അടിമാലി: ടീച്ച് ടു ലേൺ (ഐഐടി മദ്രാസിന്റെ സംരംഭം) ന്റെയും സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷന്റെയും ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഡിജിറ്റൽ മാനുഫാക്ചറിംഗ് സെന്ററിന്റയും സൗജന്യ ത്രീഡി പ്രിന്റർ പരിശീലന പരിപാടികളുടെയും ഉദ്ഘാടനം 19ന് രാവിലെ 10ന് അടിമാലി ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം നിർവഹിക്കും. വെർറ്റീവ് ഇന്ത്യ വൈസ് പ്രസിഡന്റ് ഡോ. എ.എസ്. പ്രസാദ്, ഐഐടി മദ്രാസ് ഫാക്കൽറ്റിയും ടീച്ച് ടു ലേൺ പ്രോജക്ട് ലീഡുമായ പ്രഫ. പിജുഷ് ഘോഷ്, സീരിയൽ എന്റർപ്രണറും സ്റ്റാർട്ടപ്പ് മെന്ററുമായ അജയ് ബേസിൽ വർഗീസ്, പഞ്ചായത്ത് ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
വിദ്യാർഥികളിലും യുവാക്കളിലും ആധുനിക നിർമാണ സാങ്കേതികവിദ്യകളിലുള്ള താത്പര്യം വളർത്തുന്നതിനും പുതിയ ആശയങ്ങളെ പ്രായോഗിക ഉത്പന്നങ്ങളാക്കി മാറ്റുന്നതിനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
3ഡി പ്രിന്റിംഗ്, കാഡ് ഡിസൈൻ, 3ഡി മോഡലിംഗ്, ഡിജിറ്റൽ ഫാബ്രിക്കേഷൻ, പ്രോട്ടോടൈപ്പ് വികസനം തുടങ്ങിയ മേഖലകളിൽ സൗജന്യ പ്രായോഗിക പരിശീലനം നൽകും. സ്കൂൾ, പോളിടെക്നിക് വിദ്യാർഥികൾക്കൊപ്പം വനിതാ കൂട്ടായ്മകൾ, സ്വയം സഹായ സംഘങ്ങൾ, യുവാക്കൾ, പ്രാദേശിക സംരംഭകർ എന്നിവരെയും ഡിജിറ്റൽ നിർമാണ മേഖലയുമായി ബന്ധിപ്പിക്കും. ഇടുക്കിയെ ടോയ് ഹബ്ബായി വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും പ്രാദേശിക ഉത്പന്നങ്ങൾക്ക് സാങ്കേതിക വിദ്യയിലൂടെ മൂല്യവർധന നൽകുന്നതിനും കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കും. തൊഴിൽ, സ്വയംതൊഴിൽ, സംരംഭകത്വം എന്നിവയ്ക്കുള്ള പുതിയ സാധ്യതകൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർഥികളും വനിതാ ഗ്രൂപ്പ് അംഗങ്ങളും തയാറാക്കിയ 3ഡി പ്രിന്റഡ് വിദ്യാഭ്യാസ മാതൃകകൾ, കളിപ്പാട്ടങ്ങൾ, അലങ്കാര വസ്തുക്കൾ, വിവിധ പ്രായോഗിക ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും സംഘടിപ്പിക്കും.