ശ്രീകണ്ഠപുരം: കാവുമ്പായി കരിവെള്ളൂർ റോഡിലെ യാത്ര ദുരിതത്തിന് പരിഹാരം വേണമെന്നാവശ്യവുമായി പ്രദേശവാസികൾ. ചുഴലി പാലത്തിന്റെ കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ മഴക്കാലത്ത് ചെളിവെള്ളം നിറഞ്ഞിരിക്കുന്നതിനാൽ ഏറെ പണിപ്പെട്ടാണ് വാഹനങ്ങൾ ഉൾപ്പെടെ കടന്നു പോകുന്നത്. ജില്ലയിലെ പ്രധാന പാതകളിൽ ഒന്നാണ് കാവുമ്പായി കരിവെള്ളൂർ ചുഴലി റോഡ്. ചെങ്ങളായി, നെല്ലിക്കുന്ന്, പനങ്കുന്ന് ഭാഗങ്ങളിലൂടെ പോകുന്ന ജില്ലാ പഞ്ചായത്ത് റോഡ് കൂടിയാണിത്.
ദിവസേന നൂറു കണക്കിന് വാഹനങ്ങൾ ഇത് വഴി കടന്നുപോകുന്നു. എന്നാൽ 80 മീറ്ററോളം ദൂരം തകർന്ന പാതയിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഇത് വഴിയുള്ള കാൽനടയാത്ര പോലും ദുഷ്കരമാണ്. അപകടാവസ്ഥയിലായ കരിയിലെ പാലം പുതുക്കി പണിതാൽ മാത്രമേ ജനങ്ങളുടെ ഈ ദുരിതയാത്രയ്ക്ക് പരിഹാരമാകുമെന്ന് നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ ജില്ലാപഞ്ചായത്ത് ഭരണസമിതിയിൽ ഒരുകോടിയോളം രൂപ വകയിരുത്തിയെങ്കിലും നിർമാണം പൂർത്തിയായിരുന്നില്ല. പുതിയ ഭരണസമിതി മൂന്നുകോടി കോടി തുക വകയിരുത്തിയാൽ മാത്രമേ പാലവും മഴക്കാലത്ത് തോടിൽ നിന്ന് ജലനിരപ്പ് ഉയരുന്നതിനാൽ റോഡ് ഉയർത്തുന്നതുൾപ്പെടെയുള്ള നിർമാണവും പൂർത്തിയാകൂ. ഇതിനായുള്ള നീണ്ട കാത്തിരിപ്പിലാണ് നാട്ടുകാർ.