തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് എംഎൽഎമാരുടെ നിയമസഭാ കക്ഷി യോഗം വ്യാഴാഴ്ച ചേരും. രാവിലെ 11ന് ആണ് യോഗം.
യോഗത്തിന് മുൻപോ യോഗത്തിലോ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഉണ്ടാകും. തുടർന്ന് നിയമസഭാ കക്ഷി നേതാവ് ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും.
ശനിയാഴ്ച സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് സൂചന. അൽപസമയം മുന്പ് മുതിർന്ന നേതാവ് ജയ്റാം രമേശാണ് കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടാകുമെന്ന് അറിയിച്ചത്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കണ്ടതിന്റെ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ, വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി രാഹുൽ ഗാന്ധി ചർച്ച നടത്തിയിരുന്നു. ഖാർഗെയുടെ വസതിയിൽ വച്ചാണ് ഇരുവരെ കൂടിക്കാഴ്ച നടത്തിയത്.
മുഖ്യമന്ത്രി പ്രഖ്യാപനം കാത്ത് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ വസതികളിൽ നൂറു കണക്കിന് പ്രവർത്തകരാണ് തടിച്ചുകൂടിയത്. തെരഞ്ഞെടുപ്പ് ഫലം വന്ന് 10 ദിവസങ്ങളായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തത് പ്രവർത്തകർക്കിടെയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.