അധികാരത്തോടു ചേർന്നുനിൽക്കാനും അധികാരികളെ ഭയപ്പെടാനുമാണ് സാധാരണഗതിയിൽ ആളുകൾ തയാറാവുക. പ്രത്യേകിച്ചും അധികാരികൾക്ക് ഓരോരോ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാൻ കഴിയുന്ന സാഹചര്യത്തിൽ അനീതികൾപോലും ചെറുക്കാൻ അവർ അശക്തരാകും.
തികഞ്ഞ ആത്മബോധവും അഭിമാനവും സ്വാതന്ത്ര്യവാഞ്ഛയുമുള്ളവർ അത്തരം സാഹചര്യങ്ങളിലും പതറാതെ നിൽക്കും. പീഡനങ്ങളെ തൃണവൽഗണിച്ചുകൊണ്ട് അവർ അനീതികളെ ചൂണ്ടിക്കാണിക്കുകതന്നെ ചെയ്യും. ഭയം അവരെ തീണ്ടുകയില്ല. മനുഷ്യരാശിയെ രണ്ടാം ലോകയുദ്ധത്തിലേക്കു തള്ളിവിട്ട ഹിറ്റ്ലറുടെ ചെയ്തികളിൽ ഭയചകിതരായ പൗരസഞ്ചയം പ്രതികരിക്കാൻ മടിച്ചുനിന്ന കാലം.
അപ്പോൾ ജർമനിയിൽ വെസ്റ്റ്ഫാലിയ പ്രദേശത്ത് മ്യുൺസ്റ്റർ നഗരത്തിലെ ബിഷപ്പിന്റെ സ്വരമുയർന്നു: ബിഷപ് ക്ലെമൻസ് അഗസ്റ്റ് ഗ്രാഫ് ഫോൺ ഗാലൻ. നാസി പ്രത്യയശാസ്ത്രത്തിന്റെ തുടക്കം മുതൽ അതിന്റെ വിമർശകനായിരുന്നു ബിഷപ് ക്ലെമൻസ്. അതു പ്രയോഗത്തിലാക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഹിറ്റ്ലറുടെ അനുയായികളെയും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണകൂടത്തേക്കാൾ ദൈവത്തെയാണ് അനുസരിക്കേണ്ടത്. സമൂഹത്തിന്റെ ധാർമിക മനഃസാക്ഷിയെ ധിക്കരിക്കുമ്പോൾ സമൂഹം സ്വന്തം മഹത്വവും ശാസനാധികാരവും നഷ്ടപ്പെടുത്തുന്നു. അത് അധികാരത്തിന്റെ ദുരുപയോഗമാണ്. ദൈവദത്തമായ മനുഷ്യമഹത്വത്തിന്മേലുള്ള കടന്നുകയറ്റമാണ്.
ജർമൻ ചാൻസലറായി ഹിറ്റ്ലർ അവരോധിക്കപ്പെട്ടിട്ട് (1933 ജനുവരി 30) ഏഴു മാസം കഴിഞ്ഞപ്പോഴാണ് മ്യുൺസ്റ്റർ രൂപതാ മെത്രാനായി ക്ലെമൻസ് സ്ഥാനമേൽക്കുന്നത്. ഹിറ്റ്ലറിന്റെ ആത്മഹത്യക്കുശേഷം (1945 ഏപ്രിൽ 30) കഷ്ടിച്ച് ഒരു വർഷം കൂടിയേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ (1946 മാർച്ച് 22). അദ്ദേഹം ദിവംഗതനായിട്ട് ഇക്കൊല്ലം 80 സംവത്സരങ്ങൾ തികഞ്ഞു. "മ്യുൺസ്റ്ററിലെ സിംഹം' എന്നായിരുന്നു അദ്ദേഹത്തെ ജനങ്ങൾ ആദരപൂർവം വിളിച്ചിരുന്നത്. ഫോൺ ഗാലൻ എന്ന പ്രഭുകുടുംബത്തിൽ ഡിങ്ക്ലാഗെയിലെ കൊട്ടാരസദൃശമായ വീട്ടിൽ 1878 മാർച്ച് 16നാണ് ക്ലെമൻസിന്റെ ജനനം.
