കാര്യവട്ടം: രോഹൻ കുന്നുമ്മൽ ബാറ്റിംഗ് മികവ് പുറത്തെടുത്ത പോരാട്ടത്തിൽ കാലിക്കട്ട് ഗ്ലോബ് സ്റ്റാർസിന് കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരേ തകർപ്പൻ ജയം.
ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 150 റണ്‍സെടുത്തു. 151 റണ്‍സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിംഗിന് ഇറങ്ങിയ കാലിക്കട്ട് 24 പന്ത് ബാക്കി നിൽക്കേ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി. 78 റണ്‍സടുത്ത രോഹൻ കുന്നുമ്മലാണ് പ്ലെയർ ഓഫ് ദ മാച്ച്.
സ്കോർ:
കൊച്ചി ബ്ലൂ ടൈഗേഴ്സ് - 20 ഓവറിൽ 150/8
കാലിക്കട്ട് ഗ്ലോബ്സ്റ്റാർസ് - 16 ഓവറിൽ 151/2
ഒരു ഘട്ടത്തിൽ മൂന്നു വിക്കറ്റിന് 42 റണ്‍സ് എന്ന നിലയിലായിരുന്ന കൊച്ചിയെ മധ്യനിരയിലെ മനുകൃഷ്ണന്റെയും (30 റണ്‍സ്), സച്ചിൻ സുരേഷിന്റെയും (42 റണ്‍സ് നോട്ടൗട്ട്) പ്രകടനമാണ് സ്കോർ 150ൽ എത്തിക്കാൻ അടിസ്ഥാനമായത്.
151 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിന് ഇറങ്ങിയ കാലിക്കട്ടിന് ഏഴ് റണ്‍സെടുത്ത വരുണ്‍ നായനാരുടെ വിക്കറ്റ് ആദ്യം നഷ്ടമായി. രണ്ടാം വിക്കറ്റിൽ രോഹൻ കുന്നുമ്മൽ, കെ.എസ്. അരവിന്ദ് സഖ്യം അതിവേഗം സ്കോർബോർഡ് ചലിപ്പിച്ചു. 39 പന്തുകളിൽ നാല് ഫോറും ഏഴ് സിക്സും ഉൾപ്പെടെ 78 റണ്‍സ് ആണ് രോഹൻ അടിച്ചുകൂട്ടിയത്. കെ.എസ്. അരവിന്ദ് (44), അഖിൽ സ്കറിയ (17) എന്നിവർ പുറത്താകാതെ നിന്ന് വിജയം അനായാസമാക്കി.