മഞ്ചേരി: വാഹനങ്ങളിലും മറ്റും കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി മഞ്ചേരി നഗരസഭ. മഞ്ചേരി ചെങ്ങണ ബൈപ്പാസ് റോഡിലെ കവളങ്ങാടില് പ്ലാസ്റ്റിക് കവറുകളില്‍ മാലിന്യം തള്ളിയ പെരിന്തല്‍മണ്ണ സ്വദേശിയെ നഗരസഭ ആരോഗ്യവിഭാഗം കണ്ടെത്തി പിഴ ചുമത്തി.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യവിഭാഗം സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍, മാലിന്യത്തില്‍ നിന്ന് പെരിന്തല്‍മണ്ണയിലെ ഒരു സ്ഥാപനത്തിന്റെ ബില്ല് ലഭിച്ചു. ഈ ബില്ല് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാള്‍ക്ക് 5,000 രൂപ പിഴ ചുമത്തി. കൂടാതെ, മുട്ടിപ്പാലത്ത് ടൂറിസ്റ്റ് ബസില്‍ നിന്ന് ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് പ്ലേറ്റുകളും കവറുകളിലാക്കി റോഡിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിലും നഗരസഭ നടപടിയെടുത്തു. അന്വേഷണത്തില്‍ ബസിന്റെ നമ്പര്‍ കണ്ടെത്തുകയും ഉടമയെക്കുറിച്ചുള്ള വിവരം ശേഖരിക്കുകയും ചെയ്തു. മാലിന്യം ഉടന്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട ആരോഗ്യ വിഭാഗം ഉടമയ്ക്ക് പിഴയും ചുമത്തിയിട്ടുണ്ട്. നഗരസഭ പരിധിയില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരേ ശക്തമായ കര്‍ശന നടപടികള്‍ തുടരുമെന്ന് സെക്രട്ടറി വൈ.പി. മുഹമ്മദ് അഷ്റഫ് അറിയിച്ചു. ക്ലീന്‍സിറ്റി മാനേജര്‍ ജെ.എ. നുജൂം, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ടി. ഷാജു, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ റില്‍ജു മോഹന്‍, സി. രതീഷ്, ഒ.എസ്. പ്രിയ, പി. ജംസി, പി.സി. ശാമില്‍, നിഷാന നസ്റിന് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന തുടരുന്നത്.