ഫോൺ സ്പീ പ്രഭുകുടുംബത്തിൽനിന്നുള്ള എലിസബത്ത് പ്രഭ്വിയായിരുന്നു അമ്മ. അവരുടെ 13 മക്കളിൽ പതിനൊന്നാമൻ. 1904ൽ അദ്ദേഹം വൈദികനായി. രണ്ടുവർഷം മ്യുൺസ്റ്റർ കത്തീഡ്രലിലും തുടർന്ന് 23 വർഷം ബെർലിനിലും വികാരിയായിരുന്നു. 1929ൽ മ്യുൺസ്റ്ററിൽ വികാരിയായി തിരിച്ചെത്തിയ അദ്ദേഹത്തെ പീയൂസ് പതിനൊന്നാമൻ മാർപാപ്പയാണ് മ്യുൺസ്റ്ററിലെ മെത്രാനായി നിയമിക്കുന്നത്.
വംശീയതയ്ക്കെതിരേ
നാസികളുടെ ആര്യവംശ ശ്രേഷ്ഠതയുടെ അവകാശവാദങ്ങൾ 1934 മുതൽ ബിഷപ് ക്ലെമൻസ് ചോദ്യം ചെയ്തിരുന്നു. രാഷ്ട്രത്തോടുള്ള ചോദ്യം ചെയ്യാത്ത വിശ്വസ്തതയെ അടിമത്തം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ജർമൻ വംശത്തിന്റെ പരിശുദ്ധി എന്ന ഹിറ്റ്ലറുടെ വാദവും ക്ലെമൻസ് തള്ളിക്കളഞ്ഞു. വംശീയമേന്മയുടെ പേരിൽ ഹിറ്റ്ലർ ആരംഭിച്ച കൂട്ടക്കൊലയുടെ ഇരകൾ യഹൂദർ മാത്രമല്ല ഭിന്നശേഷിക്കാരും അംഗഭംഗം വന്നവരും മാനസികരോഗികളും വൃദ്ധരുമൊക്കെയായിരുന്നു. ഒപ്പം "ഹീനജാതി'യിൽ പെട്ടവരും. എതിർത്തവരെ തുറുങ്കിലടച്ച് കഠോര പീഡനങ്ങൾക്ക് വിധേയരാക്കി.
പ്രസംഗങ്ങളും സമ്മേളനങ്ങളും കൂട്ടായ്മകളുമൊക്കെ നിരീക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനും ഗ്രാമങ്ങളിൽ പോലും നാസി ചാരന്മാർ ഉണ്ടായിരുന്നു. മ്യൂണിക്കിന് അടുത്തുള്ള ദാഹാവ് ക്യാമ്പിൽ ഒരേസമയം രണ്ടായിരത്തിലധികം കത്തോലിക്കാ വൈദികർ തടവുകാരായിരുന്നു. ആശ്രമങ്ങളും കന്യകാമഠങ്ങളും ഉപേക്ഷിച്ചുപോകാൻ വൈദികരും സന്യസ്തരും നിർബന്ധിതരായി.
വംശവെറിയുടെ വിഷപ്പുകകൊണ്ട് യൂറോപ്പിന്റെ ആകാശത്തിൽ കാളമേഘങ്ങൾ ഉരുണ്ടുകൂടി സംഹാര രുദ്രമായി പെയ്തുതുടങ്ങി. നാസി ഭരണകൂടത്തിനെതിരേയുള്ള പള്ളി പ്രസംഗങ്ങൾ തടയാൻ അവ നേരത്തേതന്നെ സെൻസർക്കു കൊടുക്കേണ്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിഷപ് ക്ലെമൻസ് നാസി ഭരണകൂടത്തിന്റെ മനുഷ്യത്വവിരുദ്ധതയ്ക്കും ജനാധിപത്യവിരുദ്ധതയ്ക്കുമെതിരേ ശബ്ദമുയർത്തിയത്. "പുകഴ്ത്തലോ ഭയമോ കൂടാതെ' ( nec laudibus, nec timore) എന്നതായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക മുദ്രയിലെ ആപ്തവാക്യം. നാസി പാർട്ടിയുടെ സൂക്ഷ്മനിരീക്ഷണത്തിലായിരുന്നു ബിഷപ് ക്ലെമൻസ്. അദ്ദേഹത്തെ മൂൺസ്റ്ററിൽനിന്നും മെത്രാൻ പദവിയിൽനിന്നും മാറ്റാൻ പാർട്ടി ആഗ്രഹിച്ചിരുന്നു. ജനരോഷം ഭയന്ന് അവർ നടപടികൾ മാറ്റിവച്ചു എന്നേയുള്ളൂ.
