പഞ്ചാരക്കൊല്ലി(വയനാട്): പ്രിയദര്‍ശിനി ടീ ഫാക്ടറിയുടെ ആധുനികവത്കരണത്തിനുള്ള 2.07 കോടി രൂപയുടെ സിഎസ്ആര്‍ പദ്ധതി നടപ്പാക്കുന്നത് വൈകുന്നതില്‍ അതൃപ്തി വ്യക്തമാക്കി പ്രിയങ്ക ഗാന്ധി എംപി.
പ്രിയദര്‍ശിനി ടീ എസ്റ്റേറ്റില്‍ ജില്ലാ കളക്ടര്‍ ചെല്സസിനിയും പ്രിയദര്‍ശിനി സൊസൈറ്റി എംഡിയുമായ സബ് കളക്ടര്‍ അതുല്‍ സാഗറും ഉള്‍പ്പടെ പങ്കെടുത്ത അവലോകന യോഗത്തിലാണ് എംപി നീരസം പ്രകടിപ്പിച്ചത്.കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ എംപി പ്രിയദര്‍ശിനി ഫാക്ടറി സന്ദര്‍ശിച്ചിരുന്നു. തൊഴിലാളികളുടെ ദുരവസ്ഥയും ഫാക്ടറിയുടെ ശോചനീയവസ്ഥയും ശ്രദ്ധയില്‍പ്പെട്ട അവര്‍ മുന്‍കൈയെടുത്താണ് സിഎസ്ആര്‍ പദ്ധതി നടപ്പാക്കുന്നതിന് സാഹചര്യം ഒരുക്കിയത്. കഴിഞ്ഞ മാര്‍ച്ചില്‍ മുഴുവന്‍ പദ്ധതി തുകയും സൊസൈറ്റിക്ക് ലഭിച്ചു. എന്നാല്‍ എട്ട് മാസം കഴിഞ്ഞിട്ടും പദ്ധതി നിര്‍വഹണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. ഇത് ഖേദകരമാണെന്ന് എംപി പറഞ്ഞു.
പുതിയ മെഷീനുകള്‍ക്കുള്ള ടെന്‍ഡര്‍ 19ന് തുറക്കുമെന്നും അടുത്ത മാര്‍ച്ചോടെ മെഷീനുകള്‍ സ്ഥാപിച്ച് ഫാക്ടറി പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നും എംഡി യോഗത്തില്‍ അറിയിച്ചു. സൊസൈറ്റിയുടെ പ്രവര്‍ത്തനം ലാഭകരമാക്കാന്‍ ടൂറിസം സാധ്യതകള്‍ ഉള്‍പ്പടെ ഉപയോഗപ്പെടുത്താന്‍ ആലോചനയുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ ജില്ലാ കളക്ടര്‍ക്ക് എംപി നിര്‍ദേശം നല്കി. തൊഴിലാളികളുമായി ആശയവിനിമയം നടത്തണമെന്നും നിര്‍ദേശിച്ചു. പിഎഫ് കുടിശിക ഉള്‍പ്പടെ വിഷയങ്ങള്‍ തൊഴിലാളികള്‍ യോഗത്തില്‍ ഉന്നയിച്ചു.