വിഴിഞ്ഞം: അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാതെ കോവളം അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രത്തിലെ പുതിയ സീസണ് തുടക്കമാകുന്നു.ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് വർധിച്ചെങ്കിലും അവധി ആഘോഷങ്ങൾക്കായി വിദേശ സഞ്ചാരികളുടെ വരവിൽ കണ്ണും നട്ടിരിക്കുകയാണ് കോവളത്തുകാർ. സാധാരണ നവംബർ പകുതിയോടെ ആരംഭിക്കുന്ന സീസൺ മാർച്ച് അവസാനത്തോടെ അവസാനിക്കുമെങ്കിലും ആഭ്യന്തര ടൂറിസ്റ്റുകളെ കൊണ്ട് മേയ് വരെയും ബീച്ചുകൾ തിരക്കിലായിരിക്കും.
ലോകത്തിന്റെ പല രാജ്യങ്ങളിൽനിന്നു സഞ്ചാരികൾ വന്നു തുടങ്ങിയ കാലം മുതൽ കോവളം അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രം എന്ന വിളിപ്പേരിലായെങ്കിലും വികസന കാര്യ ത്തിൽ എപ്പോഴും പിന്നിലാണ്. വികസനം നടത്താനെന്ന പേരിൽ കഴിഞ്ഞ സർക്കാരുകൾ പ്രഖ്യാപിച്ച കോടിക്കണക്കിനു രൂപയുടെ വികസനത്തിന്റെ കണിക പോലും ഇവിടെ കാണാനി ല്ല. എന്നാൽ സ്വകാര്യ ഹോട്ടൽ സമുച്ചയങ്ങളും സ്റ്റേ ഹോമുകൾ ഉൾപ്പെടെയുള്ള വൻകിട കെട്ടിടങ്ങൾക്കുമാത്രം കുറവില്ല. വർഷംതോറും ഇവിടെവന്നു മടങ്ങുന്ന ലക്ഷക്കണക്കിനു സഞ്ചാരികൾക്കു കൈയേറ്റങ്ങൾ കണ്ടുമടങ്ങാനാണ് വിധി.
അധികാരികളും നിയമങ്ങളുമുണ്ടെങ്കിലും കോവളത്തിന്റെ വികസനം തീരത്തെ ഹോട്ടൽ ലോബികൾ നിയന്ത്രിക്കുന്ന അവസ്ഥയിലാണെന്ന ആക്ഷേപത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പണം മുടക്കി കോവളം തീരത്തിന്റെ മനോഹാരിത കാണാനെത്തുന്നവർക്ക് ഒന്ന് ഇരിക്കാനോ, വിശ്രമിക്കാനോ, സ്വതന്ത്രമായി നടക്കാനോ ഒരിടമില്ല. ഇതിനുപരി ഏറെ അത്യാവശ്യമായി വേണ്ട കുടിവെള്ളം, പ്രാഥമിക കർമത്തിനൊരിടം എന്നിവക്കായുള്ള സഞ്ചാരികളുടെ നെട്ടോട്ടം കോവളത്തിന്റെ ശാപമായി തന്നെ തുടരുന്നുണ്ട്.
ഗ്രോ, ഹൗവ്വാ, ലൈറ്റ് ഹൗസ് എന്നിങ്ങനെ പേരുള്ള വിശാലമായ ബീച്ചുകൾചേർന്നതാണ് കോവളം തീരം. നടപ്പാത വരെ ഹോട്ടലുകൾക്കൊണ്ടു നിറഞ്ഞപ്പോൾ തിരമാലകൾ അടിച്ചു കയറുന്ന സ്ഥിതിയുണ്ട്. മണൽപ്പരപ്പു മുഴുവനും കുടക്കാരും കട്ടിലുകാരും ഉല്ലാസ ബോട്ടുകാരും കൈയടക്കി. ഇതിനുപരി അപകടരഹിതമായി ഒരു വാഹനം കടന്നു വരാനുള്ള റോഡോ, പാർക്കിംഗ് സെന്ററോ ഇല്ലാത്തതും വികസനത്തിന് തിരിച്ചടിയായി.
സീസൺ കഴിയുമ്പോഴും നഷ്ടമെന്നു പറയുന്നവർ നിയമലംഘനം നടത്തിയും പരിധി ലംഘിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ വർഷം തോറും നടത്തുന്നുണ്ടെങ്കിലും അധികൃതർക്ക് മാത്രം അനക്കമില്ലെന്നു നാട്ടുകാർ പറയുന്നു.
കടലും ഒരു പാറക്കൂട്ടവും അല്ലാതെ മറ്റൊന്നും ഇവിടയില്ലെന്നുള്ളതു സ്ഥിരം വരുന്ന സഞ്ചാരികൾക്ക് മടുപ്പുളവാക്കു ന്നതായി ലൈഫ് ഗാർഡുമാരും പറയുന്നു. സീസണിന്റെ ആരംഭം കുറിക്കാനും അവസാനം കുറിക്കാനുമായി ഊട്ടി ഇന്റർനാഷണൽ സ്കൂളിൽനിന്നു കുട്ടികളും അധ്യാപകരും പതിവ് തെറ്റാതെ വർഷങ്ങളായി എത്തിയിരുന്നെങ്കിലും രണ്ടു വർഷമായി അതുംനിലച്ചു. ചാർട്ടേഡ് വിമാനങ്ങളിലും മറ്റും കൂട്ടമായി പറന്നെത്തിയിരുന്ന വിദേശികളുടെ വരവു കുറഞ്ഞ കോവളം പിടിച്ചു നിൽക്കുന്നത് ആഭ്യന്തര ടൂറിസ്റ്റുകളെ കൊണ്ടുമാ ത്രമാണ്. വികസന മുരടിപ്പും അടിസ്ഥാന സൗകര്യക്കുറവും ആഭ്യന്തര സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് ദുരിതം മാത്രം.