District News
മാനന്തവാടി: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ജില്ലയിലെ തിരുനെല്ലി, നൂൽപ്പുഴ എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെ കുടിവെള്ളമില്ലാത്ത ആദിവാസി ഭവനങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയായ ഉന്നതി ജൽ സുരക്ഷ പദ്ധതിയുടെ വിശദമായ പ്ലാൻ എസ്റ്റിമേറ്റ് എന്നിവ തയാറാക്കുന്നതിന് സാങ്കേതിക പഠനം ആഭിച്ചു.
തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലെ കുനിക്കോട്, നാഗമന, ദംപട്ട, മധ്യപാടി, അഞ്ചുപൊതി, കുന്നിയൂർ, എടയൂർകുന്ന് എന്നീ ഉന്നതിലകളിലും നൂൽപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ മായിക്കര, മാടകുന്ന്, അബേദ്കർ മണലിമൂല, മാടപ്പുര, ഓടാൻകൊല്ലി, കോളൂർ എന്നീ ഉന്നതികളിലുമാണ് സമഗ്ര കുടിവെള്ള വിതരണ പദ്ധതി നടപ്പിലാക്കുക. ഇതിന്റെ ഭാഗമായി രണ്ട് പഞ്ചായത്തുകളിലും അടിസ്ഥാന വിവരശേഖരണം പൂർത്തീകരിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് സാങ്കേതിക പഠനം നടത്തി പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ തയാറാക്കുന്നത്.
സാങ്കേതിക വിവരങ്ങൾ ശേഖരിക്കുന്നതിനും പ്ലാൻ എസ്റ്റിമേറ്റ് എന്നിവ തയാറാക്കുന്നതിനും സീനിയർ എൻജിനീയർ തോമസ് സെബാസ്റ്റ്യൻ, ടീം ലീഡർ ദീപു ജോസഫ്, നൂൽപ്പുഴ പ്രോജക്ട് ഹെഡ് കെ.സി. ബിജു, ജൂണിയർ എൻജിനീയർ നീരജ സുരേന്ദ്രൻ, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർമാരായ അഷ്ജിൻ സണ്ണി, ഒ.പി. ജയ, നിമിഷ മോൻസി, ലിജ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകിവരുന്നു.