മണിമല: മൂവാറ്റുപുഴ-പുനലൂർ ദേശീയപാതയിൽ നിന്നു മണിമല മാർക്കറ്റ് ജംഗ്ഷൻ, കൊച്ചുമിനി റോഡ് എന്നിവ ഉൾപ്പെടുന്ന മണിമല-പഴയിടം തീരദേശ റോഡ് പൂർണമായും തകർന്നു. റോഡിന്റെ നടുവിലായി വലിയ കുഴികൾ രൂപപ്പെട്ടതോടെ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഇതുവഴിയുള്ള യാത്ര ദുരിതമായിരിക്കുകയാണ്.
റോഡിന്റെ അശാസ്ത്രീയമായ നിർമാണവും നിലവാരമില്ലാത്ത ടാറിംഗുമാണ് ഇത്രവേഗം റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ദിവസേന നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന പ്രധാന റോഡാണിത്. കുഴികളിൽ വീണ് ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവായിട്ടുണ്ട്.
അടിയന്തരമായി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ നടത്തി സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കാൻ അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.