നല്ലേപ്പിള്ളി: ഒന്നര പതിറ്റാണ്ടായി കട്ടപ്പുറത്ത് സ്ഥലം മുടക്കിയായി വയലിൽകിടക്കുന്ന കൊയ്ത്ത് യന്ത്രവും ലോറിയും മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്ഥലം ഉടമയായ കർഷകൻ കൃഷിഭവനെ സമീപിച്ചു.
നല്ലേപ്പിള്ളി കന്പിളിച്ചുങ്കം വട്ടംപൊറ്റ എം. ബാലകൃഷ്ണന്റെ സ്ഥലത്താണ് ലോറിയും കൊയ്ത്ത് യന്ത്രവും ഉപയോഗശൂന്യമായിട്ടിരിക്കുന്നത്.
നല്ലേപ്പിള്ളി പഞ്ചായത്തിലെ പാടശേഖരസമിതി ഭാരവാഹികളുടെ സ്നേഹം കൂട്ടായ്മക്കാണ് 25 ലക്ഷം രൂപ വിലയുണ്ടായിരുന്ന യന്ത്രംകൈമാറിയത്.
യന്ത്രം ഓടികിട്ടിയ വാടകസംഖ്യ ഉപയോഗിച്ച് കൊയ്ത്ത് യന്ത്രം കയറ്റുന്ന ഒരുലോറിയും വാങ്ങിയിരുന്നു.
കൊയ്ത്ത് യന്ത്രത്തിന് ചെറിയ കേടുപാടു സംഭവിച്ചതോടെ പാടശേഖരസമിതി കൂട്ടായ്മ റിപ്പയർ ചെയ്യാതെ കട്ടപ്പുറത്തു കയറ്റിയിട്ടു.
കേടില്ലാത്ത ലോറിയും തുരുമ്പെടുത്തു നശിച്ചുവരികയാണ്.
പാടശേഖരസമിതികളിലെ ഉത്പാദന ബോണസ് വിഹിതത്തിലെ സംഖ്യയിലെ ഗുണഭോക്തൃ വിഹിതവും ഗ്രാമപഞ്ചായത്ത് വിഹിതവും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കിയപദ്ധതിയാണ് നാഥനില്ലാത്ത അവസ്ഥയിൽ കിടക്കുന്നത്.
യന്ത്രവും ലോറിയും ശരിപ്പെടുത്താനായില്ലെങ്കിൽ സ്ഥലത്ത് നിന്നും മാറ്റിയിടാനുള്ള സന്മനസെങ്കിലും അധികൃതർ കാണിക്കണമെന്നാണ് ബാലകൃഷ്ണന്റെ ആവശ്യം.