഗത്തിനും ചുങ്കം കൂടും (തത്കാലം ആപ്പിളിന്റെ ഐഫോണും മറ്റു കമ്പനികളുടെ സ്മാർട്ട് ഫോണുകളും ഇതിൽ നിന്ന് ഒഴിവാണ്).
യുഎസിലേക്കു കയറ്റുമതി കൂടി
കഴിഞ്ഞ വർഷം ഇന്ത്യൻ ഉത്പന്ന കയറ്റുമതിയുടെ 19 ശതമാനം നേരിട്ടും മറ്റൊരു അഞ്ചു ശതമാനം പരോക്ഷമായും പോയത് അമേരിക്കയിലേക്കാണ്. കാനഡയിലും മെക്സിക്കോയിലും ചെല്ലുന്ന വാഹനഘടകങ്ങൾ അമേരിക്കൻ വിപണിയിലേക്കുള്ള വാഹനങ്ങളിൽ പിടിപ്പിക്കുന്നവയാണ്.
ഈ ധനകാര്യവർഷം ആദ്യ നാലു മാസം കയറ്റുമതിയുടെ 23 ശതമാനം യുഎസിലേക്കായിരുന്നു. ഉയർന്ന തീരുവ ഒഴിവാക്കാനുള്ള ഇറക്കുമതി കമ്പനികളുടെ തത്രപ്പാടിലാണിത്. ആദ്യ നാലു മാസം ഇന്ത്യയുടെ മൊത്തം കയറ്റുമതി മൂന്നു ശതമാനം കൂടിയപ്പോൾ യുഎസിലേക്കുള്ളത് 21 ശതമാനം കൂടി. എന്നാൽ ഒക്ടോബർ മുതൽ അങ്ങോട്ടുള്ള കയറ്റുമതി ഗണ്യമായി കുറയുമെന്നാണ് ആശങ്ക.
മറ്റിടങ്ങളിൽ ക്ഷീണം
ഇതിനിടെ, മറ്റൊരു പ്രതിഭാസവും ഇന്ത്യയെ അലട്ടുന്നുണ്ട്. മറ്റു പല പ്രധാന രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി ഗണ്യമായി കുറഞ്ഞു. യുകെ 11.2 ശതമാനം, ഫ്രാൻസ് 17.3%, ഹോളണ്ട് 21.2%, ഇറ്റലി 9.2%, മലേഷ്യ 28.8%, സിംഗപ്പുർ 11.8%, ദക്ഷിണാഫ്രിക്ക 16.3%, സൗദി അറേബ്യ 11.8% എന്നിങ്ങനെയാണു നാലു മാസത്തെ കുറവ്. ഇന്ത്യയുടെ കയറ്റുമതി മേഖല ചിന്തിക്കേണ്ട വിഷയം ഇതിലുണ്ട്. ഈ രാജ്യങ്ങൾ സ്വന്തം ആവശ്യം കുറഞ്ഞിട്ടാണോ ആഗോള വ്യാപാരം കുറയും എന്നു കണക്കാക്കിയിട്ടാണോ ഇന്ത്യയിൽനിന്നുള്ള ഇറക്കുമതി കുറച്ചത്?
തോന്നുംപടി ചുങ്കം
ഉത്തരം എന്തായാലും ഇന്ത്യയുടെ കയറ്റുമതിയാണു കുറയുന്നത്. കുറ്റം നമ്മുടേതല്ല. 19-ാം നൂറ്റാണ്ടിലെ വാണിജ്യസിദ്ധാന്തങ്ങൾ വച്ച് 21-ാം നൂറ്റാണ്ടിൽ ലോക വാണിജ്യനയങ്ങൾ പൊളിച്ചെഴുതാൻ ട്രംപ് ശ്രമിക്കുന്നതു മൂലമാണിത്. ഞങ്ങളുടെ ഉത്പന്നങ്ങൾക്കു നിങ്ങൾ ചുങ്കം ചുമത്തരുത്, നിങ്ങളുടേതിനു ഞങ്ങൾ തോന്നുംപടി ചുങ്കം ഈടാക്കും എന്നാണ് ട്രംപ് പറയുന്നത്.
യൂറോപ്പും ലാറ്റിനമേരിക്കയും നിരവധി ഏഷ്യനാഫ്രിക്കൻ രാജ്യങ്ങളും അതിനു വഴിപ്പെട്ടു കഴിഞ്ഞു. ചുങ്കമില്ലാതെ അമേരിക്കൻ ഉത്പന്നങ്ങൾ (നമുക്കു മിച്ചമുള്ള ധാന്യങ്ങൾ അടക്കമുള്ള കാർഷികോത്പന്നങ്ങൾ അടക്കം) വാങ്ങണമെന്ന നിർബന്ധത്തിന് വഴങ്ങാൻ ഇന്ത്യ തയാറല്ല.
നമുക്കൊപ്പം ചെറുത്തുനിൽക്കുന്നത് സ്വിറ്റ്സർലൻഡും ചൈനയും ബ്രസീലും മാത്രം.
