അഞ്ചല്‍ : അഞ്ചലില്‍ പട്ടണത്തില്‍ ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ മോഷണം. അഞ്ചല്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഫ്ലിക്സ് എന്ന ചെരുപ്പുകടയിലും അഗസ്ത്യക്കോട് പ്രവര്‍ത്തിക്കുന്ന ന്യൂസുപ്രീം സൂപ്പര്‍മാര്‍ക്കറ്റിലും കുരുവിക്കോണത്തു പ്രവര്‍ത്തിക്കുന്ന സില്‍വര്‍ സ്പൂണ്‍ ഹോട്ടലിലും തൊട്ടടുത്തുള്ള മാവളയില്‍ പ്രവര്‍ത്തിക്കുന്ന ആഗ്രോ ബസാര്‍ എന്ന വളക്കടയിലും ഇതിനോട് ചേര്‍ന്നുള്ള വഴിയോര കട എന്ന ഹോട്ടലിലുമാണ് പുലര്‍ച്ചെയോടെ മോഷണം നടന്നത്.
ചെരുപ്പ് കടയിലെയും സൂപ്പര്‍മാര്‍ക്കറ്റിലെയും മുന്‍വശത്തെ ഗ്ലാസ് ഡോര്‍ ചുറ്റികകൊണ്ട് അടിച്ച് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്ന് മേശയില്‍ സൂക്ഷിച്ചിരുന്ന പണവും വിലപിടിപ്പുള്ള ഷൂ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ അപഹരിച്ചത്. വളക്കടയുടെയും ഹോട്ടലിന്റെയും മുന്‍വശത്തെ ഗ്രില്ലിന്റെ പൂട്ട് അടിച്ചുപൊളിച്ച് അകത്തു കടന്നമോഷ്ടാക്കള് മേശയില്‍ സൂക്ഷിച്ചിരുന്ന പണം കവര്‍ന്നു.
രണ്ട് ബൈക്കുകളില്‍ എത്തിയ നാലുപേരടങ്ങുന്ന യുവാക്കളുടെ സംഘമാണ് മോഷണം നടത്തുന്നതെന്ന് സിസിടിവി ദൃശ്യത്തില്‍ നിന്നു വ്യക്തമാണ്. മോഷണം നടന്ന കടകളിലെയും സമീപ സ്ഥാപനങ്ങളില്‍ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് ശേഖരിച്ചിട്ടുണ്ട്. കടയുടമകളുടെ മൊഴി ഉള്‍പ്പടെ രേഖപ്പെടുത്തിയ അഞ്ചല്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലത്ത് നിന്നു ഡോഗ് സ്ക്വാഡ,് വിരലടയാള വിദഗ്ധര്‍ ഉള്‍പ്പടെയുള്ളവരും എത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
രണ്ടാഴ്ച മുമ്പാണ് അഞ്ചല്‍ മേഖലയില്‍ റബര്‍ തോട്ടത്തില്‍ സൂക്ഷിച്ചിരുന്ന റബര്‍ ഷീറ്റുകളും രണ്ട് വീടുകളും ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയും കുത്തിപ്പൊളിച്ച് മോഷണം നടന്നത്. ഇതിലെ മോഷ്ടാക്കളെയും പോലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇതിന് തൊട്ടുപിന്നാലെയാണ് വീണ്ടും അഞ്ചോളം വ്യാപാര സ്ഥാപനങ്ങളിലും മോഷണം നടന്നത്. പട്ടണത്തില്‍ ഉള്‍പ്പടെ നിരവധി ഇടങ്ങളില്‍ ഒരു ദിവസം രാത്രിയില്‍ തന്നെ ഇത്രയധികം മോഷണം നടന്നതിന്റെ ഞെട്ടലിലാണ് വ്യാപാരികളും നാട്ടുകാരും. മോഷ്ടാക്കളെ ഉടന്‍ കണ്ടെത്തി നിയമത്തിന് മുന്നില്‍ ഹാജരാക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.