പാലാ: നഗരത്തിൽ മൂടിയില്ലാ ഓടകൾ കാൽനട യാത്രികർക്ക് ദുരിതമാകുന്നു. നടപ്പാതകളിലെ വാഹന പാര്‍ക്കിംഗും വ്യാപാര സ്ഥാപനങ്ങൾ നടപ്പാതകൾ കൈയേറുന്നതും പതിവു കാഴ്ചയാണ്.
കുരിശുപള്ളിക്കവലയില്നിന്നു ഗവ. ഹൈസ്കൂളിനു മുന്നിലൂടെ സിവില്‍ സ്റ്റേഷന് ഭാഗത്തേക്ക് പോകുന്ന രാമപുരം റോഡിലും ടൗണ്‍ ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് പോകുന്ന പ്രധാന റോഡിലും സ്ഥിരമായി വാഹനങ്ങളുടെ പാര്‍ക്കിംഗ് മേഖലയായി നടപ്പാത മാറിയിരിക്കുകയാണ്. വാഹനങ്ങൾ നടപ്പാത കൈയേറുന്നതോടെ ആളുകൾ റോഡിലൂടെ നടക്കേണ്ട അവസ്ഥയാണ്. ഇതും അപകടസാധ്യത സൃഷ്ടിക്കുന്നുണ്ട്.
ടൗണ്‍ ബസ് സ്റ്റാന്‍ഡ് ഭാഗത്തുനിന്നും സ്റ്റേഡിയം ജംഗ്ഷനിലേക്ക് പോകുന്ന റോഡിൽ വ്യാപാര സ്ഥാപനങ്ങൾ സാധനങ്ങള്‍ നടപ്പാതയിൽ ഇറക്കിവച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളുടെ നിയമലംഘനങ്ങൾ നഗരസഭ കണ്ടില്ലെന്നു നടിക്കുകയാണ്.
മുരിക്കുംപുഴ ഭാഗത്തും തെക്കേക്കരയിലുമാണ് ഓടയ്ക്ക് മുകളില്‍ സ്ലാബില്ലാതെ അധികൃതർ അപകടം കാത്തിരിക്കുന്നത്. രാത്രിസമയങ്ങളില്‍ കാല്‍നടയാത്രികര്‍ മൂടിയില്ലാത്ത ഓടകളില്‍ വീണ് അപകടത്തില്‍പ്പെടാന്‍ സാധ്യത ഏറെയാണ്. ബൈപാസിന്റെ പല ഭാഗങ്ങളിലും നടപ്പാതകളില്‍ കാടുകയറിക്കിടക്കുന്നതും കാല്‍നടക്കാര്‍ക്ക് ദുരിതമുണ്ടാക്കുന്നു.
കാല്‍നടക്കാരുടെ മൗലികാവകാശം സംരക്ഷിക്കണമെന്നും ടൗണിലെ നടപ്പാതകള്‍ സുരക്ഷിതമാക്കണമെന്നും പാലാ പൗരാവകാശസമിതി ആവശ്യപ്പെട്ടു. നടപ്പാത കൈയേറ്റത്തിൽ നടപടി ആവശ്യപ്പെട്ട് നഗരസഭയ്ക്ക് പലതവണ പരാതി നൽകിയിട്ടുണ്ട്. ഇനിയും നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് പൗരാവകാശസമിതി പ്രസിഡന്റ് ജോയി കളരിക്കല്‍, സിറിയക് ജയിംസ്, പി.കെ. ജയ്മോൻ, ടി.കെ. ശശിധരന്, എ.സി. മനോജ്, കെ.എസ്. അജി എന്നിവർ അറിയിച്ചു.