വിഴിഞ്ഞം : കടലിൽനിന്ന് കിട്ടിയ അജ്ഞാത മൃതദേഹം ആരുടേ തെന്നു കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് വിഴിഞ്ഞം തീരദേശ പോലീസ്.
തിരയിലൂടെ ഒഴുകി നടന്ന യുവതിയുടെ മൃതദേഹം തേടി ബന്ധുക്കൾ എത്തുമെന്ന പോലീസിന്റെ കാത്തിരിപ്പ് അഞ്ചുനാൾ പിന്നിടുന്നു. ഇവർ എവിടെനിന്നു വന്നു, എങ്ങനെ കടലിൽ അകപ്പെട്ടു എന്നുള്ള കാര്യങ്ങൾ ഇപ്പോഴും അജ്ഞാതമായി തുടരുന്നതു പോലിസിനു തലവേദനയായി.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടത്തണമെങ്കിലും ബന്ധുക്കളുടെ സാന്നിധ്യം വേണം. കൂടാതെ നിശ്ചിതദിവസത്തിൽ കൂടുതൽ മോർച്ചറിയിൽ സൂക്ഷിക്കാനുമാകില്ല. ഇതു കണക്കിലെടുത്ത് അജ്ഞാതയ്ക്ക് അവകാശികളെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് പോലീസ്.
റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റുകൾ ഉൾപ്പെടെ ജനങ്ങൾ കൂടുന്ന എല്ലായിടത്തും ചിത്രവും വിവരണങ്ങളും അടങ്ങുന്ന പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. റിപ്പോർട്ട് ചെയ്യുന്ന മിസിംഗ് കേസുകൾ അന്വേഷിച്ചു കേരളത്തിലെയും തമിഴ്നാട്ടിലെയും പോലീസ് സ്റ്റേഷനുകളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും സന്ദേശമയച്ചു. എന്നിട്ടും നാളിതുവരെ ഒരു പ്രതികരണവും കിട്ടിയില്ല. കോവളം മുതൽ പൂവാർ വരെയുള്ള സിസി ടിവി കാമറകൾ പരിശോധിച്ചതിനുപരി ഓട്ടോ സ്റ്റാന്റുകളിലും കാർ സ്റ്റാന്റുകളിലും യുവതിയുടെ ചിത്രം കാണിച്ച് തിരിച്ചറിയാനുള്ള ശ്രമവും അധികൃതർ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഴിഞ്ഞം ബൊള്ളാർഡ് ഭാഗത്തെകടലിൽനിന്നു യുവതിയുടെ മൃതദേഹം കണ്ടെ ത്തിയത്. അധികം പഴക്കമില്ലാത്തതിനാൽ ബന്ധുക്കളെത്തി എളുപ്പം തിരിച്ചറിയുമെന്ന പോലീസിന്റെ കണക്കുകൂട്ടലുകളും തെറ്റി. ഏകദേശം 35 വയസ് തോന്നിക്കുന്ന യു വതിക്ക് പിങ്ക് നിറത്തിലുള്ള സാരിയും ബ്ലൗസുമാണ് വേഷം.