എരുമപ്പെട്ടി: വെള്ളറക്കാട് -തിപ്പലശേരി റോഡിന്റെ പുനർനിർമാണം നടത്താൻ തയാറാകാത്ത കടങ്ങോട് പഞ്ചായത്ത് ഭരണസമിതിക്കും എ.സി. മൊയ്തീൻ എംഎൽഎയ്ക്കുമെതിരെ യുവാക്കളുടെ വേറിട്ട പ്രതിഷേധം. തകർന്നു കിടക്കുന്ന റോഡിലൂടെ ഓഫ് റോഡ് ബൈക്ക് റേസ് നടത്തിയാണ് വെള്ളറക്കാട് വാസ്ക് വിഎഫ്എ ക്ലബ് അംഗങ്ങൾ പ്രതിഷേധം നടത്തിയത്. കടങ്ങോട് പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നാണ് വെള്ളറക്കാട് -തിപ്പലശേരി റോഡ്.
കുന്നംകുളം-വടക്കാഞ്ചേരി സംസ്ഥാനപാതയെയും അക്കിക്കാവ് എരുമപ്പെട്ടി -ബൈപ്പാസ് റോഡിനെയും ബന്ധിപ്പിക്കുന്ന ഈറോഡ് നാലു കിലോമീറ്ററിൽ അധികം ദൂരമാണ് തകർന്ന് കുണ്ടും കുഴിയും നിറഞ്ഞ് യാത്രയോഗ്യമല്ലാതായി കിടക്കുന്നത്. മഴപെയ്തതോടെ ചെളിക്കുണ്ടായി മാറിയ റോഡിലൂടെ കാൽനടയാത്രയ്ക്ക് പോലും കഴിയാത്ത സാഹചര്യമാണ്. റോഡിലെ വലിയ കുഴികളിൽ ചാടി മറിഞ്ഞുവീണ് ബൈക്ക് യാത്രക്കാർക്ക് പരിക്കുപറ്റുന്നതും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവായി മാറിയിരിക്കുകയാണ്.
നാലരക്കോടി രൂപ റോഡിന്റെ പുനർനിർമാണത്തിന് അനുവദിച്ചിട്ടുണ്ടെന്ന് അറിയിച്ച് കഴിഞ്ഞ പഞ്ചായത്ത് - നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മൂന്ന് തവണ റോഡിന്റെ നിർമാണ ഉദ്ഘാടനം നടത്തി പഞ്ചായത്ത് ഭരണസമിതിയും എംഎൽഎയും ജനങ്ങളെ കബളിപ്പിച്ചുവെന്നും പ്രദേശവാസികൾ പറയുന്നു.
അമ്പതോളം ബൈക്കുകൾ അണിനിരന്ന ഓഫ്റോഡ് ബൈക്ക് റേസ് പ്രതിഷേധത്തിൽ നൂറിലധികം യുവാക്കൾ പങ്കെടുത്തു. ക്ലബ് രക്ഷാധികാരി പി.യു. പ്രകാശൻ ബൈക്ക് റേസ് ഫ്ലാഗ് ഓഫ് ചെയ്തു. രക്ഷാധികാരി പി.കെ നൗഷാദ്, പ്രസിഡന്റ് സി.എം. നിഷാദ്, സെക്രട്ടറി സി.എ. സമദ്, അഫീഫ്, ലിബിൻ കെ.മോഹൻ, സി.എച്ച്. ഷംസീർ, സി.എസ്. ശ്രീരാഗ് എന്നിവർ നേതൃത്വം നൽകി.