വാഷിംഗ്ടൺ: അമേരിക്കയിൽ ഈ ആഴ്ച മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിലായി അപൂർവമായ ‘ട്രിപ്പിൾ വധശിക്ഷ’ നടപ്പിലാക്കാൻ ഒരുങ്ങുന്നു. നവംബർ അഞ്ചിനാണ് ഈ വധശിക്ഷകൾ തീരുമാനിച്ചിരിക്കുന്നത്. ഒരേ ദിവസം മൂന്ന് വധശിക്ഷകൾ നടക്കുന്നത് അമേരിക്കയിൽ അപൂർവങ്ങളിൽ അപൂർവമാണ്.
ഇൻഡ്യാനയിൽ കാമുകിയുടെ രണ്ട് കുട്ടികളെ (8 വയസുള്ള അലീസ, 5 വയസുള്ള കാലെബ്) 2010ൽ ജീവനോടെ തീവച്ചു കൊന്ന കേസിൽ ജെഫ്രി വെയ്ഷീറ്റിന്റെയും, അലബാമയിൽ 1991ൽ പ്രായമായ ദമ്പതികളെ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയ കേസിൽ മൈക്കൽ ഷാനൻ ടെയ്ലറുടെയും, ഫ്ലോറിഡയിൽ തനിക്ക് അഭയവും സഹായവും നൽകിയ 75 വയസുകാരിയായ ജാക്കി മലോണിനെ 2004ൽ കുത്തിയും അടിച്ചും കൊലപ്പെടുത്തിയ കേസിൽ ജെസ്സെ ഗാർഡാഡോയുടെയും വധശിക്ഷയാണ് നവംബർ അഞ്ചിന് നടപ്പാക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 13ന് അലബാമ, ടെനിസി, ഓക്ലഹോമ എന്നീ സംസ്ഥാനങ്ങളിൽ ഒരേ ദിവസം വധശിക്ഷ നടപ്പിലാക്കിയതിന് ശേഷമാണ് ആദ്യമായി ഇത്തരത്തിലുള്ള ട്രിപ്പിൾ വധശിക്ഷ നടക്കുന്നത്. 2025ന്റെ തുടക്കം മുതൽ അമേരിക്കയിൽ വധശിക്ഷകളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഈ കാലയളവിൽ 11 സംസ്ഥാനങ്ങളിലായി 79 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.
വധശിക്ഷാ രീതികളെയും ഉപയോഗിക്കുന്ന മരുന്നുകളുടെ സുരക്ഷയെയും ചോദ്യം ചെയ്ത് പ്രതികളുടെ അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും അവസാന നിമിഷവും നിയമപോരാട്ടങ്ങൾ തുടരുന്നുണ്ടെങ്കിലും ശിക്ഷ നടപ്പിലാക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.