ആലുവ: ആലുവ ടൂറിസം സർക്യൂട്ട് പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുന്നു. എയർപോർട്ട്, ശിവരാത്രി മണപ്പുറം, സീഡ് ഫാം, പരുന്ത്റാഞ്ചി മണപ്പുറം, ഗ്ലാസ് പാലം, റോപ്പ് വേ എന്നിവ ഉൾപ്പെടുത്തിയുള്ള ടൂറിസം സർക്യൂട്ട് പദ്ധതിയുടെ സാധ്യത പഠനം ആരംഭിച്ചു.
ടൂറിസം ഇൻഫർമേഷൻ ഓഫിസർ സുനിത, പ്രോജക്ട് എൻജിനിയർ ശ്രീജ എന്നിവർ ആലുവയിലെ സ്ഥലങ്ങൾ സന്ദർശിച്ച് ടുറിസം സർക്യൂട്ട് പദ്ധതി നടപ്പിലാക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് പരിശോധന നടത്തി.
ഇതിന് തുടർച്ചയായി ആലുവ പാലസിലെത്തിയ മന്ത്രി പി.സി. വിഷ്ണുനാഥുമായി ആലുവ എംഎൽഎ അൻവർ സാദത്ത് ചർച്ച നടത്തി. സീഡ് ഫാം ഉൾപ്പെടെ മണപ്പുറത്ത് പദ്ധതി നടപ്പിലാക്കേണ്ട പ്രദേശങ്ങൾ കാണിക്കുകയും ഈ പദ്ധതി നടപ്പിലാക്കുന്നതിനേക്കുറിച്ച് വിശദമായ ചർച്ച നടത്തുകയും ചെയ്തതായി എംഎൽഎ അറിയിച്ചു.
കോടിയേരി ബാലകൃഷണൻ ടൂറിസം മന്ത്രിയായിരിക്കെ ആലുവ ടൂറിസം സർക്യൂട്ട് പദ്ധതി വിഭാവനം ചെയ്തതാണ്. അതിൻെറ ഭാഗമായി പെരിയാറിലെ ഒറ്റപ്പെട്ട ദ്വീപായ പരുന്ത് റാഞ്ചി മണപ്പുറത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്തി. ബോട്ട് ജെട്ടി, സ്റ്റേജ് തുടങ്ങിയവയാണ് നിർമിച്ചത്. ശിവരാത്രി മണപ്പുറത്ത് നിന്നും ബോട്ട് സവാരിയായിരുന്നു പ്രധാന ആകർഷണം. എന്നാൽ പദ്ധതി പിന്നീട് ഉപേക്ഷിക്കപ്പെട്ടു.