തൊടുപുഴ: ഓണത്തിന്റെ അവധി ദിനങ്ങള്‍ ആഘോഷമാക്കാന്‍ ഉല്ലാസയാത്രകളൊരുക്കി തൊടുപുഴ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍. ഇന്ന് രാവിലെ അഞ്ചിന് പുറപ്പെടുന്ന ഉല്ലാസയാത്ര മലരിക്കല്‍ ആമ്പല്‍ പാടം, സോഷ്യല്‍മീഡിയയില്‍ വൈറലായ വെളിയനാട്, സിനിമാ ലൊക്കേഷനുകള്‍ക്ക് പേരുകേട്ട പുളിങ്കുന്ന് പള്ളി, ആലപ്പുഴ ബീച്ച് എന്നിവ സന്ദര്‍ശിച്ച് രാത്രി എട്ടോടെ തിരികെയെത്തും. 540 രൂപയാണ് ചാര്‍ജ്. ആമ്പല്പാട പ്രവേശന ഫീസ്, ഭക്ഷണച്ചെലവ് എന്നിവ അധികം വരും.
നാളെ രാവിലെ അഞ്ചിന് പുറപ്പെടുന്നത് കൊല്ലം അഷ്ടമുടിക്കായലിലൂടെ അഞ്ച് മണിക്കൂര്‍ യാത്രയാണ്. ജെകെ റോയല്‍ എന്ന ആഡംബര ബോട്ടിലാണ് യാത്ര. ചാര്‍ജ് 1860 രൂപ. ഉച്ചഭക്ഷണം, ചായ, സ്നാക്സ് എന്നിവ ഉള്‍പ്പെടെയാണ് ചാര്‍ജ്. മണ്‍റോ തുരുത്ത്, സാമ്പ്രാണിക്കൊടി എന്നിവിടങ്ങളില്‍ ഇറങ്ങുന്നതിന് അധികതുക നല്‍കേണ്ടിവരും. മുട്ടൊപ്പം വെള്ളമുള്ളതിനാല്‍ ഇവിടെ ഇറങ്ങുന്നവര്‍ അതിനായി വസ്ത്രങ്ങളും കരുതണം. 29ന് രാവിലെ 4.30ന് ഉല്ലാസ യാത്രാ പാക്കേജില്‍ പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനവും ആറന്മുള വള്ളസദ്യയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പഞ്ചപാണ്ഡവര്‍ പ്രതിഷ്ഠിച്ച അഞ്ചു ക്ഷേത്രങ്ങളും കവിയൂര്‍ ഗുഹാ ക്ഷേത്രവും ഈ യാത്രയില്‍ സന്ദര്‍ശിക്കും. വള്ളസദ്യയുടെ ചാര്‍ജ് ഉള്‍പ്പെടെ 1040 രൂപയാണ് ചാര്‍ജ്.
അന്നു രാവിലെ ഏഴിന് മൂന്നാര്‍ ഗ്യാപ് റോഡ് യാത്രയും ഒരുക്കിയിട്ടുണ്ട്. മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് പ്രവേശന ഫീസ് ഉള്‍പ്പെടെ 580 രൂപയാണ് ചാര്‍ജ്. രാത്രി എട്ടിന് തിരികെയെത്തും. ഫോണ്‍: 83048 89896, 9744910383.