മായിത്തറ: പൂപ്പാടം ചെന്പട്ടണിഞ്ഞു, കരപ്പുറത്ത് ഇനി ചീരക്കാലം. ആഘോഷമായി പൂപ്പാടത്തെ ചീര വിളവെടുപ്പ്. കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിൽ മായിത്തറയിൽ കർഷകൻ വി.പി. സുനിൽ രണ്ടര ഏക്കർ സ്ഥലത്ത് കൃഷിചെയ്ത ചീരയുടെ വിളവെടുപ്പാണ് നടന്നത്.
വ്യത്യസ്തമായ കൃഷിരീതികളാണ് എന്നും സുനിൽ സ്വീകരിച്ചുപോരുന്നത്. മണ്ഡലകാലം നോക്കി പച്ചക്കറികൾ കൃഷിചെയ്യും. ചൂടു സമയത്ത് കുളിരേകുന്നതിന് തണ്ണിമത്തനും വിഷു സമയത്ത് കണിവെളളരിയും ഓണക്കാലത്ത് പൂകൃഷിയും ചെയ്ത് സംസ്ഥാന തലത്തിൽതന്നെ ശ്രദ്ധ നേടിയ കർഷകനാണ് സുനിൽ.
മഴക്കാലത്ത് ആരും കൃഷി ചെയ്യാതിരുന്ന സമയത്താണ് സുനിൽ വർഷം മുഴുവൻ ചീരകൃഷി ചെയ്യാമെന്ന് തെളിയിക്കുന്നത്. മഴക്കാലത്തുണ്ടാകുന്ന പുള്ളിരോഗത്തെ ജൈവമാർഗത്തിലൂടെ ഇല്ലാതാക്കാമെന്നു തെളിയിച്ചാണ് ചീരകൃഷി വിജയിപ്പിച്ചത്. രാവിലെ ആറിന് തുടങ്ങുന്ന കൃഷിജോലികൾ ഇരുട്ടാകുന്നതു വരെ തുടരുന്നു. ഭാര്യ രോഷ്നിയും ചേർന്നാണ് കൃഷി ജോലികൾ ചെയ്യുന്നത്.
ചീരകൃഷി വിളവെടുപ്പ് കഞ്ഞിക്കഴി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. മെംബർ പി. മുരളി, കൃഷി അസിസ്റ്റന്റ് എസ്.സി. അനില, ജി. ഉദയപ്പൻ എന്നിവർ പങ്കെടുത്തു. ചീര ആവശ്യമുള്ളവർക്ക് സുനിലിനെ നേരിട്ട് വിളിക്കാം. ഫോൺ- 92493 33743.