Kerala
കായംകുളം: തനിക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ അധിക്ഷേപകരവും സ്ത്രീവിരുദ്ധവുമായ പരാമർശത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് കായംകുളം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ. വാർത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞായിരുന്നു യു. പ്രതിഭയുടെ പ്രതികരണം.
ഒരു സ്ത്രീയോടും പറയാൻ പാടില്ലാത്തതാണ് ലീഗ് നേതാവ് പറഞ്ഞതെന്ന് പ്രതിഭ പറഞ്ഞു. ആ വാക്കുകൾ ഞെട്ടൽ ഉണ്ടാക്കി. തൻ്റെ ശരീരഭാഷ പോലും മോശമാക്കിയാണ് പറഞ്ഞത്. ഡിസിസി പ്രസിഡന്റ് അടക്കം അത് കേട്ടിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പോലും സ്ത്രീകളോട് ഇത്തരത്തിലാണ് സമീപനം.
സ്ത്രീകളെ മൊത്തത്തിൽ അപമാനിക്കുന്ന പരാമർശമാണ് യുഡിഎഫ് നേതാവിൻ്റെ ഭാഗത്ത് നിന്നുണ്ടായത്. ഒരു സ്ത്രീയുടെ ശരീരമോ മുഖമോ അല്ല തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത്. പോലീസിനും ജില്ലാ കളക്ടർക്കും ഇലക്ഷൻ കമ്മീഷനും പരാതി നൽകുമെന്നും പ്രതിഭ പറഞ്ഞു. പരാമർശം വലിയ വേദനയുണ്ടാക്കിയതായും കുറ്റം ചെയ്തിട്ട് ഖേദം പ്രകടിപ്പിച്ചാൽ അംഗീകരിക്കില്ലെന്നും പ്രതിഭ കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയ്ക്കെതിരെ കായംകുളത്തെ യുഡിഎഫ് കണ്‍വീനര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് പേരാവൂരിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജ. യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും സ്ത്രീ വിരുദ്ധതയുടെ പുതിയ ഉദാഹരണമാണ് ഈ പരാമര്‍ശമെന്നാണ് ശൈലജ ഫേസ്ബുക്കിൽ കുറിച്ചത്.
രാഷ്ട്രീയമായ വിയോജിപ്പുകളെ സ്ത്രീകള്‍ക്കെതിരെയാവുമ്പോള്‍ അങ്ങേയറ്റം നീചമായ ഭാഷയിലാണ് യുഡിഎഫുകാര്‍ പ്രചരിപ്പിക്കുന്നത് എന്നത് വടകരയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വ്യക്തിപരമായിക്കൂടെ അനുഭവിച്ച കാര്യമാണ്. അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയോ കഴിഞ്ഞ കാലങ്ങളില്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെയോ കുറിച്ച് എതിര്‍പ്പ് ഉന്നയിക്കാനില്ലാത്തതിനാലാണ് വ്യക്തിപരമായ അക്രമിച്ച് ആത്മവീര്യം തകര്‍ക്കാന്‍ യുഡിഎഫ് ശ്രമം നടത്തുന്നതെന്നും ശൈലജ കുറിച്ചു.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ ‘അവള്‍ക്കൊപ്പ’മെന്ന നിലപാടെടുക്കുന്ന പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാക്കളും സ്വന്തം സഹപ്രവര്‍ത്തകരില്‍ നിന്നുണ്ടാവുന്ന ഇത്തരം രീതികളോട് നേര്‍വിപരീത സമീപനമാണ് സ്വീകരിക്കുന്നതെന്നത് സമീപകാല കേരളത്തിന്റെ അനുഭവമാണ്. കായംകുളത്ത് യുഡിഎഫ് നേതാവിന്റെ പ്രസംഗം സ്ത്രീകളെ വ്യക്തിത്വമുള്ള മനുഷ്യരായിക്കാണാന്‍ സാധിക്കാത്ത യുഡിഎഫിന്റെ ജീര്‍ണമായ രാഷ്ട്രീയ സംസ്കാരത്തിന്റെ തെളിവാണെന്നും ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.
