അടൂർ: പ്രശസ്തിയേറിയ സിനിമാക്കാരുടെ നാടാണ് അടൂർ. എന്നാൽ നഗരത്തിൽ പേരിനുപോലും ഒരു സിനിമ തിയറ്റർ ഇന്നില്ലെന്നതാണ് യാഥാർഥ്യം. കഴിഞ്ഞദിവസം അടൂർ ചലച്ചിത്രോത്സവം സംഘടിപ്പിച്ചതും ഓഡിറ്റോറിയത്തിലാണ്. ലോകോത്തര സിനിമകളാണ് ചലച്ചിത്രോത്സവത്തിലെത്തിയത്.
ഒരു കാലത്ത് ജില്ലയിലെ പ്രധാന സിനിമ റിലീസ് കേന്ദ്രമായിരുന്നു അടൂർ. 2000 ആരംഭത്തിൽ അടൂർ -പറക്കോട് പ്രാദേശത്തായി ആറ് തിയറ്റർ പ്രവർത്തനമുണ്ടായിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം ഒരിടത്തും പ്രദർശനമില്ല.
അടൂരിലെ സിനിമാസ്വാദനത്തിന്റെ ഹൃദയസ്പന്ദനമായിരുന്ന നയനം, നാദം തിയറ്ററുകൾ നവീകരണത്തിനായി അടച്ചിട്ട് ആറ് വർഷത്തിലേറെയായി. നാല് സ്ക്രീനുകളുമായി മടങ്ങിവരവിനുള്ള പണികൾ പൂർത്തിയായി വരികയാണെന്നു പറയുന്നു. ചില സാങ്കേതികപ്രശ്നങ്ങൾ കൂടി നീങ്ങിയാൽ തിയേറ്റർ പ്രവർത്തനം ആരംഭിക്കാൻ സാധിക്കുമെന്ന് ഉടമ വിജയൻ ഉണ്ണിത്താൻ പറഞ്ഞു.
ഇതേ കുടുംബത്തിന്റെ തന്നെ ഉടമസ്ഥതയിലുണ്ടായിരുന്നതാണ് പറക്കോട് എസ്ആർകെ. അരനൂറ്റാണ്ട് മുമ്പ് തെക്കൻ കേരളത്തിൽ ബാൽക്കണിയുണ്ടായിരുന്ന ചുരുക്കം ചില തിയറ്ററുകളിൽ ഒന്നാണ്. അടൂരിൽ ഇതേ ഗ്രൂപ്പിന്റെ മറ്റൊരു ഓലകൊട്ടകയായിരുന്ന വിജയ തിയറ്റർ. 1984-ൽ തീപിടിത്തിൽ ഇല്ലാതായതു ചരിത്രം. ജില്ലയിലെ തന്നെ വലിയ തിയറ്ററുകളിലൊന്നായ പറക്കോട് ശക്തി, കോട്ടമുകൾ എംകെആർ, ഏനാത്ത് എആർഎം, കൊടുമൺ ശ്രീഗോവിന്ദ് എന്നിവയൊക്കെ കാലാന്തരത്തിൽ പ്രദർശനമവസാനിപ്പിച്ചയാണ്.
അടൂരിൽ നഗരത്തിനുള്ളിൽ പ്രവർത്തിച്ചിരുന്ന സ്മിതാ തിയറ്ററാണ് ഏറ്റവും ഒടുവിൽ പ്രദർശനം അവസാനിപ്പിച്ചത്. ഇതും നോൺ-എസി തിയറ്ററായിരുന്നു. ഇപ്പോൾ അടൂരുകാർ സിനിമ കാണണമെങ്കിൽ നൂറനാടോ പത്തനാപുരമോ പോകേണ്ട സ്ഥിതിയാണ്.
ആധുനിക സൗകര്യങ്ങളോടു കൂടി പുതിയ സ്ക്രീനുകൾ എത്തുമ്പോൾ അടൂർ പഴയ പ്രതാപത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം.
അടൂർ ഭാസി, അടൂർ ഭവാനി, അടൂർ പങ്കജം, അടൂർ ഗോപാലകൃഷ്ണൻ, സംവിധായകൻ ബിജു തുടങ്ങിയ പ്രതിഭകൾ അടൂരിന്റെ പേര് വാനോളം ഉയർത്തിയിട്ടും നിലവിൽ അടൂരിൽ ഒരു സിനിമ തിയറ്റർ പോലും പ്രവർത്തിക്കുന്നില്ലെന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടത് കഴിഞ്ഞദിവസം നടന്ന അടൂർ ചലച്ചിത്രോത്സവത്തിലാണ്.