ഹിറ്റ്ലറെ അനുകൂലിച്ച ജർമനിയെപ്പോലെതന്നെ ഹിറ്റ്ലറെ എതിർത്ത മറ്റൊരു ജർമനിയും ഉണ്ടായിരുന്നു. അതിന്റെ പ്രതീകമായിരുന്നു ബിഷപ് ക്ലെമൻസ്. രക്തച്ചൊരിച്ചിലും വംശവെറിയും മഹത്വവത്കരിച്ച പ്രത്യയശാസ്ത്രത്തിനെതിരേ പോരാടാൻ അദ്ദേഹത്തിന് പിന്തുണയും പ്രോത്സാഹനവും നൽകിയത് പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പയായിരുന്നു. ഇരുവരും തമ്മിൽ നടത്തിയ കത്തിടപാടുകൾ അവരുടെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്നുണ്ട്. 1941 ജൂലൈ 13നു നാസിപ്പട മൂൺസ്റ്റർ നഗരത്തിലെ ഈശോസഭാ മന്ദിരവും കന്യകാമഠവും കൈയടക്കി ആശ്രമവാസികളെ തെരുവിൽ ഇറക്കിവിട്ടു. പിറ്റേന്ന് അദ്ദേഹം പ്രസംഗിച്ചു: “ഏറ്റവും വിശ്വസ്തനും ഉത്തരവാദിത്വമുള്ളവനുമായ പൗരൻ എന്ന് സ്വയം വിശ്വസിക്കുന്നവൻപോലും സുരക്ഷിതനല്ല”. ഒരാഴ്ചയ്ക്കകംസഭ വക കൂടുതൽ വസ്തുവകകൾ ഭരണകൂടം പിടിച്ചെടുത്തു. ഭരണകൂടം ചുറ്റികയാണെങ്കിൽ കത്തോലിക്കാ സഭ അടിക്കുറ്റിയാണെന്ന് (anvil) അദ്ദേഹം പ്രസ്താവിച്ചു.
ജീവന്റെ മൂല്യം
"ജീവിതയോഗ്യമല്ലാത്ത ജീവിത'ങ്ങളെ നശിപ്പിക്കാനുള്ള "ടി 4' പദ്ധതിക്കെതിരേ ബിഷപ് ഉയർത്തിയ ശബ്ദം ഭരണകൂടത്തിന് കേൾക്കാതിരിക്കാനായില്ല. രോഗികളെ കൊല്ലുന്നത് സർക്കാർ നിർത്തിവച്ചു. അതിനുവേണ്ടി നിർമിച്ച ആറ് ഉന്മൂലനകേന്ദ്രങ്ങൾ അടയ്ക്കുകയും ചെയ്തു. അതിനകം 80,000 പേരെ ഭരണകൂടം കൊന്നിരുന്നു. രഹസ്യമായി രണ്ടു ലക്ഷം പേരെ പിന്നീടും കൊന്നിട്ടുണ്ട് എന്നാണു കണക്ക്. ആശ്രമങ്ങൾ കണ്ടുകെട്ടുന്നതും നിർത്തിവച്ചു. എന്നാൽ എപ്പോഴും അത് സംഭവിക്കാമെന്ന് എല്ലാവരും കരുതി. യുദ്ധത്തിലെ അന്തിമവിജയത്തിനുശേഷം സഭയോട് പകരം വീട്ടാമെന്നായിരുന്നു അവരുടെ കണക്കു കൂട്ടൽ.
