കടുവാക്കുളം: പൂവന്തുരുത്ത് കാട്ടാമ്പാക്കിൽ ഹൈടെൻഷൻ ടവർ ലൈൻ പൊട്ടിവീണു. ഉഗ്ര സ്ഫോടന ശബ്ദത്തോടെ ലൈൻ പൊട്ടി വീണതോടെ നാട്ടുകാർ പരിഭ്രാന്തരായി.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഒരു ലൈനാണ് പൊട്ടി വീണത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ മറ്റു ലൈൻകളും ആടി ഉലഞ്ഞു. കിലോമീറ്ററുകൾ അകലെ വരെ ശബ്ദം കേട്ടു നാട്ടുകാർ വീടുകൾക്ക് പുറത്തിറങ്ങി.
മിന്നലോ മറ്റോ മൂലം കൂടുതൽ വൈദ്യുതി പ്രവഹിച്ചതാ കാം ലൈൻ പൊട്ടിവീഴാൻ കാരണമെന്നു കെഎസ്ഇബി അധികൃതർ പറഞ്ഞു. ലൈൻ പൊട്ടിയാൽ ഉടനെ ഓഫാകുന്നതിനാൽ ടവർ ലൈൻ പൊട്ടി വീണാലും അപകടസാധ്യത കുറവാണെന്നും അധികൃതർ പറഞ്ഞു.
അതേസമയം താഴെയുള്ള ചില വീടുകളുടെ ശുചിമുറിയുടെയും മറ്റും പുറത്തേക്കാണ് ലൈൻ വീണത്. ഷീറ്റു കൾ പൊട്ടിയ തൊഴിച്ചാൽ മറ്റ് അപകടങ്ങളില്ല. വൈകുന്നേരത്തോടെ പൊട്ടിവീണ ലൈൻ അധികൃതർ എത്തി പൂർവസ്ഥിതിയിലാക്കി.