വലിയ ശമ്പളമുള്ള ജോലി സ്വമേധയാ ഉപേക്ഷിക്കാൻ ടെക് ഭീമന്മാരായ ഗൂഗിൾ, മെറ്റ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികൾ ജീവനക്കാർക്ക് വൻ തുക നൽകിത്തുടങ്ങി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് തങ്ങളുടെ കമ്പനികളുടെ ഘടന മാറ്റിയെഴുതുന്നതിന്റെ ഭാഗമായാണ് ഇത്തരം 'വളണ്ടറി എക്സിറ്റ്' (Voluntary Exit) പദ്ധതികളുമായി കമ്പനികൾ രംഗത്തെത്തിയിരിക്കുന്നത്.
കാനഡ, ഫ്രാൻസ്, ജർമനി, ജപ്പാൻ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് ഗൂഗിൾ ഈ പദ്ധതി വ്യാപിപ്പിച്ചിരിക്കുന്നത്. സ്വിറ്റ്സർലൻഡിൽ ജോലി ചെയ്ത ഓരോ വർഷത്തിനും ഒരു മാസത്തെ ശമ്പളം വീതം നൽകാനാണ് തീരുമാനം (പരമാവധി 12 മാസത്തെ ശമ്പളം വരെ ലഭിക്കും). ഗൂഗിളിന്റെ എഐ റിസർച്ച് വിഭാഗമായ 'ഡീപ് മൈൻഡ്' ഇതിൽ ഉൾപ്പെട്ടിട്ടില്ല.
ഫ്രാൻസിലെ ജീവനക്കാർക്കായി മെറ്റ പുതിയ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ജോലി ചെയ്ത ഓരോ വർഷത്തിനും 2.15 മാസത്തെ ശമ്പളത്തിന് തുല്യമായ നഷ്ടപരിഹാരം നൽകും. കൂടാതെ, പുതിയ കരിയർ കണ്ടെത്താൻ 10 മാസത്തെ 'കരിയർ ട്രാൻസിഷൻ ലീവ്' കാലയളവിൽ ഗ്രോസ് ശമ്പളത്തിന്റെ 80 ശതമാനവും നൽകും. പ്രഫഷണൽ റീട്രെയിനിംഗിനും ബിസിനസ് തുടങ്ങാനും കമ്പനി സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്.
ഓക്ടോബർ 26നാണ് മൈക്രോസോഫ്റ്റ് തങ്ങളുടെ 'വളണ്ടറി എക്സിറ്റ് ഓഫർ' (VEO) പ്രഖ്യാപിച്ചത്. ഇന്ത്യ, കാനഡ, യുകെ, യുഎസ് എന്നിവിടങ്ങളിലെ ലെവൽ 70ൽ താഴെയുള്ള തെരഞ്ഞെടുത്ത ജീവനക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അർഹരായ ജീവനക്കാരെ ഇമെയിൽ മുഖേന വിവരങ്ങൾ അറിയിക്കുന്നുണ്ട്.
എഐ സാങ്കേതികവിദ്യയ്ക്കായി വൻതുക മുടക്കേണ്ടി വരുന്നതാണ് കമ്പനികളെ ഇത്തരം തീരുമാനങ്ങളിലേക്ക് നയിക്കുന്നത്. ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്നതിനും എഐ വിദഗ്ധരെ നിയമിക്കുന്നതിനും കോടിക്കണക്കിന് രൂപയാണ് കമ്പനികൾ ചെലവഴിക്കുന്നത്. ചെറിയ ടീമുകൾക്ക് വലിയ ജോലികൾ ചെയ്യാൻ കഴിയുന്ന രീതിയിലേക്ക് കമ്പനികളെ മാറ്റാനാണ് മാർക്ക് സുക്കർബർഗും മറ്റ് സിഇഒമാരും ലക്ഷ്യമിടുന്നത്.