ഗ്വാഡലഹാര: കൊറിയന്‍ ഡ്രാമകള്‍ ഇഷ്ടപ്പെടുന്ന മലയാളികള്‍ക്ക്, കാല്‍പ്പന്തിന്റെ ലോകവേദിയിലൊരു ട്വിസ്റ്റ് ആന്‍ഡ് ടേണ്‍ പോരാട്ടം.
ഫിഫ 2026 ലോകകപ്പ് ഗ്രൂപ്പ് എയില്‍ മെക്സിക്കോയിലെ ഗ്വാഡലഹാരയില്‍ അരങ്ങേറിയ മത്സരത്തില്‍ ഒരു ഗോളിനു പിന്നിലായശേഷം ദക്ഷിണകൊറിയ ചെക് റിപ്പബ്ലിക്കിനെ തോല്‍പ്പിച്ചു. ഉദ്ഘാടന മത്സരത്തില്‍ മെക്സിക്കോ ജയം നേടിയതിനുശേഷം കളത്തിലെത്തിയ ദക്ഷിണകൊറിയയും മൂന്നു പോയിന്റുമായി മൈതാനംവിട്ടു.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 59-ാം മിനിറ്റില്‍ ലാഡിസ്ലാവ് ക്രെജിച്ചിലൂടെ ലീഡ് നേടി. ഏഴ് മിനിറ്റ് മാത്രമേ ദക്ഷിണകൊറിയക്കാര്‍ പിന്നില്നിന്നുള്ളൂ. 67-ാം മിനിറ്റില്‍ ഹ്വാങ് ഇന്‍ ബ്യൂമിലൂടെ കൊറിയന്‍ ഡ്രാമയുടെ തുടക്കം. ലീ കാങ് ആയിരുന്നു മികച്ചൊരു അസിസ്റ്റ് നടത്തിയത്.
പനിക്കിടക്കയില്നിന്നെത്തി
മത്സരത്തിന്റെ തലേന്ന് പനിയെത്തുടര്‍ന്ന് വിഷമത അനുഭവിച്ച ഹ്യോണ്‍ ഗ്യു ഓയുടെ വകയായിരുന്നു ദക്ഷിണകൊറിയയുടെ ജയം കുറിച്ച ഗോള്‍. സമനില ഗോള്‍ നേടിയതിനു പിന്നാലെയാണ് ഹ്യോണ്‍ ഗ്യൂ ഓയെ കോച്ച് കളത്തില്‍ ഇറക്കിയത്, 69-ാം മിനിറ്റില്‍.
കളത്തിലെത്തിയ 11-ാം മിനിറ്റില്‍ ഹ്യോണ്‍ ഉജ്വല ഫിനിഷിംഗിലൂടെ കൊറിയക്കാരെ വിജയോല്ലാസത്തിലെത്തിച്ചു. 80-ാം മിനിറ്റില്‍ ഹ്വാങ് ഇന്‍ ബ്യൂമിന്റെ അസിസ്റ്റ് സ്വീകരിച്ച്, ക്ലോസ് റേഞ്ചില്‍വച്ച് ഇടംകാല്‍കൊണ്ട് ഹ്യോണ്‍ ഗ്യൂ ഓ തൊടുത്ത ഷോട്ട് വലയുടെ ഇടത് മൂലയില്‍ വിശ്രമിച്ചു. ആ ഗോള്‍ മത്സരത്തിന്റെ ഉത്തരം ദക്ഷിണകൊറിയ എന്നാക്കി.
“മത്സരം കളിക്കാന്‍ സാധിക്കുമെന്നു കരുതിയതല്ല. പനിയുടെ അസുഖമായിരുന്നു. എന്നാല്‍, ടീമിലെ സ്റ്റാഫ് വളരെ ഭംഗിയായി എന്നെ ശുശ്രൂഷിച്ചു. പകരക്കാരുടെ ബെഞ്ചില്‍നിന്ന് കളത്തിലെത്തി ടീമിനെ ജയത്തിലെത്തിക്കാന്‍ സാധിച്ചതില്‍ സന്തുഷ്ടനാണ്”- മത്സരശേഷം ഹ്യോണ്‍ ഗ്യു ഓ വെളിപ്പെടുത്തി.