ഇടുക്കി: അടിമാലി ഒഴുവത്തടത്ത് രാസപദാർത്ഥം ഉള്ളിൽച്ചെന്ന് ഒരു വയസുള്ള ഇരട്ടക്കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. വലിയകാട്ടിൽ അഫ്സൽ – സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാൻ, റിഹാൻ എന്നിവരാണ് മരിച്ചത്.
കുഞ്ഞുങ്ങളുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് പിതാവ് അഫ്സൽ തന്നെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഒരു കുഞ്ഞ് അടിമാലി താലൂക്ക് ആശുപത്രിയിലും രണ്ടാമത്തെ കുഞ്ഞ് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരണപ്പെട്ടത്.
പ്രാഥമിക പരിശോധനയിൽ വിഷാംശമോ രാസപദാർത്ഥമോ ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് സംശയിക്കുന്നു. ദമ്പതികൾ തമ്മിൽ കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായി സംശയമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ പൊലിസ് മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കുഞ്ഞുങ്ങൾക്ക് എങ്ങനെയാണ് രാസപദാർത്ഥം ഉള്ളിൽ ചെന്നതെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂ.