നെടുങ്കണ്ടം: അഴിയാത്ത കുരുക്കിൽ നെടുങ്കണ്ടത്തെ ഗതാഗതം. പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും ഒരുപാടുണ്ടായെങ്കിലും താലൂക്കാസ്ഥാനമായ നെടുങ്കണ്ടം ടൗണിലെ സുഗമമായ യാത്രയ്ക്ക് നടപടികളൊന്നും ഉണ്ടായിട്ടില്ല. അനധികൃത പാർക്കിംഗിലും വിവിധയിടങ്ങളിൽ വഴിയരികിലെ ടാക്സി സ്റ്റാൻഡും അലക്ഷ്യമായ ഡ്രൈവിംഗും നെടുങ്കണ്ടം ടൗണിനെ വീർപ്പു മുട്ടിക്കുകയാണ്.
മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെ അൻപതിലധികം സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളും താലൂക്കാശുപത്രിയുമുള്ള നെടുങ്കണ്ടത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. അഞ്ച് റോഡുകൾ കൂടിച്ചേരുന്ന കിഴക്കേകവലയിലാണ് ഏറ്റവും വലിയ പ്രതിസന്ധി.
പ്രധാന റോഡുകളിൽനിന്നെല്ലാം ഒരേസമയം എത്തുന്ന വാഹനങ്ങൾ കിഴക്കേ കവലയിൽ കുടുങ്ങുന്നത് പതിവാണ്. സിവിൽ സ്റ്റേഷനിലേക്കും പോലീസ് സ്റ്റേഷനിലേക്കും താലൂക്ക് ആശുപത്രിയിലേക്കും തിരിയുന്ന ഇവിടെ സ്കൂൾ, ഓഫീസ് സമയങ്ങളിൽ ഗതാഗതം സ്തംഭിക്കുന്ന സ്ഥിതിയാണ്. മുൻപ് ഹോം ഗാർഡിന്റെ സേവനമുണ്ടായിരുന്നെങ്കിലും നിലവിൽ ഗതാഗതം നിയന്ത്രിക്കാൻ ആരുമില്ല. അലക്ഷ്യമായി തിരിക്കുന്ന വാഹനങ്ങൾ തർക്കങ്ങൾക്ക് കാരണമാകുന്നതും പതിവാണ്.
കിഴക്കേകവലയിൽ ട്രാഫിക് ഐലൻഡ് നിർമിക്കുമെന്ന് വർഷങ്ങൾക്കു മുൻപേ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ഇതുവരെ പദ്ധതി നടപ്പായിട്ടില്ല. നെടുങ്കണ്ടത്തിന്റെ അഭിമാനമായ സിന്തറ്റിക് ട്രാക്കിൽ പരിപാടികൾ നടക്കുമ്പോൾ സ്ഥിതി കൂടുതൽ വഷളാകും. സ്ഥാപനങ്ങൾക്ക് മുൻപിൽ അലക്ഷ്യമായി വാഹനങ്ങൾ നിർത്തിയിടുന്നത് വ്യാപാരത്തെ ദോഷകരമായി ബാധിക്കാറുണ്ടെന്നു വ്യാപാരികൾ പറയുന്നു. ടൗണിൽ ഭൂരിഭാഗം മേഖലകളിലും നടപ്പാതകൾ ഇല്ലെന്നതും പ്രതിസന്ധിയാണ്.
വരയില്ല
ടൗണിൽ എത്തുന്ന കാൽനടയാത്രക്കാർക്ക് യാതൊരു പരിഗണനയുമില്ലാത്ത രീതിയിലാണ് റോഡുകൾ. ബസ് സ്റ്റോപ്പുകളിലും സീബ്രാ ലൈനുകളിലും വരയുടെ പൊടിപോലുമില്ല. വരകൾ നോക്കി വാഹനങ്ങൾ നിർത്താത്തതും തോന്നിയ പടി ബസുകൾ നിർത്തുന്നതും പതിവാണ്.
സർവകക്ഷിയോഗം ചേരണം
ടൗണിലെ ഗതാഗത പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ സർവകക്ഷി യോഗം ചേർന്ന് ക്രമീകരണങ്ങൾ നടത്തണമെന്നത് നാളുകളായുള്ള ആവശ്യമാണ്. വിവിധ സ്ഥലങ്ങളിലുള്ള സ്റ്റാൻഡുകൾ ഏകീകരിക്കുന്നതിനും വൺവേ റോഡുകൾ, ബസ് സ്റ്റോപ്പുകൾഎന്നിവ ചിട്ടപ്പെടുത്തുന്നതിനും പൊതു പാർക്കിംഗ് കണ്ടെത്തുന്നതിനും സാധിച്ചാൽ ഗതാഗതതടസം പരിഹരിക്കാൻ കഴിയും.
പ്രതീക്ഷ ബജറ്റ് പ്രഖ്യാപനത്തിൽ
നെടുങ്കണ്ടത്ത് റിംഗ് റോഡ് നിർമിക്കുന്നതിന് രണ്ടു കോടി രൂപ ബജറ്റിൽ അനുവദിച്ചതാണ് നിലവിലെ ഏക പ്രതീക്ഷ. ജില്ലയിൽതന്നെ ഒരു പദ്ധതിക്ക് അനുവദിച്ചിരിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. റിംഗ് റോഡ് പൂര്‍ത്തിയായാല്‍ നെടുങ്കണ്ടത്തെ ഗതാഗത പ്രശ്നങ്ങള്‍ ഏറെ പരിഹരിക്കപ്പെടും. സ്കൂള്‍ ജംഗ്ഷനില്‍നിന്ന് ആരംഭിച്ച് ചക്കക്കാനം വഴി ബസ് സ്റ്റാൻഡിനു സമീപം എത്തുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
തകർന്നുകിടക്കുന്ന കരുണ ധ്യാനകേന്ദ്രം - സെന്റ് സെബാസ്റ്റ്യൻസ് പള്ളി - പടിഞ്ഞാറേക്കവല റോഡ് വീതി കൂട്ടി പുനർനിർമിക്കാനായാൽ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി പടിഞ്ഞാറേക്കവലയിൽനിന്നു താലൂക്ക് ആശുപത്രിയിലേക്കും സിവിൽ സ്റ്റേഷനിലേക്കും ഏറ്റവും കുറഞ്ഞ ദൂരത്തിൽ എത്താൻ കഴിയുന്ന ബൈപാസ് റോഡായി ഈ വഴി പ്രയോജനപ്പെടുത്താൻ കഴിയും.