ഏറ്റവും വലിയ കമ്പോളം
തത്കാലം അമേരിക്കയുടേതാണ് ഏറ്റവും വലിയ കമ്പോളം. അത്ര വലിയ വിപണി വേറേ ഇല്ല. അതിനാൽ അവർ പറയുന്നതു മറ്റു രാജ്യങ്ങൾ കേൾക്കുന്നു. അമേരിക്കൻ വിപണി നഷ്ടമായാൽ മറ്റു രാജ്യങ്ങളിൽ വിപണി കണ്ടെത്തി പ്രശ്നം മറികടക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. യുകെയുമായുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടി ഇതിന്റെ തുടക്കമാണ്.
സ്വിറ്റ്സർലൻഡും നോർവേയും ഐസ്ലാൻഡും ലീക്റ്റൻസ്റ്റൈനും ഉൾപ്പെട്ട യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനുമായുള്ള സ്വതന്ത്രവ്യാപാര കരാർ ഒക്ടോബർ ഒന്നിനു നിലവിൽ വരും. യൂറോപ്യൻ യൂണിയനുമായുള്ള ചർച്ച ഈ വർഷം പൂർത്തിയാകും. റഷ്യയും നാലു മുൻ സോവ്യറ്റ് രാജ്യങ്ങളും ഉൾപ്പെട്ട യൂറേഷ്യൻ ഇക്കണോമിക് യൂണിയനുമായി കരാർ ചർച്ച ഈ മാസം തുടങ്ങി. ജപ്പാൻ, ദക്ഷിണകൊറിയ, സിംഗപ്പുർ, ഓസ്ട്രേലിയ, യുഎഇ തുടങ്ങിയ രാജ്യങ്ങളുമായി കരാറുണ്ട്. ആസിയാനുമായുളള കരാർ പുതുക്കാൻ ചർച്ച ഉടനേ തുടങ്ങും.
ഇവയൊക്കെ ഫലപ്രദമായാലും ഒരു വസ്തുതയുണ്ട്. ആളോഹരി 80,000 ഡോളർ വരുമാനമുള്ള അമേരിക്കക്കാരുടെ അടുത്തെങ്ങും വരില്ല ഈ രാജ്യങ്ങളുടെ ആവശ്യവും വിപണിയും.
എണ്ണക്കഥ എന്ന വ്യാജം
റഷ്യയിൽനിന്ന് എണ്ണ വാങ്ങി യുക്രെയ്നിലെ ആക്രമണത്തെ സഹായിക്കുന്നു എന്നു പറഞ്ഞാണു ട്രംപ് ഇന്ത്യക്ക് പിഴച്ചുങ്കം പ്രഖ്യാപിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ രാജകീയമായി സ്വീകരിച്ചു പ്രസാദിപ്പിച്ചു യുദ്ധം തീർക്കാനുള്ള ട്രംപിന്റെ ശ്രമം പരാജയപ്പെട്ടു. അതു ജയിച്ചെങ്കിൽ ഇന്ത്യയെ വെറുതേ വിടുമായിരുന്നു. അതു പൊളിഞ്ഞത് ഇന്ത്യക്കു നേരേ കലിപ്പു കൂട്ടി. ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും കള്ളക്കണക്കുകൾ പറഞ്ഞ് ഇന്ത്യയെ വിമർശിച്ചത് ഇതിനുശേഷമാണ്.
കൂട്ടുകെട്ടുകൾ മാറുന്നു
ട്രംപിന്റെ നടപടികൾ ഇന്ത്യയെ ബ്രിക്സ് കൂട്ടായ്മയിലും ചൈന നേതൃത്വം നൽകുന്ന ഷാങ്ഹായ് സഹകരണ സംഘടനയിലും കൂടുതൽ സജീവമാക്കി. റഷ്യയുമായുള്ള സെെനിക സഹകരണം കൂട്ടി. വ്യാപാരബന്ധം കൂട്ടാൻ ചർച്ച തുടങ്ങി. മേയിലെ ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനെ ആയുധങ്ങളും ഉപഗ്രഹചിത്രങ്ങളും നൽകി സഹായിച്ച ചൈനയുമായുള്ള തർക്കങ്ങൾ തത്കാലം മറക്കാൻ ഇന്ത്യ തയാറായി. അമേരിക്ക ഇല്ലെങ്കിൽ എതിർചേരിയോട് അടുക്കും എന്നു കാണിക്കാൻ ഇന്ത്യ ശ്രമിക്കുകയാണ്.
പക്ഷേ റഷ്യ പഴയ സോവ്യറ്റ് യൂണിയൻ അല്ല. വളരെ ദുർബലമാണ്. ചൈന ഒരിക്കലും പാക്കിസ്ഥാനെ കൈവിടുകയുമില്ല. ഇന്ത്യക്ക് ദീർഘകാല കൂട്ടുകെട്ടിന് അവർ പറ്റിയതാവില്ല.
1971 നവംബറിൽ വെെറ്റ് ഹൗസിൽ ചെന്ന തന്നെ 45 മിനിറ്റ് കാത്തിരുത്തിയ പ്രസിഡന്റ് റിച്ചാർഡ് നിക്സനെ പിറ്റേ ദിവസം അതുപാേലെ കാത്തിരുത്തിയ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലമല്ല ഇത്. അന്നു വൻശക്തിയായ സോവ്യറ്റ് യൂണിയനുമായി സൈനിക കരാർ ഉണ്ടാക്കിയ ശേഷമാണ് ഇന്ദിര അമേരിക്കയിൽ എത്തിയത്. ഇന്ന് അത്തരമൊരു കൂട്ടായ്മ ഇന്ത്യക്കില്ല.