കടുത്തുരുത്തി: വിടരും മുമ്പേ പൊലിഞ്ഞ റോസാ പുഷ്പം പോലെ ഏവരെയും കണ്ണീരിലാഴ്ത്തി മടങ്ങിയ സൈറാമോള്ക്ക് സഹപാഠികളുടെയും അധ്യാപകരുടെയും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. സ്കൂളിന് സമീപമുള്ള പാരീഷ് ഹാളില്‍ സൈറയുടെ മൃതദേഹമെത്തിച്ചപ്പോള്‍ മുതല്‍ സഹപാഠികളുടെയും അധ്യാപകരുടെയും നയനങ്ങള്‍ പൊട്ടിയൊഴുകിത്തുടങ്ങിയിരുന്നു. പലരും സങ്കടം സഹിക്കാതെ വിതുമ്പുന്നത് കാണാമായിരുന്നു.
മുട്ടുചിറ സെന്റ് ആഗ്നസ് ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി സൈറ പ്രജീത് (11) ആണ് രോഗം ബാധിച്ചു മരിച്ചത്. ന്യുമോണിയ ബാധിച്ചു കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൈറ ഞായറാഴ്ചയാണ് മരിച്ചത്. സെന്റ് ആഗ്നസിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥിനിയായിരുന്നു.
അധ്യാപകര്‍ക്കും കുട്ടുകാര്ക്കുമുള്പ്പെടെ എല്ലാവര്ക്കും പ്രിയങ്കരിയായിരുന്ന സൈറ കണ്ടുമുട്ടിയവര്‍ക്കെല്ലാം സന്തോഷത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ചാണ് കടന്നുപോയത്. സ്കൂള്‍ ബസില്‍ ഒരുമിച്ച് പോകുന്ന കുട്ടികളില്‍ പലരും സൈറയുടെ വിയോഗത്തെ നീറുന്ന വാക്കുകള്‍ ഉപയോഗിച്ചാണ് തങ്ങളുടെ സങ്കടം അവരുടെ രക്ഷിതാക്കളുടെ ഫോണില്‍ സ്റ്റാറ്റസായി എഴുതിയിട്ടത്.
കാട്ടാമ്പാക്കിലേക്ക് സ്കൂള്‍ ബസ് പോകുമ്പോള്‍ ഇനി സൈറ ഉണ്ടാവില്ലെന്നത് കൂട്ടുകാര്‍ക്കും വല്ലാത്ത വേദനയാവും. കഴിഞ്ഞ ഓണാഘോഷത്തിന് സ്കൂളില്‍ നടന്ന മലയാളി മങ്ക മത്സരത്തില്‍ അണിഞ്ഞൊരുങ്ങി നില്ക്കുന്ന സൈറയുടെ ചിത്രമാണ് അധ്യാപകരുടെയെല്ലാം മനസ്സിലില്‍ നിറഞ്ഞു നില്‍ക്കുന്നത്. മുട്ടുചിറ റൂഹാദ്കുദിശ് ഫൊറോനാ ദേവാലയത്തിലെ സെന്റ് തോമസ് പാരിഷ് ഹാളില്‍ സൈറയുടെ മൃതദേഹം രാവിലെ പൊതുദര്‍ശനത്തിനെത്തിച്ചപ്പോള്‍ വിദ്യാര്‍ഥികളും അധ്യാപകരും പിടിഎയും മാനേജുമെന്റും നാട്ടുകാരുമുള്‍പ്പെടെ ആയിരങ്ങളാണ് അന്തുമോപചാരമര്പിച്ചത്.
മാനേജുമെന്റിനുവേണ്ടി ഫാ.ജോസഫ് മഠത്തിപറമ്പിൽ, ഫാ.ടോണി ഞരളക്കാട്ട് എന്നിവര്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു. മന്ത്രി മോന്‍സ് ജോസഫ്, സിഎസ്ഐ മധ്യകേരള മഹായിടവകയെ പ്രതിനിധീകരിച്ചു ഫാ.സജി കെ. സാം, പ്രധാനാധ്യാപിക സില്‍ജ മാത്യു, സ്കൂളിലെ അധ്യാപകർ, ത്രീതലപഞ്ചായത്ത് പ്രതിനിധികള്‍, കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലാ ഓഫിസ് ജീവനക്കാര്‍, പിടിഎ ഭാരവാഹികൾ, അംഗങ്ങള്‍, വിവിധ സ്കൂളുകളിലെ പ്രധാനാധ്യാപകർ, കടുത്തുരുത്തി പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, ഹോളി ഗോസ്റ്റ് ബോയ്സ് ഹൈസ്കൂള്‍, സെന്റ് ആഗ്നസ് എല്‍പി സ്കൂൾ, സെന്റ് ആഗ്നസ് നഴ്സറി സ്കൂള്‍ എന്നീ സ്കൂളുകളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമെല്ലാം അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.