നാടിന്റെ വികസനത്തെയും ജനങ്ങളുടെ പ്രശ്നങ്ങളെയും അഭിസംബോധന ചെയ്യാതെ വ്യക്തിപരമായ ആക്രമണങ്ങളിലൂടെ വോട്ട് നേടി വിജയിക്കാമെന്നാണ് യുഡിഎഫ് കരുതുന്നതെങ്കില്‍ ആത്മാഭിമാന ബോധമുള്ള കേരളത്തിലെ സ്ത്രീ സമൂഹം അതിന് മറുപടി നല്‍കും. യുഡിഎഫിന്റെ സ്ത്രീപക്ഷ നിലപാടിലെ കാപട്യം തിരിച്ചറിഞ്ഞ് കേരളീയ ജനത പ്രതികരിക്കുമെന്നും ശൈലജ കൂട്ടിച്ചേർത്തു.
വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ വാക് ചാതുര്യം കൊണ്ടും ശരീര അഴക് കൊണ്ടും വീണ്ടും തെരഞ്ഞെടുപ്പിലേയ്ക്ക് വരികയാണ് പ്രതിഭയെന്നാണ് യുഡിഎഫ് മണ്ഡലം കൺവീനറും ലീഗ് നേതാവുമായ ഇർഷാദ് ചക്കാലശേരി നടത്തിയ വിവാദ പരാമർശം.
Kerala
ആലപ്പുഴ: തനിക്കെതിരായ സ്ത്രീ വിരുദ്ധ പരമാർശത്തിൽ നിയമനടപടിക്കൊരുങ്ങി കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ. കഴിഞ്ഞ പത്ത് വർഷമായി മണ്ഡലത്തിൽ യാതൊരുവിധ വികസനപ്രവർത്തനങ്ങളും നടത്തിയിട്ടില്ലാത്ത യു. പ്രതിഭ വാക്ചാതുരിയും ശരീര സൗന്ദര്യവും പ്രകടപിപ്പിച്ചാണ് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതെന്ന തികച്ചും സ്ത്രീ വിരുദ്ധമായ പ്രസ്താവനയാണ് കായംകുളം യുഡിഎഫ് കൺവീനർ എ.ഇർഷാദ് നടത്തിയത്. ഇതിനെതിരെയാണ് യു. പ്രതിഭ നിയമനടപടിയ്ക്കൊരുങ്ങുന്നത്. തുടർച്ചയായ മൂന്നാം തവണയാണ് യു.പ്രതിഭ കായംകുളം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. എം. ലിജുവാണ് യുഡിഎഫ് സ്ഥാനാർഥി.
Kerala
ആലപ്പുഴ: കായംകുളത്ത് എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയ്ക്ക് എതിരെ സ്ത്രീ വിരുദ്ധ പരമാർശവുമായി മുസ്ലിം ലീഗ് നേതാവും കായംകുളം യുഡിഎഫ് കൺവീനറുമായ എ. ഇർഷാദ്. കഴിഞ്ഞ പത്ത് വർഷമായി കായംകുളം മണ്ഡലത്തിൽ പ്രത്യേകിച്ച് യാതൊരു വികസനപ്രവർത്തനവും നടത്തിയിട്ടില്ലാത്ത യു. പ്രതിഭ വാക്ചാതുരി കൊണ്ടും ശരീര അഴകും കൊണ്ടാണ് വോട്ട് നേടി അധികാരത്തിൽ വരുന്നതെന്നായിരുന്നു യുഡിഎഫ് നേതാവിന്റെ അധിക്ഷേപ പരമാർശം. കായംകുളത്ത് ഇന്നലെ ചേർന്ന യുഡിഎഫ് കൺവെൻഷനിലായിരുന്നു പരമാർശം. യു. പ്രതിഭയുടെ മകന്റെ കഞ്ചാവ് കേസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉയർത്തിയായിരുന്നു എ. ഇർഷാദിന്റെ പ്രസംഗം.