സർക്കാർ നയങ്ങളെ വിമർശിച്ചിരുന്നതുകൊണ്ട് ബിഷപ്പിനെ രാജ്യദ്രോഹിയും രാജ്യത്തിന്റെ ശത്രുവുമായാണ് ഭരണകൂടം കണ്ടത്. എന്നാൽ താൻ നിർവഹിക്കുന്നത് പൗരധർമം ആണെന്നായിരുന്നു അദ്ദേഹത്തിന്റെ ബോധ്യം. “യാതൊന്നിനും പിന്തിരിപ്പിക്കാനാകാത്ത മനഃസാക്ഷിയുടെ ചില പരിശുദ്ധമായ ചുമതലകൾ നമുക്കുണ്ട്. സ്വജീവിതം വിലയായി കൊടുത്തുപോലും ആ ചുമതല നാം നിറവേറ്റണം” - അദ്ദേഹം പറഞ്ഞു. മ്യുൺസ്റ്റർ രൂപതയിലെ 29 വൈദികരെ പൊലിസ് തുറുങ്കിലടച്ചിരുന്നെങ്കിലും ബിഷപ്പിനെ അറസ്റ്റ് ചെയ്യാതിരുന്നത് ജനരോഷം ഭയന്നാണ്. യഹൂദവിരോധം ശരിയല്ലെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട് തന്റെ രൂപതാ വൈദികർക്ക് അദ്ദേഹം കത്തെഴുതുകയുണ്ടായി.
1941ൽ നടത്തിയ മൂന്നു പള്ളിപ്രസംഗങ്ങളിൽ അദ്ദേഹം നാസി രഹസ്യ പൊലിസിന്റെ ഭീകരത, ദയാവധം, നിർബന്ധിത വന്ധ്യംകരണം, കോൺസൻട്രേഷൻ ക്യാമ്പ് എന്നിവയെ അതിനിശിതമായി കുറ്റപ്പെടുത്തി. പ്രസംഗങ്ങൾ ജർമനി മുഴുവനും ലഘുലേഖകളായി പ്രചരിച്ചു. സമാധാനം നീതിയുടെ ഫലമാണ്. നീതിയാണ് അധികാരത്തിന്റെ മൂലക്കല്ലായിരിക്കേണ്ടത്. ഭയത്തിന്റെയും ഭീരുത്വത്തിന്റെയും അടിമകളാക്കി ഹിറ്റ്ലർ ജർമൻ ജനതയെ അധഃപതിപ്പിച്ചിരിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കത്തോലിക്കർക്കുവേണ്ടി മാത്രമുള്ള ഉത്കണ്ഠയായിരുന്നില്ല ബിഷപ് ക്ലെമൻസിന്റേത്. വിചാരണ കൂടാതെ തടങ്കൽ പാളയങ്ങളിലും പൊലിസ് കസ്റ്റഡിയിലും കഴിയുന്ന അസംഖ്യം ആളുകളെകുറിച്ചും അദ്ദേഹം അസ്വസ്ഥനായി. പ്രൊട്ടസ്റ്റന്റ് പാസ്റ്റർ ആയിരുന്ന മാർട്ടിൻ നീമൊള്ളർക്ക് അദ്ദേഹം പരസ്യമായി പിന്തുണ നൽകി. അനീതിയും അടിച്ചമർത്തലും കണ്ടാൽ അതിന്റെ ഇരകൾക്കുവേണ്ടി അപ്പോൾതന്നെ പ്രതികരിക്കണം എന്നാണ് ബിഷപ്പിന്റെ ബോധ്യം. പ്രതികരിക്കാൻ താമസിച്ചാൽ അനേകർ അനീതിയുടെ ഇരകളാകും. പൊതുസമൂഹം അത് നിശബ്ദമായി അംഗീകരിക്കും.
ഭരണകൂടത്തിന്റെ ആക്രമണോത്സുകതയ്ക്കെതിരേ ബിഷപ് ക്ലെമൻസ് പ്രസംഗിച്ചത് അക്രമരാഹിത്യമാണ്. അദ്ദേഹം പറഞ്ഞു: “നമ്മുടെ ഏക ആയുധം ഇതാണ് - ശക്തമായും ധീരമായും എഴുന്നേൽക്കുക, സഹിക്കുക, സത്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയോടെ കർമം ചെയ്യുക, രാജ്യത്തെ സ്നേഹിക്കുക”. ഒപ്പം വിശ്വാസത്തോടെ പ്രാർഥിക്കാനും ദൈവസഹായം തേടാനും അദ്ദേഹം ആഹ്വാനം ചെയ്തു. അറസ്റ്റ് ചെയ്യുകയാണെങ്കിൽ രൂപതാ പ്രവർത്തനങ്ങൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് 1936ൽതന്നെ അദ്ദേഹം എഴുതിവച്ചിരുന്നു. “നമ്മുടെ ഈ സമരത്തിൽ നാം വിശ്വസ്തതയോടെ ഉറച്ചുനിന്നാൽ ഉരുക്കിനെപ്പോലുള്ള നമ്മുടെ ഈ ചൈതന്യം ഉണർന്ന് പ്രശോഭിക്കുന്ന ഒരു ദിവസം വരും. അടിച്ചമർത്തപ്പെട്ടതും നിശബ്ദമാക്കപ്പെട്ടതുമായ നമ്മുടെ ചൈതന്യവും സത്യവും നീതിയും അന്നു ബഹുമാനിതമാകും”.
അന്തിമവിജയം
ഹിറ്റ്ലറുടെ ആത്മഹത്യയോടെ യുദ്ധം തീർന്നു. നാസി പാർട്ടി നേതാക്കളും പ്രവർത്തകരും ഒളിവിൽ പോവുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തു. അന്തിമവിജയം അവർക്കായിരുന്നില്ല. യുദ്ധാനന്തരം റഷ്യൻ, ബ്രിട്ടീഷ്, ഫ്രഞ്ച്, അമേരിക്കൻ സൈനികർ ജർമൻ ജനതയെ കൊള്ളയടിച്ചതും അപമാനിച്ചതും അദ്ദേഹം നിശിതമായി കുറ്റപ്പെടുത്തി. “നാസികളുടെ അനീതികൾ മാത്രമല്ല, അനീതി ആരു ചെയ്താലും അതിനെതിരേ ഞാൻ പോരാടും”.
1945 ജൂലൈ ഒന്നിന് അദ്ദേഹം ചെയ്ത പള്ളിപ്രസംഗം പിൻവലിക്കണമെന്ന് ബ്രിട്ടീഷ് അധികാരികൾ ആവശ്യപ്പെട്ടെങ്കിലും ബിഷപ് വഴങ്ങിയില്ല. ആ പ്രസംഗത്തിന്റെ കോപ്പികൾ മുൻ പ്രസംഗങ്ങളെപ്പോലെതന്നെ ജർമനിയിൽ ആകമാനം വിതരണം ചെയ്യപ്പെട്ടു. 1946 ഫെബ്രുവരി 21ന് മാർപാപ്പ അദ്ദേഹത്തെ കർദിനാൾ പദവിയുടെ സ്ഥാനചിഹ്നങ്ങൾ ധരിപ്പിച്ചപ്പോൾ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഉയർന്ന കരഘോഷം അനേകം മിനിറ്റുകൾ നീണ്ടുനിന്നു. തിരിച്ചു മ്യുൺസ്റ്ററിൽ എത്തിയ കർദിനാൾ ക്ലെമൻസിന് രാജോചിതമായ സ്വീകരണമാണ് ജർമൻ ജനത നൽകിയത്.
ബോംബാക്രമണത്തിൽ തകർന്നുകിടന്ന മ്യുൺസ്റ്റർ കത്തീഡ്രലിൽ "വെസ്റ്റ്ഫാലിയിലെ കുലീനമായ ഓക്കുമരത്തെ പോലെ' വിജിഗീഷുവായി കർദിനാൾ ക്ലെമൻസ് കടന്നുവന്നു. അന്തിമവിജയത്തിനുശേഷം അദ്ദേഹത്തെ തുറുങ്കിലടക്കാൻ കാത്തിരുന്ന "ദേശസ്നേഹികൾ' ഏകഛത്രാധിപതികളുടെ അനിവാര്യ ഭാഗധേയമായ ആത്മഹത്യയിലോ ഒളിസങ്കേതങ്ങളിലോ തടവറകളിലോ എത്തിപ്പെട്ടിരുന്നു.
സംശുദ്ധമായ വ്യക്തിജീവിതത്തിന്റെ ഉടമയായിരുന്ന കർദിനാൾ ക്ലെമൻസിന്റെ വിശുദ്ധപദ പ്രഖ്യാപനത്തിനുള്ള നടപടികൾ 1956ൽ ആരംഭിച്ചു. 2004ൽ അവസാനിച്ചു. പിറ്റേവർഷം ഒക്ടോബർ ഒമ്പതിനു ബനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.