കൊല്ലം: കഠിനപാതകളിലൂടെ കടന്നു പോയ കൊല്ലം രൂപതയുടെ ചരിത്രവും ചിലയിടങ്ങളില്‍ വിസ്മരിക്കപ്പെട്ടിട്ടുണ്ടെന്നും അത് ഇനി സംഭവിക്കരുതെന്നും ബിഷപ് എമിരിറ്റസ് സ്റ്റാന്‍ലി റോമന്‍. സപ്തശതാബ്ദി നിറവിലെത്തിയ ഭാരതത്തിലെ പ്രഥമ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയുടെ 697-ാം സ്ഥാപകവാര്‍ഷിക ദിനം പ്രഥമ മെത്രാന്റെ സ്മരണാര്‍ഥം ‘ജോര്‍ദാനൂസ് കത്തലാനി ദിന' മായി ആഘോഷിക്കുന്നതിന്റെ ഭാഗമായി സുവി ശേഷം പ്രസംഗം നടത്തുക യായിരുന്നു അദ്ദേഹം.
ഭാരതത്തിലെ ആദ്യ രൂപതയാണ് കൊല്ലം. ചരിത്രം വിസ്മരിക്കപ്പെടുന്ന ഒരു കാലഘട്ടമാണിത്. അതുകൊണ്ട് തന്നെ ഇതിനു മാറ്റം കുറിക്കലായിരിക്കും 700 വര്‍ഷത്തിന്റെ പൂര്‍ണതയിലേക്ക് പോകുന്ന ഈ ആഘോഷങ്ങളെന്നും അദ്ദേഹം പറഞ്ഞു.
വിശുദ്ധ തോമാശ്ലീഹ സ്ഥാപിച്ച പോര്‍ട്ട് കൊല്ലം ശുദ്ധീകരണമാതാ ദേവാലയത്തില്‍ കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി കൊടിയേറ്റി ത്രിവര്‍ഷ ജൂബിലിയുടെ പ്രാരംഭ ദിവ്യബലി അര്‍പ്പിച്ചു.
ജൂബിലി വിളംബര പ്രഖ്യാപന ശേഷം ജൂബിലി ലോഗോ വികാരി ജനറാൾ മോണ്‍. ഡോ. ബൈജു ജൂലിയാന് ഏറ്റുവാങ്ങി. ഫാ. സേവ്യര്‍ ലാസര്‍ ലോഗോയുടെ അര്‍ഥം വിശദീകരിച്ചു.പോര്‍ട്ടു കൊല്ലം ഇടവക വികാരി ഫാ.മനോജ് ആന്റണി നന്ദി പറഞ്ഞു.